അര്‍ബുദകാരികളായ മറുകുകളെ തിരിച്ചറിയാന്‍ അഞ്ച് വഴികള്‍
Mail This Article
ചര്‍മത്തിനു പുറത്ത് പ്രത്യക്ഷപ്പെടുന്ന മറുകുകള്‍ ചിലപ്പോള്‍ മെലനോമ എന്ന ചര്‍മാര്‍ബുദത്തിന്‍റെ ഭാഗമാകാം. ചര്‍മത്തിലെ ഡിഎന്‍എയുടെ തകരാറാണ് അര്‍ബുദകാരികളായ മറുകിന് കാരണമാകുന്നത്. തുടക്കത്തില്‍ ഈ മറുകുകള്‍ സാധാരണ മറുക് പോലെ തന്നെയാകും കാണപ്പെടുക. എന്നാല്‍ ജനിതകപരമായ ചില മാറ്റങ്ങള്‍ മൂലം ഇവ വേഗത്തില്‍ വളരാന്‍ ആരംഭിക്കുകയും അപകടകാരികളാകുകയും ചെയ്യുന്നു. ഈ അര്‍ബുദ മറുകുകള്‍ ശരീരത്തില്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. എന്നാല്‍ പൊതുവേ സ്ത്രീകളില്‍ കാലുകളിലും പുരുഷന്മാരില്‍ കഴുത്തിനും അരക്കെട്ടിനും ഇടയിലുള്ള ഭാഗത്തുമാണ് മെലനോമ വരാറുള്ളത്.
അര്‍ബുദ മറുകുകളെ ഇനി പറയുന്ന ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം.
1. രൂപത്തിലെ അസമത്വം
മെലനോമ മറുകുകളുടെ നടുവിലൂടെ ഒരു വര വരച്ചാല്‍ വരയുടെ രണ്ട് വശവും രണ്ട് വിധത്തിലായിരിക്കും. രണ്ടു ഭാഗങ്ങള്‍ക്കും സമാനതയുണ്ടാകില്ല.
2. അതിരുകള്‍ കയറിയും ഇറങ്ങിയും
അര്‍ബുദ മറുകുകളുടെ അതിരുകളും കയറിയും ഇറങ്ങിയും ഒരു നിരപ്പല്ലാതെയായി കാണപ്പെടാം. പരുപരുത്ത വശങ്ങളാകും ഇത്തരം മറുകുകള്‍ക്ക് ഉണ്ടാകുക.
3. നിറവ്യത്യാസം
പല തരം നിറത്തില്‍ മെലനോമ മറുകുകള്‍ വരാം. കറുപ്പ്, ചാരം, വെളുപ്പ്, ചുവപ്പ്, നീല എന്നിങ്ങനെ പല നിറങ്ങള്‍ ഇവയ്ക്കുണ്ടാകാം. വളരും തോറും ഇവയുടെ നിറവ്യത്യാസവും പ്രകടമാകും.
4. ഇരുണ്ടത്
മറ്റു മറുകുകളേക്കാള്‍ ഇരുണ്ട മറുകുകളെ ശ്രദ്ധിക്കണം. ഏത് വലുപ്പത്തിലും മെലനോമ മറുകുകള്‍ ചര്‍മത്തില്‍ പ്രത്യക്ഷപ്പെടാം.
5. നിരന്തരം മാറ്റങ്ങള്‍
നിറത്തിലും രൂപത്തിലും വലുപ്പത്തിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മറുകുകളും അര്‍ബുദ മറുകാകാം. ചൊറിച്ചില്‍, രക്തസ്രാവം പോലുള്ള ലക്ഷണങ്ങളും മറുകില്‍ കാണപ്പെടാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചര്‍മ രോഗ വിദഗ്ധനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്.
Content Summary: Cancerous Moles On Skin: 5 Ways You Can Identify Them