ഗൾഫിൽ ഇന്ന് സന്തോഷപ്പെരുന്നാൾ; പെരുന്നാൾ നമസ്കാരത്തിന് പള്ളികൾ നിറഞ്ഞുകവിഞ്ഞു

Mail This Article
ദുബായ് ∙ വ്രതാനുഷ്ഠാനത്തിലൂടെ കൈവരിച്ച ഹൃദയവിശുദ്ധിയോടെ ഒമാനൊഴികെ ഗൾഫ് ഇന്ന് പെരുന്നാളാഘോഷിക്കുന്നു. സന്തോഷത്തിന്റെയും സ്വീകരണത്തിന്റെയും ആകെത്തുകയായ പെരുന്നാൾ അഥവാ ഈദുൽ ഫിത്ർ ആഘോഷത്തിന് ഇന്നലെ വൈകിട്ട് ശവ്വാൽ മാസപ്പിറവി കണ്ടതോടെയാണ്നെ തുടക്കം കുറിച്ചത്. ഒമാനിൽ റമസാൻ 30 പൂര്‍ത്തിയാക്കി നാളെ(തിങ്കൾ)യായിരിക്കും പെരുന്നാൾ.
യുഎഇയിൽ ഇന്ന് രാവിലെ ആറര മുതൽ വിവിധ എമിറേറ്റുകളിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങൾ പങ്കെടുത്തു. മിക്കയിടത്തും പള്ളികളുടെ അകത്തളം നിറഞ്ഞ് കവിഞ്ഞ് പ്രാർഥനാ നിര റോഡുകളിലേക്ക് നീണ്ടു. നമസ്കാരത്തിന് ശേഷം പരസ്പം ആശ്ലേഷിച്ച് പെരുന്നാളാശംസകൾ നേർന്നാണ് എല്ലാവരും മടങ്ങിയത്.
ഫിത്ർ സക്കാത്തിന്റെ നന്മയോടെ
പട്ടിണി കിടക്കുന്നവർ സമൂഹത്തിൽ ഉണ്ടാകാതിരിക്കാൻ ഫിത്ർ സക്കാത്ത് നിർബന്ധമാക്കിയിട്ടുള്ളതിനാൽ പെരുന്നാൾ സന്തോഷം സമൂഹത്തിന്റെ ഓരോ അടരുകളിലും അലയടിക്കുന്നു എന്നതാണ് പ്രത്യേകത. ഇന്നാണ് പെരുന്നാൾ എന്ന അറിയിപ്പ് വന്നതോടെ പലരും അവശ്യ വസ്തുക്കൾ വാങ്ങാനും പുതുവസ്ത്രം വാങ്ങാത്തവർ അതു സ്വന്തമാക്കാനും വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ഓട്ടമായിരുന്നു. പലയിടത്തും പുലർച്ചെ വരെ റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. മാളുകളിലും രാത്രി വൈകുവോളം നല്ല തിരക്കുണ്ടായിരുന്നു.


29 ദിവസം വ്രതത്തിലും വേദഗ്രന്ഥ പാരായണത്തിലും പ്രാർഥനകളിലും മുഴുകിയ വിശ്വാസികളുടെ റമസാൻ കർമങ്ങളുടെ പരിസമാപ്തിയാണ് പെരുന്നാൾ. സമൂഹത്തിൽ ഇഴയടുപ്പം കൂട്ടുന്നതാണ് പെരുന്നാൾ കർമങ്ങൾ. ' ദൈവം ഏറ്റവും വലിയവൻ.. അവനാണ് സർവ സ്തുതിയും' എന്ന പെരുന്നാൾ പ്രഖ്യാപനത്തിലൂടെ മനുഷ്യർ ചെറുതാവുകയും അവനിൽ അടിഞ്ഞു കൂടിയ അഹന്ത നാമാവശേഷമാവുകയും ചെയ്യുന്നു. അറബ് സമൂഹങ്ങൾക്കിടയിൽ പതിവുള്ള 'ഈദിയ' ഇഷ്ടദാനത്തിന്റെ മറ്റൊരു പേരാണ്. കുട്ടികളെയും കുടുംബത്തെയും സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാൻ ദാനധർമങ്ങളാണ് പ്രധാനമാധ്യമം.
അറബ് വീടുകളിലെ മജ് ലിസുകളും പെരുന്നാളുകളിൽ ആളനക്കമൊഴിയാത്ത സദസ്സുകളാകുന്നതു കാണാം. ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും കൂടിയിരുന്നു സല്ലപിക്കുന്ന വീടിന്റെ പൂമുഖമാണിത്. പെരുന്നാൾ ഇമ്പം രാപകൽ ഭേദമില്ലാതെ പരിലസിക്കുന്ന ഇവിടം, അവർ ഒന്നിച്ച് ഭക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.


