വ്യാജ ഷെങ്കന്‍ വീസ: ഏഴ് മലയാളികളെ സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നും തിരിച്ചയച്ചു, ട്രാവൽ ഏജന്റ് തൃശൂരിൽ കസ്റ്റഡിയിൽ
Mail This Article
സൂറിക്∙ യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലേക്കുള്ള വ്യാജ ഷെങ്കൻ വീസയുമായെത്തിയ ഏഴ് മലയാളികളെ സ്വീസ് ഇമ്മിഗ്രെഷൻ അധികൃതർ ഡിപോർട്ട് ചെയ്‌തു. സൂറിക് വിമാനത്താവള ഇമിഗ്രെഷൻ അധികൃതർ നൽകിയ വിവരത്തെ തുടർന്ന്, ഇവർക്ക് വ്യജ വീസ നൽകിയ കുറ്റത്തിന്, തൃശൂർ താഴെക്കാട് സ്വദേശി എബിൻ ജോർജ് അഭിലാഷ് രാജിനെ(38) കൊടകര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സൂറിക്കിന് പുറമെ മാൾട്ടയ്‌ക്കുള്ള വ്യാജ വീസയുമായെത്തിയ രണ്ട് മലയാളികളെ ദോഹ വിമാനത്താവളത്തിൽ നിന്ന് ഡിപ്പോർട്ട് ചെയ്‌തതും കഴിഞ്ഞ ദിവസമാണ്. പേരാമ്പ്രയിൽ അഭിലാഷ് ട്രാവൽസ് നടത്തുന്ന എബിൻ ജോർജ് അഭിലാഷ് രാജ്, വ്യാജ വീസ ഇടപാടിൽ 32 പേരിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സുനോജിനാണ് കേസന്വേഷണ ചുമതല.
സൂറിക് എയർപോർട്ടിൽ അടുത്തടുത്ത ദിവസങ്ങളിൽ 22 - 47 പ്രായപരിധിയിലുള്ള ഏഴ് മലയാളി പുരുഷൻമാരാണ് കുടുങ്ങിയത്. വ്യാജ ഷെങ്കൻ വീസയുമായി സൂറിക് ട്രാൻസിറ്റ് വഴി മാൾട്ടയിൽ എത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാസ്‌പോർട്ട് ഒറിജിനലായിരുന്നെങ്കിലും, ഷെങ്കന്‍ വീസ വ്യാജമായിരുന്നു. തുടർന്നാണ് ദോഹയിലും, തൃശൂരിലും അധികൃതർ നടപടിയെടുത്തത്.