നേട്ടങ്ങളുടെ ശോഭയിൽ ദീവ

Mail This Article
ദുബായ്∙ 50 വർഷം പിന്നിട്ട ദീവയ്ക്ക് (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) 20,000 കോടി ദിർഹത്തിന്റെ ആസ്തി നേടാനും 8600 കോടി ദിർഹത്തിന്റെ നിക്ഷേപങ്ങൾ നടത്താനും സാധിച്ചതായി അധികൃതർ. 13200 മെഗാവാട്ട് വൈദ്യുതിയും 490 എംഐജിഡി (മില്ല്യൺ ഇംപീരിയൽ ഗാലൺസ് പെർ ഡേ) ജലവും ഉൽപാദിപ്പിക്കാൻ ദീവയ്ക്കു ശേഷിയുണ്ട്.
പൂർണമായും സംശുദ്ധ വൈദ്യുതോൽപാദനം എന്ന ലക്ഷ്യം 2050ൽ നേടാനാകുമെന്നും ദീവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ അറിയിച്ചു. പലകാര്യത്തിലും രാജ്യാന്തര നിലാവരത്തിനൊപ്പമോ അതിനു മുകളിലോ നേടാനായി. വൈദ്യുതോൽപാദന കേന്ദ്രങ്ങളിൽ ഇന്ധനക്ഷമത 90% നേടി. ഉൽപാദനക്ഷമത നാലുവർഷം കൊണ്ട് 33.41% വർധിപ്പിച്ചു.
ഊർജ പ്ലാന്റുകളെ വിശ്വസിച്ച് ആശ്രയിക്കാവുന്നതിന്റെ തോതും രാജ്യാന്തര നിലവാരത്തിലായി. രണ്ടുവർഷങ്ങളിൽ ഇതിന്റെ തോത് യഥാക്രമം 99.66%, 99.98 % ആയിരുന്നു. പ്രസരണ നഷ്ടത്തിന്റെ കാര്യത്തിലും യുഎസ്, യൂറോപ്യൻ കമ്പനികളെ കടത്തിവെട്ടി. അവരുടെ നിരക്ക് 6 മുതൽ 7% വരെയാണ്.
എന്നാൽ ദീവയുടേത് വെറും 3.3% ആണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ജലവിതരണ നഷ്ടം യുഎസിൽ 15% ആണ്. ദീവയിൽ 5.1% മാത്രമാണ്. വൈദ്യുതി തടസ്സം പുനഃസ്ഥാപിക്കാനുള്ള സമയം യൂറോപ്യൻ യൂണിയനിൽ 15 മിനിറ്റാണ്. എന്നാൽ ദീവയിൽ 1.66 മിനിറ്റ് മതി.
അൽ മക്തൂം സോളർ പാർക്ക്
ഐപിപി (ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ) മാതൃകയുള്ള ലോകത്തെ ഏറ്റവും വലിയ സോളർ വൈദ്യുത കേന്ദ്രമാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക്. 1013 മെഗാവാട്ട് ഉൽപാദന ശേഷിയുണ്ട്. 1850 മെഗാവാട്ട് ശേഷി കൂടി നേടാനുള്ള നിർമാണം പുരോഗമിക്കുന്നു. 2030ൽ 5000 മെഗാവാട്ട് ശേഷി നേടും.
നാലാം ഘട്ടത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകളും നേടും. ലോകത്തെ ഏറ്റവും വലിയ സോളർ ടവർ (262.44 മീറ്റർ), ലോകത്തെ ഏറ്റവും വലിയ കോൺസൻട്രേറ്റഡ് സോളർ പവർ (700മെഗാവാട്ട്) എന്നിവയാണവ. ലോകത്തെ ആദ്യ ത്രീഡി പ്രിന്റഡ് ലബോറട്ടറി എന്ന റെക്കോർഡും ദീവ നേടി. റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിലെ റോബട്ടിക്സ് ആൻഡ് ഡ്രോൺ ലബോറട്ടറിക്കാണ് ഈ നേട്ടം.
ഉപഗ്രഹ സംവിധാനം
ദീവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ഉപഗ്രഹസംവിധാനങ്ങൾ പ്രയോജനപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. സോളർ ഫോട്ടോ വോൾട്ടിക് പാനലിന്റെ പ്രവർത്തനങ്ങളും ഉപഗ്രഹം ഉപയോഗിച്ച് നിരീക്ഷിക്കും.
