എമ്പുരാനിൽ കണ്ട ആ കൊട്ടാരം ശരിക്കും അങ്ങനെയല്ല!

Mail This Article
എമ്പുരാൻ സിനിമയുടെ ഓരോ ലൊക്കേഷനും അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഥാപശ്ചാത്തലത്തിന് ചേർന്നു പോകുന്ന ലൊക്കേഷനുകൾ തന്നെ തിരഞ്ഞെടുത്തു എന്നതാണ് സവിശേഷത. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം. ചിത്രത്തിലെ പിന്നീട് വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരം പശ്ചാത്തലമാക്കിയാണ്. രണ്ടു കാലഘട്ടങ്ങളിലെ വ്യത്യസ്ത ലുക്കിൽ ചിത്രത്തിൽ കൊട്ടാരം പ്രത്യക്ഷപ്പെടുന്നുണ്ട്. എമ്പുരാനിലെ വിഷ്വലുകളിലൂടെ തെന്നിന്ത്യൻ ചലച്ചിത്ര ആരാധകർക്കിടയിലും കൊട്ടാരം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.

പാരമ്പര്യത്തിന്റെ കാലാതീതമായ ഭംഗിയും ആഡംബരങ്ങളും ഒന്നുചേരുന്ന ഇടം. ഒരു വാസ്തുശിൽപ വിസ്മയം കൂടിയാണ് സുരേന്ദ്ര നഗർ ജില്ലയിലെ മുലിയിൽ സ്ഥിതിചെയ്യുന്ന അംബിക നിവാസ് കൊട്ടാരം. മുലിയിലെ രാജകുടുംബത്തിന്റെ പല തലമുറകൾക്ക് സാക്ഷ്യം വഹിച്ച കൊട്ടാരം 1930 ലാണ് നിർമിക്കപ്പെട്ടത്. എന്നാൽ ഇന്ന് അതിഥികൾക്ക് രാജകീയ ജീവിതം അനുഭവിച്ചറിയാൻ കഴിയുന്ന രീതിയിൽ ഒരു ഹെറിറ്റേജ് ഹോട്ടലായാണ് ഈ കൊട്ടാരം പ്രവർത്തിക്കുന്നത്. കൊട്ടാരത്തിന്റെ പ്രവേശന കവാടം മുതൽ ഓരോ കോണിലും രാജകീയ പ്രൗഢി നിറഞ്ഞുനിൽക്കുന്നു.
നിലവിൽ രാജകുടുംബത്തിന്റെ 24ാം തലമുറയാണ് ഇവിടെ വസിക്കുന്നത്. 40 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിൽ പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന പുൽത്തടികൾക്ക് നടുവിൽ അതിമനോഹരമായ കാഴ്ച സമ്മാനിച്ചുകൊണ്ടാണ് രണ്ടു നിലകളുള്ള ഈ കൊട്ടാരം തലയെടുപ്പോടെ സ്ഥിതിചെയ്യുന്നത്. 10 പാലസ് റൂമുകളും രണ്ട് സ്യൂട്ടുകളും ഇവിടെയുണ്ട്. 200 ചതുരശ്ര അടി മുതൽ 300 ചതുരശ്ര അടി വരെ വിസ്തൃതിയുള്ളതാണ് ഇവിടുത്തെ ഓരോ മുറികളും. പരമ്പരാഗത രീതിയിലുള്ള ഫർണിച്ചറുകളും ജനവാതിലുകളുമാണ് കൊട്ടാരത്തിൽ ഉടനീളമുള്ളത്. ഹെറിറ്റേജ് ഹോട്ടലായി മാറ്റിയിട്ടുണ്ടെങ്കിലും രാജകീയ പ്രതാപത്തിൽ തെല്ലും വിട്ടുവീഴ്ച വരുത്താതെയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

തനത് ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയാണ് കൊട്ടാരത്തിന്റെ നിർമാണത്തിൽ പ്രധാനമായും പിന്തുടർന്നിരിക്കുന്നത് എങ്കിലും യൂറോപ്യൻ ശൈലിയുടെ സ്വാധീനവും അവിടവിടെയായി കാണാം. ഫസാഡിലെ സങ്കീർണമായ കൊത്തുപണികളും ആർച്ച് ആകൃതിയിലുള്ള പ്രവേശന കവാടങ്ങളും വിന്റേജ് അലങ്കാരവസ്തുക്കളും പ്രൗഢമായ ഷാൻലിയറുകളും ഇതിനുദാഹരണമാണ്.

ഒന്നിലധികം നടുമുറ്റങ്ങൾ ഉൾപ്പെടുന്നതാണ് കൊട്ടാരത്തിന്റെ ഘടന. പുൽത്തകിടികൾ നിറച്ച് ഈ നടുമുറ്റങ്ങൾ സിറ്റിംഗ് ഏരിയകളായി മാറ്റിയിട്ടുണ്ട്. വലിയ ഹാൾ, കൊട്ടാരത്തിന് ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന വരാന്തകൾ, ഓപ്പൺ കോറിഡോറുകൾ, വിശാലമായ ഡൈനിങ് ഏരിയ എന്നിവയെല്ലാം ഇവിടെ കാണാം. വ്യത്യസ്ത നിറങ്ങളിലുള്ള ടൈലുകൾ മനോഹരമായ പാറ്റേണുകളിൽ ഉൾപ്പെടുത്തിയാണ് കോറിഡോറുകളുടെ ഫ്ലോറിങ് ഒരുക്കിയിരിക്കുന്നത്. മെയിൻ ലോഞ്ച് അടക്കമുള്ള പ്രധാന മുറികളിൽ ഡിസൈനർ വാളുകളാണ് നൽകിയിരിക്കുന്നത്.
ചുരുക്കത്തിൽ എമ്പുരാൻ ഹിറ്റായതോടെ അംബിക നിവാസ് കൊട്ടാരത്തിന്റെ പ്രസിദ്ധിയും വർധിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് കൊട്ടാരം കാണാനായി ഇവിടേക്ക് എത്തുന്നത്.