വിവാഹപ്രായം 18 വയസ്സാക്കി ഉയര്‍ത്തി കുവൈത്ത്

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ വിവാഹപ്രായം 18 വയസ്സാക്കി ഉയര്‍ത്തി. നീതിന്യായ മന്ത്രാലയമാണ് രാജ്യത്തെ യുവതി-യുവാക്കള്‍ വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി ഉയര്‍ത്തിയത്. നിലവില്‍ പുരുഷന്മാര്‍ക്ക് 17-വയസ്സ്, സ്ത്രീകള്‍ക്ക് 15 വയസ്സുമായിരുന്നു പ്രായം. കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഭേദഗതിയാണ് കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തിയതെന്ന് മന്ത്രി നാസര്‍ അല്‍ സുമൈത്ത് വ്യക്തമാക്കി.
പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ നമ്പര്‍ 51/1984-ലെ ആര്‍ട്ടിക്കിള്‍ 26, ജാഫാരി പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ 124/2019-ലെ ആര്‍ട്ടിക്കിള്‍ 15-ാം നമ്പറുമാണ് ഭേദഗതി ചെയ്തത്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള രാജ്യാന്തര നിയമത്തിന്റെ ഭാഗമായിട്ടാണിത്.
കഴിഞ്ഞ വര്‍ഷം, 1,079 പെണ്‍കുട്ടികളും 66 ആണ്‍കുട്ടികളും ഉള്‍പ്പെടെ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കിടെയില്‍ വിവാഹമോചന നിരക്ക് മുതിര്‍ന്നവരേക്കാള്‍ ഇരട്ടിയാണെന്നും പഠനങ്ങള്‍ തെളിയിച്ചു.
വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ, യുവാക്കളെ സംരക്ഷിക്കുന്നതിനും വിവാഹമോചന നിരക്ക് കുറയ്ക്കുന്നതിനും കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം നിര്‍ണായക ചുവടുവയ്പ്പ് നടത്തുകയാണെന്ന് അല്‍ സുമൈത്ത് പറഞ്ഞു. കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയില്‍ ഊന്നിയുള്ള നിയമപരിഷ്ക്കരണമാണന്നും മന്ത്രി കൂട്ടിചേര്‍ത്തു.