ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ വൈദ്യുതി തടസ്സം; പഠനം അനിശ്ചിത കാലത്തേക്ക് ഓൺലൈൻ ക്ലാസിലാക്കി തലയൂരാൻ അധികൃതരുടെ ശ്രമം
![saudi-school രക്ഷിതാക്കളുടെ ഗ്രൂപ്പ് Credit:Social Media](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/9/6/saudi-school.jpg?w=1120&h=583)
Mail This Article
ജിദ്ദ∙ മധ്യവേനലവധിക്കു ശേഷം പഠനം തുടങ്ങിയ ആദ്യ ദിവസം തന്നെ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ വൈദ്യുതി തടസ്സം ഉണ്ടായതിനെ തുടർന്ന് ഗേൾസ് വിഭാഗം സ്‌കൂൾ അനിശ്ചിത കാലത്തേക്ക് ഓൺലൈൻ ക്ലാസിലേക്ക് മാറ്റിയതിനെക്കുറിച്ച് രക്ഷിതാക്കളുടെ വാട്‌സാപ്പ് കൂട്ടായ്മ പ്രതിനിധികളുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തി.
രക്ഷിതാക്കളുടെ വാട്സ് ഗ്രൂപ്പിൽ അഞ്ഞൂറിലേറെപ്പേരാണുള്ളത്. അതിലൂടെ നടന്ന ചർച്ചകൾക്കും ആശയവിനിമയത്തിനും ശേഷമാണ് ഒരു കൂട്ടം രക്ഷിതാക്കൾ സ്വയം മുന്നിട്ടിറങ്ങിയത്. തങ്ങളുടെ ഭാഗത്തു നിന്നും ചെലുത്തിയ നിർബന്ധത്തെ തുടർന്നാണ് സ്‌കൂൾ അധികൃതർ ചർച്ചക്കു വഴങ്ങിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ഉന്നയിച്ച ഇരുപതോളം വിഷയങ്ങൾ വിശദമായ ചർച്ചയ്ക്കു വിധേയമാക്കി. ഉയർത്തിക്കാണിച്ച മിക്ക വിഷയങ്ങളിലും ഉന്നത സമിതിയുടെ അംഗീകാരം ലഭിക്കാത്തതാണ് തടസ്സമെന്ന മറുപടിയാണ് മാനേജ്മെന്റ് ഭാഗത്ത് നിന്നും ലഭിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
എയർ കണ്ടീഷണറടക്കം അടിയന്തര പ്രാധാന്യമുള്ള അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തീരിക്കുന്നതോടെ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് സ്‌കൂൾ ക്ലാസുകൾ മാറ്റുമെന്ന് അധികൃതർ ഉറപ്പു നൽകി.
പഠന നിലവാരം, സ്ഥിരം അധ്യാപക നിയമനം, അധ്യാപകരുടെ വേതനം ഉയർത്തൽ എന്നിവയും രക്ഷിതാക്കൾ ഉന്നയിച്ചു. രക്ഷിതാക്കളുടെ ഒരു സമിതി ഉണ്ടാക്കി അത് മുഖാന്തിരം സ്‌കൂൾ വിദ്യാർഥികൾ നേരിടുന്ന വിഷയങ്ങളിൽ നിശ്ചിത സമയങ്ങളിൽ ചർച്ച നടത്തുകയും സാധ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം വന്നത്
തത്വത്തിൽ അംഗീകരിച്ചതായും രക്ഷിതാക്കളുടെ പ്രതിനിധികൾ പറഞ്ഞു. മാസത്തിൽ ഒരിക്കലെങ്കിലും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുമായി മീറ്റിങ് നടത്താമെന്ന് ഉറപ്പു നൽകുകയും ചെയ്തതായി രക്ഷിതാക്കൾ അറിയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ്, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, അഡ്മിൻ മാനേജർ എന്നിവർ സ്‌കൂളിന്റെ ഭാഗത്തു നിന്നും ചർച്ചയിൽ പങ്കെടുത്തു. വനിതകൾ അടക്കം പതിനഞ്ചോളം പേരാണ് രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
English Summary: Power outage at Jeddah International Indian School