പുതിയ വിഭാഗം, ആരംഭിച്ച് 10 മാസത്തിനുള്ളിൽ വിജയകരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഡോ. സിന്ധു പറയുന്നു...

Mail This Article
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായിട്ട് രണ്ടാഴ്ച തികയുന്നു. ഭർത്താവ് സുബീഷിനു കരൾ പകുത്തു നൽകിയ പ്രവിജ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. സൗഖ്യം പ്രാപിച്ചു വരുന്ന സുബീഷും ഒരാഴ്ചയ്ക്കകം ആശുപത്രി വിടുമെന്നാണു പ്രതീക്ഷ. ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ സംഘത്തെ നയിച്ചത് മെഡിക്കൽ കോളജ് ആശുപത്രി സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ആർ.എസ്.സിന്ധുവാണ്. തിരുവനന്തപുരം തമ്പാനൂർ സ്വദേശിയായ ഡോ. സിന്ധു, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു കോട്ടയം മെഡിക്കൽ കോളജിൽ ചാർജ് എടുത്തത്. ഡോ. സിന്ധു ‘മനോരമ’യോട് സംസാരിക്കുന്നു:
∙ കോട്ടയത്ത് വന്നു പുതിയ വിഭാഗം ആരംഭിച്ച് 10 മാസത്തിനുള്ളിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എന്തൊക്കെയായിരുന്നു വെല്ലുവിളികൾ?
കഴിഞ്ഞ സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടങ്ങാൻ ഉത്തരവിടുന്നത്. അങ്ങനെയാണു 2021 ഫെബ്രുവരിയിൽ ഞാൻ ഇവിടെയെത്തുന്നത്. ഒപി ആരംഭിക്കുന്നത് ഏപ്രിലിലാണ്. പിന്നെ ഒരു വർഷമാകുന്നതിനു മുൻപേ വിജയകരമായി ശസ്ത്രക്രിയ നടത്തുന്നത് അപൂർവമായിരിക്കും.ഞാൻ ഇതൊരു ദൗത്യമായി സ്വീകരിച്ചിട്ട് 5 വർഷത്തോളമായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതേ ശസ്ത്രക്രിയ നടത്തിയപ്പോൾ ആ സംഘത്തിന്റെ ഭാഗമായിരുന്നു. ചെന്നൈ ഗ്ലോബൽ ഹോസ്പിറ്റലിൽ പോയി പഠിക്കുകയും ഒരു വർഷം അവധി എടുത്തു തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയും ചെയ്തു. ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പിന്തുണയും അന്നു ലഭിച്ചിരുന്നു. കിംസ് മാനേജിങ് ഡയറക്ടർ എം.ഐ.സഹദുല്ലയും ഞങ്ങളെ സഹായിച്ചു.

∙ ഈ ശസ്ത്രക്രിയയുടെ വിജയം സാധാരണക്കാർക്കു വലിയ ധൈര്യം നൽകുന്നുണ്ട്.
സാധാരണക്കാർക്കും താങ്ങാനാകുന്ന വിധം ശസ്ത്രക്രിയ എന്നതു തന്നെയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള വിജയനിരക്ക് സർക്കാർ മേഖലയിലും ആവർത്തിക്കാനായെങ്കിൽ മാത്രമേ സാധാരണക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രികളിൽ ഈ ശസ്ത്രക്രിയയ്ക്കു വിധേയരാകാൻ ധൈര്യം ലഭിക്കൂ.
∙ ഇത്രയും സങ്കീർണമായ ശസ്ത്രക്രിയയിലെ വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
ഏറ്റവും വെല്ലുവിളിയുള്ള ശസ്ത്രക്രിയകളിലൊന്നാണ് കരൾ മാറ്റിവയ്ക്കൽ. പഴയ കരൾ പൂർണമായി എടുത്തുമാറ്റുകയാണ് ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കുമ്പോൾ പൂർണമായി മാറ്റുന്നില്ല. അഥവാ പരാജയപ്പെട്ടാലും ഡയാലിസിസ് എന്നൊരു സാധ്യതയുമുണ്ട്. എന്നാൽ കരൾ അങ്ങനെയല്ല. മാറ്റിവയ്ക്കപ്പെട്ട കരൾ സ്വീകർത്താവിന്റെ ശരീരം സ്വീകരിച്ചില്ലെങ്കിൽ എത്രയും വേഗം മറ്റൊരെണ്ണം വയ്ക്കുക എന്നതു മാത്രമാണു പോംവഴി. ഇത്രയും നാളത്തെ തയാറെടുപ്പിനുള്ള സമയവും മറ്റെല്ലാ കാര്യങ്ങളും ഭംഗിയായി വന്നതു കൊണ്ടുമാണ് സുബീഷിന്റെ ശസ്ത്രക്രിയ ഇത്ര വലിയ വിജയമായത്. അടിയന്തരമായി നടത്തുന്ന ശസ്ത്രക്രിയകളിലും മറ്റും ഇത് ആവർത്തിക്കാൻ സാധിക്കണമെന്നില്ല.

