സൂഖ് വാഖിഫിൽ ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് പ്രദർശനം; റമസാൻ വിരുന്നൊരുക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ

Mail This Article
ദോഹ ∙ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 40 കമ്പനികളുടെ പങ്കാളിത്തത്തോടെ സൂഖ് വാഖിഫിൽ നടക്കുന്ന പ്രഥമ ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് പ്രദർശനം ശ്രദ്ധേയമാകുന്നു. തുർക്കി, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുടെ ഉത്പന്നങ്ങളാണ് പ്രദർശനത്തിനായി എത്തിയിരിക്കുന്നത്.
നട്‌സുകളും ഡ്രൈ ഫ്രൂട്‌സുകളും വാങ്ങാൻ വിവിധ രാജ്യക്കാരായ നിരവധി പേരാണ് സൂഖ് വാഖിഫിൽ എത്തുന്നത്. റമസാൻ ആയതിനാൽ എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ അർധരാത്രി 12 വരെ പ്രദർശനവും വിൽപനയും നടക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നട്‌സുകൾക്കും ഡ്രൈ ഫ്രൂട്‌സുകൾക്കും പുറമെ ഇതുകൊണ്ട് ഉത്പാദിപ്പിച്ച വിവിധ തരം ഹലുവകൾ, പാനീയങ്ങൾ, ജാമുകൾ തുടങ്ങിയവയും പ്രദർശനത്തിൽ ഉണ്ട്. നട്‌സുകളും ഡ്രൈ ഫ്രൂട്‌സുകളും ചേർത്തുണ്ടാക്കിയ ഹലുവകളാണ് പ്രദർശനത്തിൽ ഏറ്റവും ജനപ്രിയ ഇനം.
സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള നിരവധി ഉപഭോക്താക്കളാണ് ഇത് സ്വന്തമാക്കുന്നത്. റമസാൻ വിഭവങ്ങളിലെ പ്രധാന ചേരുവയായ പരിപ്പിന് വർധിച്ച ആവശ്യമാണ് പ്രദർശനത്തിൽ ഉള്ളത്. വിവിധ വർണ്ണങ്ങളിലുള്ള ഡ്രൈ ഫ്രൂട്‌സ് പാക്കറ്റുകളും ഇവിടെ ലഭ്യമാണ്.


ഖത്തറിലെ കുട്ടികളുടെ റമസാൻ ഉത്സവമായ കരൻഗവോ മുന്നിൽ കണ്ട് വിവിധ വർണ്ണങ്ങളിലുള്ള ഡ്രൈ ഫ്രൂട്‌സും നട്‌സുകളും ചേർത്ത പാക്കറ്റുകൾക്ക് നല്ല ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫിസിലെ സെലിബ്രേഷൻസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി 2025 മാർച്ച് 10 വരെ നീണ്ടുനിൽക്കും.
നട്‌സും ഡ്രൈ ഫ്രൂട്സും ഉത്പാദിപ്പിക്കുന്ന ഏറ്റവും പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ഒരു കൂട്ടം കമ്പനികളെ ഒരുമിച്ച് നടത്തുന്ന പ്രദർശനത്തിന് പൊതുജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് എക്സിബിഷന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പറഞ്ഞു. റമസാൻ വിഭവങ്ങളിൽ മുഖ്യ ഇനമായ നട്‌സും ഡ്രൈ ഫ്രൂട്സും വാങ്ങാൻ ആളുകൾ മികച്ച അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.