ADVERTISEMENT

ജിദ്ദ ∙ ജിദ്ദ ന​ഗരത്തിന്റെ ഒരറ്റത്ത് ഹരാസാത്ത് എന്നൊരു ദേശമുണ്ട്. വല്ലപ്പോഴും പെയ്യുന്ന മഴ ഇവിടെയൊരു തടാകം തീർത്തിട്ടുണ്ട്. നാടൻ മീനുകൾ നിറഞ്ഞ തടാകം. കാട്ടുകോഴികളുള്ള തടാകക്കര. തടാകത്തിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്തൊരു വില്ലയിൽ ഒരു പാലക്കാട്ടുകാരൻ താമസിക്കുന്നുണ്ട്. തൂത സ്വദേശി ഹുസൈൻ കരിങ്കറ.

ഒരു ദിവസം ഹുസൈന്റെ വീട്ടിലെ ടാങ്കിൽ വെള്ളം നിറക്കാനായി പാക്കിസ്ഥാനി സ്വദേശികൾ ലോറിയുമായെത്തി. വെള്ളം നിറച്ച ശേഷം തിരിച്ചുപോയ ജീവനക്കാർ വില്ലയുടെ വാതിലടക്കാൻ മറന്നുപോയിരുന്നു. തുറന്നുവെച്ച വാതിലിനിടയിലൂടെ, ഹുസൈൻ വളർത്തിയ മുയലുകൾ കുതിച്ചോടി. മുയലുകൾ തടാകക്കരയിലെ കുറ്റിക്കാട്ടിലൊളിച്ചു.

അവ മണലിൽ കുഴികളെടുത്തു. തടാകത്തിന് കരയിൽ പുതിയ ആവാസവ്യവസ്ഥയുണ്ടായി. അവിടം പെറ്റുപെരുകി. വളർത്തുമുയലുകൾ കാട്ടുമുയലുകളായി രൂപാന്തരപ്പെട്ടു. ഇപ്പോൾ ഹരാസാത്ത് മരുഭൂമിയിൽ നിറയെ മുയലുകളുണ്ട്. പൂച്ച പുലിയായ രൂപാന്തരപ്പെട്ട പോലെ വളർത്തുമുയലുകൾ കാട്ടുമുയലുകളായി. മീനുകളും കാട്ടുകോഴികളും കിളികളുമൊക്കെയായി തടാകവും തടാകക്കരയും മരുഭൂമിയിലെ മരുപച്ചയായി കിടക്കുന്നു. വൈകുന്നേരങ്ങളിൽ കരയുടെ അടുത്ത് ചെന്നിരുന്നാൽ കാട്ടുകോഴികളെ കാണാം. മുയലുകളെ കാണാം. ഹുസൈന്റെ വീട്ടിൽനിന്ന് ചാടിപ്പോയ മുയലുകൾ.

ഹുസൈൻ കുടുംബത്തോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹുസൈൻ കുടുംബത്തോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഹുസൈൻ ജീവിതം, കൃഷിയിൽ കുളിച്ച കുട്ടിക്കാലം
കരിങ്കറ കുഞ്ഞിമൊയ്തീൻ-ഫാത്തിമ ദമ്പതികളുടെ ഒമ്പത് മക്കളിൽ ഇളയവനായ ഹുസൈന് ചെറുപ്പം മുതൽ കൃഷിയോട് ഭ്രമമാണ്. ഉപ്പയുടെ കൈ പിടിച്ച് പാടത്തേക്കിറങ്ങിയ ഹുസൈൻ പിന്നീട് പ്രവാസിയായെങ്കിലും മനസ്സിപ്പോഴും കൃഷിയിടത്തിലാണ്. ഉപ്പയുടെ മരണ ശേഷം ഹുസൈന്റെ സഹോദരങ്ങളായ അലി, മുഹമ്മദ്, അബ്ബാസ് എന്നിവരാണ് കൃഷി നോക്കി നടത്തുന്നത്. മീൻ കുളം, പശു, കാള ഫാം, മുയൽ, ചേന, നെല്ല്, ചേമ്പ് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്രയും കൃഷിയുണ്ട്.  വിളവെടുപ്പ് കാലത്ത് ഹുസൈൻ നാട്ടിലെത്തി ചേറിലും ചെളിയിലും അമർന്ന് തനി കൃഷിക്കാരനാകും. ഉപ്പയുടെ കൃഷി തോട്ടം കണ്ടു വളർന്ന ഹുസൈന് ഇഷ്ടം കൃഷി മാത്രമാണ്.