' ഒന്നിച്ച് പ്രാർഥിക്കൂ, ഒരുമിച്ച് നിൽക്കൂ'
' ഒന്നിച്ച് പ്രാർഥിക്കൂ, ഒരുമിച്ച് നിൽക്കൂ' (Pray together, Stay together ') എന്ന ആപ്തവാക്യം ഊർജസ്വലമാകുന്നതാണ് അറബ് സാമൂഹിക ജീവിതത്തിന്റെ നേർക്കാഴ്ച.
ആഘോഷത്തിനായി കുടുംബങ്ങൾ ഗൾഫിലേക്ക്
നോമ്പ് ഗൾഫിലാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ പെരുന്നാൾ നാട്ടിലാകാനാണ് എക്കാലവും കൊതിക്കുന്നത്. കുതിച്ചുയർന്ന വിമാന ടിക്കറ്റ് വില നോക്കാതെ നാട്ടിലെത്തിയവർ ആഘോഷം ആത്മബന്ധങ്ങൾക്ക് ഒപ്പമാകണമെന്ന ദൃഢനിശ്ചയം ഉള്ളവരാണ്. പോക്കറ്റ് കനമില്ലാത്തവർ മോഹം ഉള്ളിലൊതുക്കി പെരുന്നാളും അവധിയും ജോലി ചെയ്യുന്ന നാട്ടിൽ തന്നെ ഒതുക്കുകയാണ് ചെയ്തത്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാന ടിക്കറ്റ് തൊട്ടാൽ കൈപൊള്ളുന്ന വർധനയാണ് ഉണ്ടായിട്ടുള്ളത്.

അതിനാൽ പലരും തങ്ങളുടെ വയോധികരായ മാതാപിതാക്കൾ അടങ്ങുന്ന കുടുംബത്തെ നേരത്തെ ഗൾഫിലേക്ക് കൊണ്ടുവന്ന് ആഘോഷം കെങ്കേമമാക്കുന്നു. നാട്ടിലെ ഉരുകിയൊലിക്കുന്ന ചൂടും ഇതിന് പിന്നിലെ കാരണമാണ്. ആഘോഷങ്ങൾ മനുഷ്യരുടെ മനസ്സിനെ നനുത്തതും നിലാവൊലിയുള്ളതുമാക്കും. മനുഷ്യരുടെ മനസ്സും കർമങ്ങളും ധന്യമാകുന്ന അസുലഭാവസരങ്ങളാണ് ഉപവാസവും തുടർന്ന് വരുന്ന പെരുന്നാൾ ആഘോഷവും. മനുഷ്യൻ അഭിമുഖീകരിക്കുന്ന സകല സംഘർഷങ്ങളിൽ നിന്നുമുള്ള പലായനമാണ് പെരുന്നാൾ സുദിനം.
പെരുന്നാൾ സദ്യക്ക് ശേഷം പാർക്കുകളിലേക്കും ബീച്ചുകളിലേക്കും
പള്ളിയിൽ നിന്ന് മടങ്ങിയവർ നേരെ അവരവരുടെ ഭവങ്ങളിലേക്ക് മടങ്ങി കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം പ്രാതൽ കഴിച്ചു. ചിലർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയെും വീടുകൾ സന്ദർശിച്ചു. നഗരത്തിലെ റസ്റ്ററന്റുകളിലേക്ക് ഒന്നിച്ച് ചെന്ന് ചായ കഴിച്ച് സൗഹൃദം പുതുക്കിയവരുമുണ്ട്. മിക്കയിടത്തും ഉച്ചയ്ക്ക് ബിരിയാണി സദ്യയൊരുക്കുന്നു. റസ്റ്ററന്റുകളും മത്സരിച്ച് വൈവിധ്യമാർന്ന ബിരിയാണിയടക്കമുള്ള വിഭവങ്ങൾ തയ്ക്കിയാറാക്കിയിട്ടുണ്ട്. ഗൾഫിൽ ചൂട് എത്തിയിട്ടില്ലാത്തതിനാൽ വൈകിട്ട് പാർക്കുകളിലും ബീച്ചുകളിലും സമയം ഒത്തുകൂടാൻ പലരും പദ്ധിയിട്ടിട്ടുണ്ട്.

എംപുരാൻ കാണാൻ ഇന്ന് തിരക്കേറും
അതേസമയം, മുൻവർഷങ്ങളിലെ പോലെ സംഗീത പരിപാടികൾ വളരെ കുറവ്. മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി ടീമിന്റെ എംപുരാൻ കാണാനാണ് നല്ലൊരു ശതമാനം പേരുടെയും പ്ലാൻ. നാല് ദിവസം പെരുന്നാളവധിയുണ്ടെങ്കിലും, നാളെ മുതൽ കുറേ ഭാഗങ്ങൾ കട്ട് ചെയ്താണ് ചിത്രം പ്രദർശിപ്പിക്കുക എന്നതിനാനാലാണ് ഇന്ന് തന്നെ കാണാനാഗ്രഹിക്കുന്നതിന് പിന്നിലെ കാരണം.
യുഎഇയിലെ തിയറ്ററുകളിൽ ചരിത്രത്തിൽ കാണാനാകാത്ത വിധം വളരെയേറെ സ്ക്രീനുകളിൽ അർധരാത്രിയോളം വിവിധ സമയങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നു. തമിഴ് ഹിറ്റ് സംവിധായകൻ എ.ആർ.മുരുകദാസ് സൽമാൻ ഖാൻ-രശ്മിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ഹിന്ദി ചിത്രം സിക്കന്ദർ, വിക്രം നായകനായ തമിഴ് ചിത്രം ധീര, വീര, ശൂര എന്നിവയാണ് ഗൾഫ് തിയറ്ററുകളിലുള്ള മറ്റു പ്രധാന സിനിമകൾ. മുഫാസ ദ് ലയൺ കിങ് അടക്കം കുട്ടികളുടെ പ്രിയപ്പട്ട ഇംഗ്ലിഷ് ചിത്രങ്ങളും തിയറ്ററുകളിലുണ്ട്.