നീലക്കണ്ണുള്ള പാവക്കുട്ടി

Mail This Article
കെറ്റിലിൻ്റെ മുന്നിൽ നിന്ന് തിളയ്ക്കുന്ന വെള്ളത്തിൽ ലിപ്ടൻ താഴേക്കും മേൽപ്പോട്ടും മുങ്ങാംകുഴിയിടീച്ച് മൂപ്പര് ചായക്ക് കടുപ്പം കൂട്ടുന്നുണ്ടാകും. തൻ്റെ ജീവിതത്തോളം അത്ര കടുപ്പമല്ല, മുഹമ്മദ് ഇക്കാക്ക് ചുട്ടുപ്പൊള്ളുന്ന മരുഭൂമിയിൽ കഫ്തീരിയക്കുള്ളിലെ ചായപ്പണി. എന്ത് ആവശ്യമായാലും മുഹമ്മദ്ക്ക ഇല്ലാതെ നടക്കാത്ത ആവശ്യങ്ങൾക്കേ മൂപ്പര് പുറത്തിറങ്ങാറുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ കഫ്തീരിയ വിട്ട് എവിടെക്കും പോകാറില്ല. സമർപ്പിത "മൈനത്തെടുത്ത്" ജീവിതം നയിക്കുന്നൊരാൾ.
ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന മുഹമ്മദ് ഇക്കയെ കണ്ടാൽ ആർക്കും അലിവും ,സങ്കടവും അഭിമാനവും തോന്നും കാരണം 1500 ദിർഹം ശമ്പളം കൊണ്ട് തൃപ്തിപ്പെട്ട് ജീവിച്ച് മൂന്ന് മക്കളെയും നല്ലൊരു കൈകളിലേൽപ്പിച്ച് കെട്ടിച്ചു വിട്ട ഉപ്പ. അവസാനത്തെ മോളെ കെട്ടിച്ച വകയിൽ ഇച്ചിരി കടമുണ്ട് അതും തീർത്ത് കരപിടിക്കണമെന്ന് മമ്മദ് ഇക്ക കാണുമ്പോഴൊക്കെ പറയും.
വീസ റിന്യൂവൽ ചെയ്യാൻ മെഡിക്കലിന് പോകുമ്പോൾ മുഹമ്മദ് ഇക്ക കൂടെ പണിയെടുക്കുന്ന അബൂക്കാനോട് പറഞ്ഞിരുന്നു ഈ വീസ എൻ്റെ അവസാനത്തെതായിരിക്കുമെന്ന്. എന്നിട്ട് വേണമെനിക്കൊന്ന് കൂടണയാൻ ... കടയുടെ അർബാബ് നിർബന്ധിച്ചടിപ്പിച്ച വീസയായിരുന്നു.
വീസയടിച്ചിട്ടൊന്ന് നാട്ടിൽ പോയിട്ടൊക്കെ വരാൻ മുഹമ്മദ് ഇക്കയോട് അർബാബ് പറഞ്ഞിരുന്നു. പെരുന്നാളൊക്കെ മിക്കതും കഴിച്ചുകൂട്ടിയത് ഈ പ്രവാസ ഭൂമിയിൽ തന്നെയായിരുന്നു അതോണ്ട് നോമ്പ് പെരുന്നാളിന് പോകണമെന്നാണ് മമ്മദ്ക്കാൻ്റെയും ആഗ്രഹം. വീസ അടിക്കേണ്ട ദിവസം ടൈപ്പിങ് സെൻ്ററിൽ നിന്നും മെഡിക്കലിനുള്ള പേപ്പറും വാങ്ങി മുഹമ്മദിക്ക നേരെ "റിന്യൂവൽ " സെൻ്ററിലേക്ക് പോയി . തിരിച്ചു റൂമിലെത്തി പതിഞ്ഞ ശബ്ദത്തിൽ മമ്മദ് ഇക്ക സലാം ചൊല്ലി .മമ്മദ്ക്കയെ കണ്ടപ്പോ എന്തോ ക്ഷീണമുണ്ടെന്ന് തോന്നി. ഇട്ട ഡ്രസ്സൊന്നും മാറാതെ നെഞ്ച് തടവി വേദനിക്കുന്നുണ്ടെന്ന് പറഞ്ഞു.