∙ സൗദിയിലെ വില്ലയിലെ കൂട്ടുകാർ
ഹരാസാത്തിൽ ഹുസൈന്റെ വില്ലയിലേക്ക് കയറുമ്പോൾ തന്നെ വലതുവശത്ത് നിറയെ ജീവികളെ കാണാം. മയിലും മാനും വിവിധയിനം കോഴികളും പ്രാവും പൂച്ചകളുമെല്ലാം. വിപണിയിൽ വൻ വിലയുള്ളള തത്തകളും ശേഖരത്തിലുണ്ട്. പ്രാവ്, മുയൽ, ഗിനിക്കോഴി, കാട അങ്ങനെ കുറേയേറെ ജീവികൾ. മത്സരത്തിൽ പങ്കെടുക്കുന്ന പ്രാവുകളുമുണ്ട്. 800 റിയാൽ മുതൽ വിലയുള്ള പ്രാവുകളുണ്ട്. ചില പൂച്ചകൾക്ക് പാസ്പോർട്ടും എടുത്തുവെച്ചിട്ടുണ്ട്. ഏതെങ്കിലും കാലത്ത് നാട്ടിലേക്ക് കൊണ്ടുപോകേണ്ടി വന്നാൽ ആ സമയത്ത് രേഖയുണ്ടാക്കാൻ  തിരക്കിട്ട് നടക്കേണ്ടതില്ലല്ലോ എന്നോർത്താണ് പാസ്പോർട്ട് നേരത്തെ എടുത്തുവെച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇരുപത് വർഷം മുമ്പാണ് ഹുസൈൻ പ്രവാസ ജീവിതം തുടങ്ങിയത്. പ്രവാസത്തിന്റെ തുടക്കത്തിൽതന്നെ നിരവധി പക്ഷികളും മൃഗങ്ങളും ഹുസൈനൊപ്പമുണ്ടായിരുന്നു. അവയോട് സംസാരിച്ചും കിന്നരിച്ചും പ്രവാസത്തെ ഹുസൈൻ സാർത്ഥകമാക്കി. വിപണികളിൽ വൻ വിലയുള്ള പക്ഷികളാണ് ഹുസൈന്റെ ശേഖരത്തിലുള്ളവയിൽ ഏറെയും. ജിദ്ദയിൽ ചൂടു കൂടുമ്പോൾ, ചൂടു താങ്ങാനാകാത്ത ജീവികളെയുമായി തണുപ്പുള്ള തായിഫിലേക്ക് പോകും.

സൗദി അറേബ്യയുടെ നിയമങ്ങൾ അനുസരിച്ചാണ് ജീവികളെ വളർത്തുന്നത്. ഇടയ്ക്കിടെ പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥർ ഹുസൈൻ കരിങ്കറയുടെ ജീവി പരിപാലനത്തിൽ തൃപ്തരായാണ് മടങ്ങിപ്പോകുക. ഒരു ജീവിയെയും വിൽക്കാറില്ല. സ്വദേശി പൗരന്മാർ ഹുസൈന്റെ പക്കൽനിന്ന് കിളികളെയും ജീവികളെയും കൊണ്ടുപോകും. അവരുടെ കയ്യിൽനിന്നുള്ളത് ഹുസൈനും സ്വീകരിക്കും. കിളികൾക്കായുള്ള ബാർട്ടർ സമ്പ്രദായം. ഹുസൈന്റെ സ്വന്തം കിളികൾക്ക് പുറമെ, മറ്റു ചില ദേശാടനക്കിളികളുമെത്തും. ഏറെനേരം വില്ലയിൽ ചെലവിട്ട ശേഷം തിരിച്ചുപോകും. ഇടവേളക്ക് ശേഷം വഴിതെറ്റാതെ അവ വീണ്ടുമെത്തും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ നോക്കിനോക്കിയിരിക്കെ പറന്നുപോയ തത്ത
ഹുസൈന്റെ ശേഖരത്തിൽ മുവായിരം റിയാൽ (ഇന്ത്യൻ തുക ഏകദേശം 65000ത്തിന് മുകളിൽ) വിലയുള്ള തത്തയുണ്ടായിരുന്നു. ഹുസൈന്റെ ഓമനപ്പക്ഷി. ഒരു ദിവസം രാവിലെ കൂട്ടിൽനിന്നിറങ്ങി തത്ത മുറ്റത്തേക്കിറങ്ങി. വില്ലക്ക് മുന്നിൽ ടിപ്പർ ലോറിയെത്തി ചരക്ക് വലിയ ശബ്ദത്തോടെ താഴേക്കിട്ടു. ഭയന്നുവിറച്ച തത്ത പറന്നുപോയി. തത്ത പറന്നുപോകുന്നത് നോക്കിയിരിക്കാനല്ലാതെ ഹുസൈന് മറ്റൊന്നിനും കഴിഞ്ഞില്ല. തത്ത പിന്നീടൊരിക്കലും തിരികെ എത്തിയതുമില്ല.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ മരുഭൂമിയിലെ കൃഷിയിടം
മരുഭൂമിയിൽ കൃഷിഭൂമി ഒരുക്കുന്നതിലും കൃഷിയിടങ്ങൾ സന്ദർശിക്കുന്നതും ഹുസൈന്റെ ഹോബിയാണ്. ഭൂമിയുടെ ഏതുകോണിലും കൃഷി സാധ്യമാണ് എന്നാണ് ഹുസൈന്റെ ജീവിതപാഠം. ഒരു തുണ്ട് മണ്ണുണ്ടോ, അവിടെ ഒരായിരം തൈകൾ നടാമെന്ന പാഠം. തൈ മുളപ്പിച്ച് കൃഷി ചെയ്യാൻ താൽപര്യമുള്ള പ്രവാസികൾക്ക് സമ്മാനിക്കും. അവരത് സ്വന്തം താമസസ്ഥലത്ത് ലഭ്യമായിടത്ത് നട്ടുനനച്ച് വളർത്തും. 

