ഉണരുമ്പോൾ കൺപോളകൾ ഒട്ടിപ്പിടിച്ചിരിക്കാറുണ്ടോ? കണ്പീലിയിലെ താരന്റെ ലക്ഷണങ്ങൾ അവഗണിക്കരുത്!
Mail This Article
തലമുടിയില്‍ വരുന്ന താരനെ പറ്റി നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാല്‍ തലമുടിയില്‍ മാത്രമല്ല കണ് പീലികള്‍, മീശ, മൂക്ക് എന്നിങ്ങനെ നാം തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലും വരാവുന്ന ഒന്നാണ് താരന്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതും ചികിത്സിക്കാതെ വിട്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഒന്നാണ് കണ് പീലികളിലെ താരന്. കണ്ണില്‍ ലെന്‍സ് വയ്ക്കുന്നവര്‍ അണുബാധകള്‍ ഒഴിവാക്കാനായി ഇതിനെ പ്രത്യേകിച്ചും കരുതിയിരിക്കണം.
കണ് പീലികളിലെ താരന് ബ്ലെഫാരിറ്റിസ് എന്നറിയപ്പെടുന്നു. കണ്പീലികളിലും അതിന്റെ ചുവടിലും ബാക്ടീരിയയുടെ അംശം അധികരിക്കുമ്പോഴോ ഇവിടുത്തെ എണ്ണ ഗ്രന്ഥികള്‍ അടയുമ്പോഴോ ആണ് ഈ താരന് വരികയെന്ന് ഡോ. എസ്. എന്‍. ഝാ ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ശൈത്യകാലത്തും കാലാവസ്ഥ മാറുന്ന സമയത്തും ഇത് കൂടുതലായി കാണപ്പെടും. ഐലൈനറോ മസ്കാരയോ ഇട്ട ശേഷം അവ കളയാതെ ഉറങ്ങുന്നതും കണ്പീലികളിലെ താരന് കാരണമാകാം. കണ്പോളകള്ക്ക് ചൊറിച്ചില്‍, ചുവപ്പ്, നീര്‍ക്കെട്ട്, കണ്ണുകളില്‍ പുകച്ചില്‍, കണ്പീലികളുടെ അറ്റത്ത് ചില അടരുകള്‍ എന്നിവയെല്ലാം ഈ താരന്റെ ലക്ഷണങ്ങളാണ്. രാവിലെ എണീക്കുമ്പോള്‍ കണ് പോളകള്‍ ഒട്ടിപിടിച്ചിരിക്കുന്നതും ഇത് മൂലമാണ്.
ഇതൊരു സൗന്ദര്യപ്രശ്നം മാത്രമല്ലെന്നും ചികിത്സിക്കാതെ വിടുന്നത് പല സങ്കീര്‍ണ്ണതകളിലേക്കും നയിക്കാമെന്നും നേത്രരോഗവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കണ്ണിലെ നിരന്തരമായ അണുബാധയ്ക്കും കോര്‍ണിയ ദുര്ബലമാകുന്നതിനുമെല്ലാം ഇത് വഴി വയ്ക്കാം. കണ്ണില്‍ ലെന്‍സ് ഉപയോഗക്കുന്നവര്‍ക്ക് ഇത് മൂലം അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇവ ലെന്‍സില്‍ അടിഞ്ഞു കൂടി ബാക്ടീരിയ ഇവിടെ വളരാനും ഇടയാകാം.
ഇനി പറയുന്ന കാര്യങ്ങള്‍ കണ് പീലികളിലെ താരന് ഒഴിവാക്കാന്‍ സഹായിക്കും.
1. മൃദുവായ ക്ലന്‍സര്‍ ഉപയോഗിച്ച് നിത്യവും കണ്പീലികള് വൃത്തിയാക്കുക
2. കാലാവധി കഴിഞ്ഞ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക
3. ഉറങ്ങുന്നതിന് മുന്‍പ് കണ്ണിലെ മേയ്ക്ക് അപ്പ് നീക്കം ചെയ്യുക
4. തലയിലെ താരന് കണ്ണിലേക്ക് പടരാമെന്നതിനാല്‍ തലയിയെ താരന് ആദ്യം ചികിത്സിക്കുക
5. മേക്കപ്പ് വസ്തുക്കള്‍ പങ്കുവയ്ക്കുന്നതും കഴിവതും ഒഴിവാക്കുക.