കട്ടിലേക്ക് ചാഞ്ഞ് കിടന്നു. കണ്ണ് മേൽപ്പോട്ട് മറിയും പോലെ... തോന്നി നെറ്റിത്തടം വിയർക്കുന്നുണ്ട് . ഇങ്ങക്ക് " "എന്ത് പറ്റി ഇക്കാ... അബൂക്ക ചോദിച്ചു. മമ്മദ് ഇക്ക കുടിക്കാൻ വെള്ളത്തിനായ് ആവശ്യപ്പെട്ടു. ഒരിറക്ക് വെള്ളം കുടിച്ചു. ഉറക്കെ കലിമ ചൊല്ലി. കണ്ണടച്ചു ഇന്നാലില്ലാഹ് റബ്ബ് തിരികെ വിളിച്ചിരിക്കുന്നു. അറ്റാക്ക്. വിധി എന്നല്ലാതെ... റിന്യൂവൽ സ്റ്റാംപ് ചെയ്യേണ്ടിടത്ത് " എക്സിറ്റ് " സീൽ പതിഞ്ഞു. പേരക്കുട്ടിയെന്നും ഫോൺ വിളിക്കുബോൾ പറയുന്ന പാവക്കുട്ടിയെ മമ്മദ് ഇക്ക വാങ്ങി വെച്ചതും ഞാനാ കട്ടിലിനിടയിൽ കണ്ടു.കൊച്ചുമോളെക്കുറിച്ച് പറയുമ്പോൾ മമ്മദ് ഇക്കാക്ക് നൂറ് നാവും വല്ലാത്തൊരു സന്തോഷവുമാണ്...
മമ്മദ് ഇക്കാന്റെ തിടുക്കം കാണുമ്പോളറിയാം നാട്ടിലെത്താനുള്ള ഇക്കയുടെ ആഗ്രഹത്തിൻ്റെ ആഴം, "നീലകണ്ണുള്ള പാവ കുട്ടിയെയും കൊണ്ട് പേരക്കുട്ടിയുടെ അരികത്തെത്താൻ, പെരുന്നാളിൻ്റന്ന് മൈലാഞ്ചിയിട്ട് ചുവപ്പിച്ച കുഞ്ഞുകൈകളിലെ ചുവപ്പ് കാണാൻ, പുത്തനുടുപ്പിട്ട കുഞ്ഞു മക്കളെ മാറോട് ചേർത്ത് കവിളിൽ ഉമ്മവെക്കാൻ, ഒന്നു കൊഞ്ചിക്കാൻ എത്ര കൊതിച്ചിട്ടുണ്ടാവും മുഴുമിപ്പിക്കാനാവാതെ... പാതിവഴിയിൽ നിലച്ചുപ്പോയവർ എത്ര പേരുണ്ടാവും പ്രവാസ നാട്ടിലിതു പോലെ... വാങ്ങിച്ച് വെച്ചതു പോലുമെടുക്കാതെ പടിയിറങ്ങി പോയത് ഇതിനായിരുന്നോ.... ഇത്ര തിരക്കിട്ടത് . എത്രയെത്ര സ്വപ്നങ്ങളുടെ മേലാണ് നമ്മൾ മണ്ണിട്ട് മൂടിയിട്ടുണ്ടാവുക, ആർക്കാണറിയുക? കൂട്ടിരിക്കുന്ന മൈലാഞ്ചി ചെടിക്കും മീസാൻ കല്ലിനുമല്ലാതെ....!