വിതരണ രംഗം കാര്യക്ഷമമാക്കാൻ നിർമിത ബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിങ്സും ഉപയോഗിക്കും. മധ്യപൂർവദേശം വടക്കൻ ആഫ്രിക്ക എന്നീ മേഖലകളിൽ ഇതാദ്യമായി ദീവയാണ് ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രഖ്യാപിച്ചത്. സോളർ പാർക്കിൽ സൗരോർജം ഉപയോഗിച്ച് ഹൈഡ്രജൻ നിർമിക്കുന്ന പദ്ധതിയാണിത്. പരീക്ഷണ പദ്ധതി ഇതിനകം ദുബായ് എക്സ്പോ, സീമൻസ് എന്നിവയുമായി ചേർന്ന് ആരംഭിച്ചു.
അറേബ്യൻ ഗൾഫ് മേഖലയിൽ ഇതാദ്യമായി ഹത്തയിൽ ജലവൈദ്യുത പദ്ധതിയും ആരംഭിച്ചു. 250 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക. 1500 മെഗാവാട്ട് മണിക്കൂർ സംഭരണശേഷിയും 80 വർഷ കാലാവധിയും ഇതിനുണ്ട്. ഇവിടെ 5.1 കി.മീ ദൂരത്തിൽ കേബിൾ കാറും സ്ഥാപിക്കും.
റെക്കോർഡിട്ട ്ജലശുദ്ധീകരണ ശാല
ജബൽഅലി ജലശുദ്ധീകരണ ശാലയും വൈദ്യുതോത്പാദന പ്ലാന്റും ഇതിനകം ശ്രദ്ധനേടി. ലോകത്തെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് ഗ്യാസ് പവർ ജനറേഷൻ സൗകര്യം എന്ന ഗിന്നസ് റെക്കോർഡുമിട്ടു. ഏറ്റവും വലിയ കടൽജല ശുദ്ധീകരണ പ്ലാന്റും ഇതാണ്. പ്രകൃതിവാതകം കൊണ്ടു പ്രവർത്തിക്കുന്ന ഒറ്റ പ്ലാന്റിൽ നിന്ന് 9547 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം.
2.135 ദശലക്ഷം ക്യുബിക് മീറ്റർ കടൽ ജലം പ്രതിദിനം ശുദ്ധീകരിക്കാനും ശേഷിയുണ്ട്. 2015നു ശേഷം മാത്രം 348 അവാർഡുകൾ ദീവ നേടി. 233 എണ്ണവും രാജ്യാന്തരമാണ്. സോളർ പാനലുകൾ വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളിൽ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഷംസ് ദുബായ് പദ്ധതിയിലൂടെ 6880 ഫോട്ടോ വോൾട്ടിക് പാനലുകൾ സ്ഥാപിക്കാനായി. സ്മാർട് ഗ്രിഡ് പദ്ധതിയുടെ ഭാഗമായി ദുബായിൽ 40 ലക്ഷം വൈദ്യുതി-ജല മീറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
ഉപയോക്താവിന് എവിടിരുന്നും ഏതു സമയത്തും ജല-വൈദ്യുത ഉപയോഗം മനസ്സിലാക്കാവുന്ന സംവിധാനമാണിത്. ഇതിനു പുറമേ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ദുബായിൽ ആകെ 320 ചാർജിങ് സ്റ്റേഷനുകളും ഒരുക്കി. ഇതിൽ 19 എണ്ണം എക്സ്പോ ഗ്രാമത്തിലാണ്.
വൈദ്യുതി, സംശുദ്ധ സ്രോതസ്സുകളിൽ നിന്ന്
2020ൽ ദുബായിലെ വൈദ്യുതിയുടെ 7% സംശുദ്ധ സ്രോതസ്സുകളിൽ നിന്നാകണം എന്ന ലക്ഷ്യം വളരെ മുൻപേ നേടാനായി. 10 % വൈദ്യുതി ഈ രീതിയിലുള്ളതാണ്. കാർബൺ വമനം 2021ൽ 16% കുറയ്ക്കണമെന്നായിരുന്ന ലക്ഷ്യം. എന്നാൽ രണ്ടു വർഷം മുൻപ് 2019ൽ 22% കുറയ്ക്കാനായെന്നും ചൂണ്ടിക്കാട്ടി. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണമായും 2030 ൽ നേടാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു
പാഴായില്ല വൈദ്യുതിയും വെള്ളവും
ദീവയുടെ വിവിധ പദ്ധതികളുടെയും ബോധവൽക്കരണ പരിപാടികളുടെയും ഭാഗമായി 2011 മുതൽ 2020 വരെ 2.44 ടെറാവാട്ട് വൈദ്യുതിയും 670 കോടി ഗ്യാലൻ ജലവും പാഴാക്കാതെ സംരക്ഷിക്കാനായി. ഇതുവഴി 135 കോടി ദിർഹം ലാഭിക്കാൻ സാധിച്ചു. കൂടാതെ 1.22 ദശലക്ഷം കാർബൺ വമനവും തടയാനായതായി അധികൃതർ വ്യക്തമാക്കി.