∙ കൃഷി ലാഭകരം
കൃഷി നഷ്ടമാണെന്ന് പറഞ്ഞാണ് പലരും മണ്ണിലേക്കിറങ്ങാത്തത്. എന്നാൽ പഴയ പോലെയല്ല, കൃഷി ഇപ്പോൾ ഏറെ ലാഭകരമാണെന്നാണ് ഹുസൈൻ പറയുന്നത്. ഇത് വെറുതെ പറയുന്നതല്ല, സ്വന്തം കൃഷിയിടം സമ്മാനിക്കുന്ന അനുഭവത്തിൽ നിന്നാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. ആയിരവും ആയിത്തഞ്ഞൂറുമൊക്കെ ശമ്പളം വാങ്ങി ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്നവർ നാട്ടിലെ തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയാൽ ഇവിടെനിന്ന് ലഭിക്കുന്നതിലുമേറെ വരുമാനം ലഭിക്കുമെന്നാണ് ഹുസൻ പറയുന്നത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ കരിങ്കറ എന്ന പേരിന് പിന്നിൽ
വെള്ളമില്ലാത്ത വയലുകളിൽ വെള്ളമെത്തിച്ച് ഞാറു നടുന്ന പഴയ കാലത്തെ രീതിയായിരുന്നു കരിങ്കറ കൃഷി രീതി. ഇത് പിന്നീട് കൃഷിയിടത്തിൽനിന്ന് അപ്രത്യക്ഷമായി. ഹുസൈന്റെ ഉപ്പ കോടങ്കാട്ടിൽ കുഞ്ഞിമൊയ്തീൻ തലമുറയിൽനിന്ന് കൈമാറി ലഭിച്ച കരിങ്കറ കൃഷി രീതി ഒഴിവാക്കാൻ അദ്ദേഹം തയ്യാറായില്ല. കുടുംബത്തിന്റെ പേര് കോടങ്കാട്ടിൽ എന്നത് കരിങ്കറ എന്ന് രേഖാമൂലം മാറ്റി. പാടത്തുനിന്നും അപ്രത്യക്ഷമായ പാരമ്പര്യ കൃഷി രീതിയെ സ്വന്തം പേരിനൊപ്പം ചേർത്ത് വാടാതെ കാത്തു.

∙ കേരളീയ വസ്ത്രം
പ്രവാസത്തിലും തനി കേരളീയ വസ്ത്രം ധരിച്ചാണ് ഹുസൈൻ പുറത്തിറങ്ങാറുള്ളത്. മുണ്ടും ജൂബയുമാണ് വേഷം. സൗദി സർക്കാറിന്റെ ഓഫീസുകളിലെല്ലാം ഈ വേഷം ധരിച്ചെത്തും. വേറിട്ട വേഷത്തിലെത്തുന്ന തനിക്ക് പ്രത്യേക പരിഗണനയാണെന്ന് ഹുസൈൻ പറയുന്നു. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഹുസൈൻ പിന്നീട് യൂത്ത് ലീഗ് നേതാവായി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സൗദി കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ടറിയുടെ ചുമതല  വഹിക്കുകയാണിപ്പോൾ. പാലക്കാട് കുറ്റിക്കോട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സബിതയാണ് ഭാര്യ. സൻഹ ഹുസൈൻ, അഹ് യാൻ ഹുസൈൻ, ഹാനിയ ഹുസൈൻ എന്നിവരാണ് മക്കൾ.

ഇരുപതാണ്ടിന്റെ പ്രവാസം ഹുസൈന് സമ്മാനിച്ചത് ഒട്ടേറെ അനുഭവങ്ങളാണ്. രണ്ടുപതിറ്റാണ്ടിന്റെ ഇതരദേശ വാസത്തിൽ തനിക്കൊപ്പം ജീവിച്ച ജീവികളുടെ ഓർമ്മ മാത്രം മതി ഇനിയുള്ള കാലത്തിന്റെ സമ്പാദ്യമായെന്ന് ഹുസൈൻ പറയുന്നു. പതിവായി തന്നെ കാണാനെത്തുന്ന മൈനയോടും പ്രാവുകളോടുമെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോഴുള്ള സങ്കടത്തെ,  തന്റെ കൂട്ടിൽനിന്നിറങ്ങിപ്പോയ മുയലുകൾ കാട്ടുമുയലുകളായി ഇവിടെയുണ്ടാകുമല്ലോ എന്ന സന്തോഷം തുടച്ചെടുക്കും.

English Summary:

Interesting Story of Pravasi Malayali and Pet Lover Hussain Who Lives in Harazat,Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com