ഡോണാൾഡ് ട്രംപുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി
Mail This Article
അബുദാബി/ ന്യൂയോർക്ക് ∙ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. യുഎഇയും യുഎസും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് ഷെയ്ഖ് മുഹമ്മദ് ട്രംപുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയത്.
50 വർഷത്തിലേറെയായി അഭിവൃദ്ധി പ്രാപിച്ച യുഎഇ-യുഎസ് ബന്ധങ്ങളെ ഇരുനേതാക്കളും പ്രകീർത്തിച്ചു. ഈ ആഴ്ച ആദ്യം യുഎഇ പ്രസിഡന്റ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്ത്രപരമായ സഹകരണവും പ്രാദേശിക വിഷയങ്ങളും പ്രസിഡന്റുമാർ ചർച്ച ചെയ്തു.
ഗാസയിലെ യുദ്ധവും മധ്യപൂർവദേശത്തെ വർധിച്ചു വരുന്ന അസ്ഥിരതയും ഉൾപ്പെടുന്ന വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് ശേഷം ബൈഡൻ യുഎഇയെ യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. ഈ വർഷം നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിൽ ഹാരിസും ട്രംപും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നുണ്ട്.