∙അടുത്ത പദ്ധതി ?
ഇതിൽ പ്രത്യേക വൈദഗ്ധ്യം നേടിയ ടീമിന്റെ സാന്നിധ്യവും അവരെ നന്നായി പരിശീലിപ്പിച്ചെടുക്കുക എന്നതുമാണ് അടുത്ത പടി. അതിനായി പിഎസ്‌സി വഴി നിയമനം നടത്തണം. അങ്ങനെ ഒരു ടീമിനെ വളർത്തിയെടുക്കുന്നതു വരെ മറ്റ് ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനത്തെ ആശ്രയിക്കേണ്ടി വരും. കൂടാതെ ഇതിനാവശ്യമായ ആധുനിക ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തേണ്ടതുമുണ്ട്.
∙ ഏറ്റവുമധികം കടപ്പാട് ആരോടൊക്കെ?
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ നിന്ന് സഹായിക്കാനെത്തിയ ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്, ഡോ. തുൾസി ചോട്ടായി എന്നിവർ അടങ്ങിയ ഗ്യാസ്ട്രോ സർജൻമാരുടെ ടീമിനോട് കടപ്പാടുണ്ട്. ഡോ. ഷീബ വർഗീസിന്റെ നേതൃത്വത്തിലുള്ള അനസ്തെറ്റിസ്റ്റ് സംഘം, ഓങ്കോസർജറി വിഭാഗം മേധാവി ഡോ. മുരളി, ഡോ. സജിതയുടെ നേതൃത്വത്തിലുള്ള റേഡിയോളജി സംഘം, ഡോ. ജോ സ്റ്റാൻലി, ഡോ. മനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനറൽ സർജറി വിഭാഗം, ബ്ലഡ് ബാങ്കിലെ ഡോ. സുമ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. പതോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, മെഡിക്കൽ ഗ്യാസ്ട്രോ, സർജറി, ഓർത്തോ തുടങ്ങിയ എല്ലാ വിഭാഗങ്ങളും പിന്തുണ നൽകി. നഴ്സിങ് സ്റ്റാഫ്, പർച്ചേസ് വിഭാഗത്തിലെ യമുന, അറ്റൻഡേഴ്സ്, കുടുംബശ്രീ യൂണിറ്റ് എന്നിവരും സർവ സമയവും സജീവമായിരുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ, വീണ ജോർജ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരൊക്കെ പൂർണമായ പിന്തുണ തന്നു. ഇക്കാലയളവിൽ വീട്ടിൽ പോകാനേ സാധിച്ചിട്ടില്ല. ഭർത്താവ് രഘു എൻ.വാരിയർ, മകൻ നിരഞ്ജൻ കെ.വാരിയർ, അമ്മ എന്നിവരുടെ പിന്തുണ വില മതിക്കാനാകാത്തതാണ്.

Content Summary : Dr. R.S. Sindhu who led first liver transplant at Kottayam MCH wants poor to benefit from facility