റമസാൻ കാലത്ത് ആഹാരം എത്തിച്ച് റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ
Mail This Article
റിയാദ്∙ റമസാൻ കാലത്ത് ഇടയത്താഴമൊരുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കൈത്താങ്ങാവുകയാണ് റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ. ഏറെ നേരം ജോലി ചെയ്യേണ്ടിവരുന്ന ചെറിയ ശമ്പളക്കാർക്കും, പെട്രോൾ പമ്പിലെ ജോലിക്കാർക്കും, ശുചീകരണ തൊഴിലാളികൾക്കും, ചില ലേബർ ക്യാംപുകളിലുള്ളവർ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവർക്ക്, ജീവിത സാഹചര്യങ്ങൾ കൊണ്ട് ആഹാരം പാചകം ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടാകാറുണ്ട്. അത്തരത്തിലുള്ളവർക്ക് റമസാൻ മാസം മുഴുവൻ ഇടയത്താഴം വിതരണം ചെയ്താണ് നോമ്പ് കാലത്ത് വേറിട്ട സുകൃതപ്രവർത്തനം നടത്തുന്നത്. ഇതിനോടകം തന്നെ റിയാദിലെ വിവിധ ഭാഗങ്ങളിലായി സമൃദ്ധമായ വിഭവങ്ങളടങ്ങിയ ഭക്ഷണപൊതികൾ പിഎംഎഫ് വിതരണം ചെയ്തു വരുന്നു.
സുമനസുകളായ ഹോട്ടൽ ഉടമകളുടേയും, തൽപരരായ കാരുണ്യ മനസുകളുടെയും സഹായം സമാഹരിച്ചാണ് "ഇടയത്താഴ ഭക്ഷണം" പദ്ധതി നടപ്പിലാക്കുന്നത്. വനിതകളടക്കമുളള പ്രവർത്തകർ രാത്രി ഒൻപത് മണിമുതൽ ഭക്ഷണ പാക്കിങ് തുടങ്ങും. പൊതികളെല്ലാം ഒരുക്കി കഴിഞ്ഞു പതിനൊന്നു മണിയോട് വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി സംഘാംഗങ്ങൾ പുറപ്പെടും. നിലവിൽ മരുഭൂമിയിലെ മസറകളിലെ ഇടയൻമാർക്കും ലേബർ ക്യാംപിലുമൊക്കെ പിഎംഎഫ് പ്രവർത്തകർ റമസാൻ കിറ്റ് നൽകി വരുന്നുണ്ട്. ഇതിനും പുറമെയാണ് രാത്രി കാലങ്ങളിൽ വിവിധയിടങ്ങളിലുള്ള അർഹരായവരെ കണ്ടെത്തി ഇടയത്താഴം നൽകി അന്നമൂട്ടുന്നത്.
ഇടയത്താഴ ഭക്ഷണ വിതരണത്തിന്‍റെ ചുമതല റിയാദ് സെൻട്രൽ കമ്മിറ്റി കോർഡിനേറ്റർ ബഷീർ സാപ്റ്റിക്കോക്ക് ആണ്. ഭാരവാഹികളായ ജലീൽ ആലപ്പുഴ, റസൽ മഠത്തിപ്പറമ്പിൽ, സുരേഷ് ശങ്കർ, ബിനു ഫൈസലിയാ, യാസിർ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, രാധാകൃഷ്ണൻ പാലത്ത്,റഫീക്ക് വെട്ടിയാർ, നിസാം കായംകുളം, ശരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ് ,കെ.ജെ റഷീദ് , സിയാദ് വർക്കല, നാസർ പൂവ്വാർ,ഷമീർ കല്ലിങ്കൽ,സുനിബഷീർ, രാധിക സുരേഷ്, സിമി ജോൺസൺ, ഫൗസിയ നിസാം എന്നിവർ ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.