ADVERTISEMENT

സമ്പത്തിന്റെയും ആഡംബരത്തിന്റെയും ലോകോത്തര ജീവിതനിലവാരത്തിന്റെയും പര്യായമായി മാറിയ ദുബായിലെ ഏറ്റവും വിലമതിപ്പേറിയ 'വീട്' പുതിയ ഉടമസ്ഥരെ തേടി വിപണിയിലെത്തിയിരിക്കുകയാണ്. 12 വർഷംകൊണ്ട് നിർമ്മിച്ച ഈ ആഡംബര കൊട്ടാരം, എമിറേറ്റ്സ് ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. 60000 ചതുരശ്രഅടി വിസ്തീർണത്തിൽ അകത്തളം ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ വില 204 മില്യൻ ഡോളറാണ് (1670 കോടി രൂപ). കണ്ണഞ്ചിക്കുന്ന ഈ വിലയ്ക്കൊത്ത അത്യാഡംബര സൗകര്യങ്ങളും അലങ്കാരങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ദ് മാർബിൾ പാലസ്' എന്നാണ് ഈ ആഡംബര സൗധത്തിന് റിയൽഎസ്റ്റേറ്റ് ഏജന്റുമാർ നൽകിയിരിക്കുന്ന വിളിപ്പേര്.

80 മില്യൻ ദിർഹത്തിനും 100 മില്യൻ ദിർഹത്തിനും (178 കോടി മുതൽ 223 കോടി വരെ) ഇടയിൽ വിലയുള്ള ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം. അഞ്ചു കിടപ്പുമുറികളാണ് ഇവിടെ ഉള്ളത്. ഇതിലെ പ്രധാന കിടപ്പുമുറി മാത്രം 4000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ളതാണ്. അതായത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന സാധാരണ വീടുകളുടെ മൂന്നിരട്ടിയെങ്കിലും വലുപ്പം ഈയൊരു  കിടപ്പുമുറിക്ക് തന്നെയുണ്ട്. ഇതിനെല്ലാം പുറമേ ആഡംബരം എടുത്തുകാണിക്കുന്ന മറ്റൊന്നുകൂടി ഇവിടെയുണ്ട്. ഇലകളുടെ ആകൃതിയിലുള്ള സ്വർണ്ണത്തിൽ നിർമ്മിച്ച ഏഴുലക്ഷം ഷീറ്റുകളാണ് ബംഗ്ലാവിന്റെ പകിട്ട് വർധിപ്പിക്കാനായി അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

ഗ്രൗണ്ട് ഫ്ലോറിലെ മുറികളെല്ലാം ധാരാളം സ്ഥലവിസ്തൃതി ഉറപ്പാക്കിക്കൊണ്ട് നിർമ്മിച്ചിരിക്കുന്നവയാണ്. ഒരേസമയം 15 കാറുകൾ പാർക്ക് ചെയ്യാവുന്ന ഗരാജ്, എഴുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഭീമാകാരമായ കോറൽ റീഫ് അക്വേറിയം, പവർ സബ്സ്റ്റേഷൻ എന്നിങ്ങനെ ഗ്രൗണ്ട് ഫ്ലോറിലെ ആഡംബരകാഴ്ചകൾ നീളും. 19 ബാത്റൂമുകളും ഇവിടെയുണ്ട്. അകത്തളത്തിലും ഔട്ട് ഡോറിലുമായി  സ്വിമ്മിങ് പൂളുകൾ സജ്ജീകരിച്ചിരിക്കുന്നു. 19 ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നിന്നുള്ള പ്രതിമകളും പെയിന്റിങ്ങുകളും അടക്കം  നാനൂറോളം കലാസൃഷ്ടികൾ അകത്തളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഉടമയ്ക്ക് താല്പര്യമില്ലാത്ത പക്ഷം ഈ കലാസൃഷ്ടികളും ഫർണിച്ചറുകളും ഒഴിവാക്കി വില്പന ചെയ്യാനും നിലവിലെ ഉടമ തയ്യാറാണ്. അതേസമയം ഉടമയുടെ പേര് വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മുകേഷ് അംബാനി 1349 കോടി രൂപ മുടക്കി ദുബായിൽ ആഡംബര വില്ല സ്വന്തമാക്കിയത് കഴിഞ്ഞവർഷമാണ്. ആ സമയത്ത് റിപ്പോർട്ടുകൾപ്രകാരം ദുബായിലെ ഏറ്റവും വിലയേറിയ വില്ലയായിരുന്നു അത്. നിരവധി ഇന്ത്യൻ കോടീശ്വരന്മാർക്ക് ദുബായിൽ ആഡംബരവീടുകളുണ്ട്. അതുകൊണ്ട് വീണ്ടും ഒന്നാംസ്ഥാനത്തിനായി ഇന്ത്യൻ കോടീശ്വരന്മാർ രംഗത്തിറങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ അതിന്റെ ആക്കം കൂട്ടിക്കൊണ്ടാണ് ഈ ആഡംബര സൗധം ഇപ്പോൾ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് റിയൽഎസ്റ്റേറ്റ് മേഖലയാണ് ദുബായിൽ ഏറ്റവും അധികം തിരിച്ചടി നേരിട്ടിരുന്നത്. എന്നാൽ കോവിഡ് വ്യാപനം കൃത്യമായി തടയാനായതും നിയന്ത്രണങ്ങൾ വേഗത്തിൽ പിൻവലിച്ചതും എമിറേറ്റിലേക്ക്   കൂടുതൽ നിക്ഷേപങ്ങൾ എത്തുന്നതിന് വഴിയൊരുക്കിയിരുന്നു.

English Summary- Most Expensive House for Sale in Dubai- Architecture News 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com