ADVERTISEMENT

ഷാർജ ∙ പ്രഖ്യാപിച്ചിരുന്നതിൽ നിന്ന് ഒരു ദിവസം വൈകിയാണെങ്കിലും ഷാർജ –ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസിൽ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് കൽബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കൽബയിൽ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ് തുടർന്ന് കൽബ ചെക് പോസ്റ്റിലാണ് നിർത്തിയത്. ഇവിടെ എമിഗ്രേഷൻ പരിശോധന കഴിഞ്ഞാൽ ശൗചാലയവും മറ്റും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഉച്ചഭക്ഷണവും യാത്രാ മധ്യേ ആയിരിക്കും. 8 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബസ് മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്തും. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കുന്നു. ഇന്നലെ (27)ന് ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.

sharjah-oman-bus-service-has-begun-operations-successfully
ചിത്രം: സിറാജ് വി.പി.കീഴ് മാടം

∙പണം ലാഭം; കാഴ്ചകൾ ആസ്വദിക്കാം
നേരത്തെ വിമാനത്തിലാണ് ഒമാനിലേയ്ക്ക് യാത്ര ചെയ്തിട്ടുള്ളതെങ്കിലും ബസ് യാത്ര അതിലേറെ ആസ്വാദ്യകരമാണെന്ന് യാത്രക്കാരിലൊരാളായ, ദുബായിൽ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി സുബിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. മിനി സ്ലീപ്പർ കുഷ്യൻ സീറ്റിൽ നല്ല റിലാക്സായി ഇരുന്ന് യാത്ര ചെയ്യാം. ടെലിവിഷൻ ഉണ്ടെങ്കിലും റൂട്ട് ഡിസ്പ്ലേ മാത്രമേയുള്ളൂ. ഒമാൻ അതിർത്തി പിന്നിടുമ്പോൾ വൈഫൈ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സുബിനെ കൂടാതെ, സഹപ്രവർത്തകരായ വിനീത് കരുനാഗപ്പള്ളി, രാജേഷ് രാജ് കായംകുളം എന്നിവരാണ് മലയാളി യാത്രക്കാർ.

സുബിൻ, സുജിത്, രാജേഷ് എന്നിവർ ബസിൽ നിന്നെടുത്ത സെൽഫി.
സുബിൻ, സുജിത്, രാജേഷ് എന്നിവർ ബസിൽ നിന്നെടുത്ത സെൽഫി.

∙ വൺവേ ടിക്കറ്റിന് 100 ദിർഹം; എമിഗ്രേഷനിൽ 30 ദിർഹം
യുഎഇയിൽ നിന്ന് ഒമാനിലേക്ക് വൺവേ വിമാന ടിക്കറ്റ് നിരക്ക് 300 ദിർഹമാണ്. ബസിനാണെങ്കിൽ 100 ദിർഹം മതി. കൽബ ചെക് പോസ്റ്റിലെ എമിഗ്രേഷനിൽ 30 ദിർഹം ഫീസ് അടയ്ക്കണം. (ചില ചെക് പോസ്റ്റുകളിൽ ഈ ഫീസ് ഈടാക്കുന്നുമില്ല).

sharjah-oman-bus-service-has-begun-operations-successfully
ചിത്രം: സിറാജ് വി.പി.കീഴ് മാടം

∙ ഒമാന്‍ ടൂറിസ്റ്റ് വീസ ലഭിക്കാൻ
യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്ന ഉയർന്ന ജോലിക്കാർക്ക് ഓൺ അറൈവൽ വീസ സൗജന്യമാണ്. 14 ദിവസത്തേയ്ക്കാണ് വീസ ലഭിക്കുക. അല്ലാത്തവർ ഓൺലൈനായി ഇ–വീസ എടുത്തിരിക്കണം. 10 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 500 ദിർഹവും 30 ദിവസത്തേയ്ക്ക് 850 ദിർഹവുമാണ് ടൂറിസ്റ്റ് കമ്പനികൾ ഈടാക്കുന്നത്.

sharjah-oman-bus-service-has-begun-operations-successfully
ചിത്രം: സിറാജ് വി.പി.കീഴ് മാടം

∙ ദുബായിൽ നിന്ന് ഒമാൻ വീസ ലഭിക്കുന്നതിന് :
കുറഞ്ഞത് 3 മാസത്തേയ്ക്കുള്ള സാധുവായ യുഎഇ റസിഡൻസ് വീസ
കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്പോർട്ട്
 അനുവദനീയമായ തൊഴിലുകളുടെ പട്ടികയിലുള്ള ഒരു ജോലി ഉണ്ടായിരിക്കുക
കുറഞ്ഞത് ആറ് മാസമെങ്കിലും യുഎഇയിൽ താമസക്കാരായിരിക്കുക.

sharjah-oman-bus-service-has-begun-operations-successfully
ചിത്രം: സിറാജ് വി.പി.കീഴ് മാടം

∙ പ്രതിദിനം 2 ബസ് സർവീസ്
മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേക്കും തിരിച്ചും പ്രതിദിനം രണ്ട് സര്‍വീസുകളാണുള്ളത്. അല്‍ ജുബൈലില്‍ നിന്ന് പുലര്‍ച്ചെ 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 2.30നും വൈകിട്ട് 4.00ന് പുറപ്പെടുന്ന ബസ് രാത്രി 11.50നും അസൈബ സ്‌റ്റേഷനില്‍ എത്തും. പുലര്‍ച്ചെ 6.30ന് അസൈബയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ച തിരിഞ്ഞ് 3.40നും വൈകിട്ട് 4.30ന് പുറപ്പെടുന്ന ബസ് അര്‍ധരാത്രി 1.10നും ഷാർജ അല്‍ ജുബൈല്‍ സ്‌റ്റേഷനില്‍ എത്തും.

മസ്‌കത്തിനും ഷാര്‍ജക്കും ഇടയില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ മുവാസലാത്തും ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.

sharjah-oman-bus-service-has-begun-operations-successfully
ചിത്രം: സിറാജ് വി.പി.കീഴ് മാടം

∙ ഓണ്‍ലൈൻ, വെബ് സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
യാത്രക്കാര്‍ക്ക് ഒമാന്‍ മുവാസലാത്ത് വെബ്‌സൈറ്റ് വഴിയോ ഇരു രാജ്യങ്ങളിലെയും ബസ് സ്‌റ്റേഷനുകളിലുള്ള സെയില്‍സ് ഔട്ലെറ്റുകള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

ഒമാനും യുഎഇക്കും ഇടയിൽ വിവിധ ബസ് സര്‍വീസുകള്‍ നിലവിലുണ്ട്.  മസ്‌കത്ത്-ഷാര്‍ജ ഡയറക്ട് സര്‍വീസ് ആരംഭിച്ചതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. പെരുന്നാളിനും മറ്റു അവധി ദിവസങ്ങളിലും യുഎഇയിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഒമാനിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും നാട് കാണാനും പോകാറുണ്ട്. സ്വന്തം വാഹനങ്ങളിലും വിമാനത്തിലുമാണ് മിക്കവരും പോകാറ്. ഇനി മുവാസലാത് ബസിലാകാം യാത്ര.

English Summary:

The Sharjah-Oman Bus Service has Begun Operations Successfully

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com