ഇഷ്ട വിനോദം ജോലിയായി കിട്ടി; ഇന്ന് യുഎഇയുടെ പ്രിയങ്കരൻ ഈ പ്രവാസി മലയാളി, 'ഹോബി' നേടിക്കൊടുത്തത് രാജ്യാന്തര പുരസ്കാരങ്ങൾ വരെ

Mail This Article
ദുബായ് ∙ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ് സ്റ്റാംപുകള്‍. ഫിലാറ്റെലി അഥവാ സ്റ്റാംപുശേഖരണമെന്നത് ചരിത്രത്തിലൂടെയുളള സഞ്ചാരമാണെന്ന് പറയാം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തെ അടയാളപ്പെടുത്തിയ സ്റ്റാംപുകള്‍ ശേഖരിക്കുന്ന ഒരു ഫിലാറ്റെലിസ്റ്റുണ്ട് ദുബായില്‍, കോഴിക്കോട്ടുകാരനായ ഉമ്മർ ഫാറൂഖ്.
മഹാത്മാഗാന്ധിയുടെ സ്റ്റാംപുകളുടെ വലിയ ശേഖരം തന്നെയുണ്ട് ഉമ്മർ ഫാറൂഖിന്റെ വീട്ടില്‍. ഹോബിയായി തുടങ്ങി, ജീവിത ചര്യയായി മാറിയ സ്റ്റാംപുശേഖരണം. ഏറ്റവും അധികം രാജ്യങ്ങളുടെ സ്റ്റാംപുകളില്‍ ഇടം നേടിയ മഹാത്മാഗാന്ധിയുടെ സ്റ്റാംപുകളുടെ വലിയൊരു ശേഖരം തന്നെ ഉമ്മർ ഫാറൂഖിന്റെ കൈവശമുണ്ട്.
∙ തുടക്കം ഒന്‍പതാം ക്ലാസില്‍
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്റ്റാംപുശേഖരണം തുടങ്ങുന്നത്. എല്ലാവരെയും പോലെ ഹോബിയായി തുടങ്ങി, എന്നാല്‍ പിന്നീട് കൂടുതല്‍ താല്‍പര്യമായതോടെ ഈ മേഖലയെ കുറിച്ച് പഠിച്ചു. കോഴിക്കോട് ഫിലാറ്റെലിക് ക്ലബില്‍ സജീവ സാന്നിധ്യമായി. ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചു. വിവിധ സ്റ്റാംപ് പ്രദർശനങ്ങളുടെ ഭാഗമായി. 40 ലധികം വർഷമായി സ്റ്റാംപുകള്‍ ശേഖരിക്കുന്നുണ്ട് ഉമ്മർഫാറൂഖ്. യുഎഇയിലെ കേരള പ്രവാസി ഫിലാറ്റെലിക് ആൻഡ് നൂമിസ്മാറ്റിക് അസോസിയേഷന്‍ പ്രസിഡന്റാണ് ഉമ്മർ ഫാറൂഖ്.

∙ മഹാത്മാഗാന്ധിയുടെ സ്റ്റാംപുകള്‍
വിവിധ ലോകരാജ്യങ്ങളുടെയും വ്യക്തികളുടെയും സ്റ്റാംപുകളുണ്ടെങ്കിലും മഹാത്മാഗാന്ധിയുടെ സ്റ്റാംപുകള്‍ ശേഖരിക്കുന്നതിലാണ് താല്‍പര്യം. 140 ലധികം രാജ്യങ്ങള്‍ പുറത്തിറക്കിയ മഹാത്മാഗാന്ധിയുടെ സ്റ്റാംപുകള്‍ ശേഖരിച്ചിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ ബാല്യം മുതല്‍, രക്തസാക്ഷിത്വം വരെ നീളുന്ന, ജീവചരിത്രം അടയാളപ്പെടുത്തുന്ന സ്റ്റാംപുകള്‍ കൈവശമുണ്ട്.

സ്റ്റാംപുകള്‍ മാത്രമല്ല, ഫസ്റ്റ് ഡെ കവറും പോസ്റ്റുകാർഡുമെല്ലാം ശേഖരത്തിലുണ്ട്. ഉമ്മർ ഫാറൂഖിന്റെ സ്റ്റാംപ് ശേഖരണത്തിലൂടെയുളള യാത്ര, മഹാത്മാവിന്റെ ജീവിതത്തിലൂടെയുളള യാത്രതന്നെയാണ്. ലണ്ടനില്‍ അഭിഭാഷക വിദ്യാർഥിയായിരുന്നപ്പോഴും, പിന്നീട് ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായിരുന്നപ്പോഴും ഉളള ചിത്രങ്ങളുടെ സ്റ്റാംപുകള്‍ കാണാം. 2009 ല്‍ മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ സ്റ്റാംപ്, 1931 ല്‍ ഇംഗ്ലണ്ടില്‍ വട്ടമേശസമ്മേളനത്തില്‍ ചർക്കയില്‍ നൂറ്റെടുത്ത മുണ്ടുടുത്ത് എത്തിയ മഹാത്മാഗാന്ധിയുടെ ചിത്രമുളള സ്റ്റാംപ്, അങ്ങനെ അപൂർവ സ്റ്റാംപുകള്‍ ശേഖരത്തിലുണ്ട്.

