ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ ശമ്പള സംരക്ഷണ സംവിധാനം മേയ് ഒന്നു മുതൽ
Mail This Article
മനാമ∙ ബഹ്‌റൈനിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പള ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശമ്പള സംരക്ഷണ സംവിധാനത്തിൻറെ ഒന്നാംഘട്ടം മേയ് ഒന്നിന് ആരംഭിക്കും.
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) യാണ് പദ്ധതി ആവിഷ്കരിച്ചത്. ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴി കൃത്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. 500ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സെൻട്രൽ ബാങ്കിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ബാങ്കുകൾ വഴി നിശ്ചിത തീയതിക്കകം ജീവനക്കാർക്ക് ശമ്പളം എത്തിച്ചിരിക്കണം എന്നാണ് നിർദേശം.
50 മുതൽ 499 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള രണ്ടാംഘട്ടം സെപ്റ്റംബർ ഒന്നിനും ഒന്നു മുതൽ 49വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള മൂന്നാംഘട്ടം 2022 ജനുവരി ഒന്നിനും ആരംഭിക്കും.
സ്വകാര്യമേഖലയിലെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്നത് കൂടി കണക്കിലെടുത്താണ് പദ്ധതിയെന്ന് അതോറിറ്റി സിഇഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവി പറഞ്ഞു. ശമ്പള സംരക്ഷണ നിയമം അനുസരിച്ച് തൊഴിലുടമകൾ തൊഴിലാളികളുടെ ശമ്പളം കൃത്യമായി നൽകാൻ ബാധ്യസ്ഥരാണ്.
അത് സുതാര്യവും കൃത്യതയോടെയും നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.