മഹാത്മാഗാന്ധിയുടെ സ്റ്റാംപുകളുടെ അത്രയും വരില്ലെങ്കിലും ജവഹർ ലാല്‍ നെഹ്റുവിന്റെയും സ്റ്റാംപുകള്‍ ശേഖരത്തിലുണ്ട്. ഇത് കൂടാതെ ഡയാന രാജകുമാരി, എബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ് കെന്നഡിയുടെയും സ്റ്റാംപുകളുണ്ട്.
∙ ട്രൂഷ്യല്‍ സ്റ്റേറ്റ്സ് പുറത്തിറക്കിയ സ്റ്റാംപുകള്‍
യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിറവിയെടുക്കുന്നതിന് മുന്‍പ് 1969 ല്‍ ഷാർജയും ഫുജൈറയും പുറത്തിറക്കിയ സ്റ്റാംപുകളും ശേഖരത്തിലുണ്ട്. ഇത് കൂടാതെ യുഎഇയുടെ സ്റ്റാംപുകളുമുണ്ട്. 1948 ല്‍ മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തിന് ഇന്ത്യ സ്റ്റാംപ് പുറത്തിറക്കിയിരുന്നു. അന്ന് 10 രൂപയായിരുന്നു സ്റ്റാംപിന്.

ഇന്ന് 30,000 രൂപയോളം വിലവരും. എന്നാല്‍ പണത്തിനേക്കാള്‍ മൂല്യമുണ്ട്, ഈ സ്റ്റാംപിന് ഉമ്മർ ഫാറൂഖിന്റെ മനസ്സില്‍. 2019 ല്‍ മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികത്തിന് 96 രാജ്യങ്ങള്‍ സ്റ്റാംപുകള്‍ ഇറക്കിയിട്ടുണ്ട്. ഇതെല്ലാം ഉമ്മർ ഫാറൂഖിന്റെ കൈവശമുണ്ട്.

∙ യുഎഇ ഗോള്‍ഡന്‍ വീസ
2008 ലാണ് ഉമ്മർ ഫാറൂഖ് യുഎഇയിലെത്തുന്നത്. സ്റ്റാംപ് ശേഖരണം ഇഷ്ടമായതുകൊണ്ടുതന്നെ ആ മേഖലയിലെ ജോലി അന്വേഷിച്ചു, കണ്ടെത്തി. ഇഷ്ട വിനോദം തന്നെ ജോലിയായി ചെയ്യുമ്പോള്‍ ഇരട്ടി സന്തോഷം. രാജ്യാന്തര സ്റ്റാംപ് പ്രദർശനമത്സരങ്ങളില്‍ യുഎഇയെ പ്രതിനിധീകരിച്ചാണ് ഉമ്മർ ഫാറൂഖ് പങ്കെടുക്കുന്നത്.
രാജ്യാന്തര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫിലാറ്റെലിക് മേഖലയിലെ മികവ് പരിഗണിച്ചാണ് ക്രിയേറ്റീവ് കാറ്റഗറയില്‍ യുഎഇ 10 വർഷത്തെ ഗോള്‍ഡന്‍ വീസ ഉമ്മർ ഫാറൂഖിന് നല്‍കിയത്.

∙ പ്രദർശനങ്ങള്‍, പുരസ്കാരങ്ങള്‍
ദുബായില്‍ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നടന്ന രാജ്യാന്തര സ്റ്റാംപ് ശേഖരണ പ്രദർശനത്തിലും മത്സരത്തിലും പങ്കെടുത്തിട്ടുണ്ട് ഉമ്മർ ഫാറൂഖ്. വിവിധ വർഷങ്ങളില്‍ നടന്ന വേള്‍ഡ് ഫിലാറ്റെലിക് എക്സിബിഷന്‍,ഏഷ്യന്‍ ഇന്റർനാഷനല്‍ സ്റ്റാംപ് എക്സിബിഷന്‍, ജിസിസി പോസ്റ്റേജ് സ്റ്റാംപ് എക്സിബിഷന്‍, അറബ് സ്റ്റാംപ് എക്സിബിഷന്‍, എന്നിങ്ങനെയുളള സ്റ്റാംപ് പ്രദർശനമത്സരങ്ങളിലൂടെ 40 ലധികം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2007 ല്‍ കേരള ഫിലാറ്റെലിക് പ്രദർശനത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.


∙ കുടുംബം
ഉമ്മർ ഫാറൂഖിന്റെ സ്റ്റാംപ് ശേഖരണത്തിന് കുടുംബത്തിന്റെ പൂർണപിന്തുണയുണ്ട്. ഉപ്പയുടെ പാത പിന്തുടർന്ന് മകള്‍ റനാ ഫാറൂഖും സ്റ്റാംപ് ശേഖരിക്കുന്നുണ്ട്. ഭാര്യ ഷമീനയും മകന്‍ ഉമ്മർ ഫഹാമും പിന്തുണനല്‍കി കൂടെയുണ്ട്.