ADVERTISEMENT

നാളികേരോൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന്‌ തുരങ്കം വയ്ക്കാൻ വ്യവസായികൾ നീക്കം തുടങ്ങി. കേരളത്തിൽ വിളവെടുപ്പിന്‌ തുടക്കം കുറിച്ച സന്ദർഭത്തിൽ വിദേശ കൊപ്ര, പിണ്ണാക്ക്‌ ഇറക്കുമതി കണക്കുകൾ നിരത്തി ആഭ്യന്തര നിരക്ക്‌ ഇടിക്കാൻ സംഘടിത നീക്കം നടക്കുന്നതായി നാളികേര കർഷകർ. ഉൽപാദനത്തിൽ മുൻപന്തിയിൽ നിലകൊള്ളുന്ന ഫിലിപ്പീൻസിൽ നിന്നും അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്നുമാണ്‌ ഇറക്കുമതി കൂടുതലും നടക്കുന്നത്‌. ചരക്ക്‌ കൂലി ഇനത്തിലെ ലാഭമാണ്‌ കൊളംമ്പോയെ കൂടുതലായി ആശ്രയിക്കാൻ വ്യവസായികളെ പ്രേരിപ്പിക്കുന്നത്‌. അതേ സമയം ലോക വിപണിയിൽ താഴ്‌ന്ന വിലയ്‌ക്ക്‌ വെളിച്ചെണ്ണ വിൽപ്പന നടത്തുന്ന ഫിലിപ്പീൻസ്‌ ഏറ്റവും ആകർഷകമായ ക്വട്ടേഷനാണ്‌ കൊപ്രയ്‌ക്കും പിണ്ണാക്കിനും രേഖപ്പെടുത്തുന്നത്‌. വിദേശ ചരക്ക്‌ ഇറക്കുമതി പ്രചരിപ്പിക്കുന്നതിന്‌ പിന്നിൽ തമിഴ്‌നാട്‌ ലോബിയാണ്‌. രൂക്ഷമായ പച്ചതേങ്ങ ക്ഷാമത്തിൽ പല വൻകിട മില്ലുകളുടെയും പ്രവർത്തന സമയങ്ങളിൽ കുറവ്‌ വരുത്തി പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ്‌. വ്യവസായികളുടെ ഡിമാൻഡിന്‌ അനുസൃതമായി കൊപ്ര ശേഖരിക്കാൻ രംഗത്ത്‌ ഇറങ്ങിയാൽ നിരക്ക്‌ 500 രൂപയെങ്കിലും ഉയരുമെന്ന അവസ്ഥയാണ്‌ അവിടെ. നമ്മുടെ വിലയിലാണ്‌ കാങ്കയത്ത്‌ കൊപ്രയുടെ ഇടപാടുകൾ നടക്കുന്നത്‌, സാധാരണ നമ്മുടെ നിരക്കിലും ക്വിന്റലിന്‌ 500 രൂപ വരെ താഴ്‌ന്നാണ്‌ തമിഴ്‌നാട്ടിൽ കച്ചവടങ്ങൾ.

സംസ്ഥാനത്ത്‌ ഇന്ന്‌ രണ്ട്‌ ഏലക്ക ലേലമാണ്‌ നടന്നത്‌. രാവിലെ നടന്ന ലേലത്തിൽ 61,229 കിലോഗ്രാം ചരക്കും രണ്ടാം ലേലത്തിൽ 16 ടൺ ചരക്കുമാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തിയത്‌. കാലാവസ്ഥ വിഭാഗം മഴ സാധ്യതകൾ പ്രവചിക്കുമ്പോഴും ഉൽപാദന മേഖല കനത്ത പകൽ ചൂടിനെ അഭിമുഖീകരിക്കുന്നതിനാൽ വിളവെടുപ്പ്‌ അടുത്ത മാസത്തിലേക്ക് നീളില്ലെന്ന സൂചനയാണ്‌ ഉൽപാദകരിൽ നിന്നും ലഭ്യമാകുന്നത്‌. കാത്ത്‌ നിന്നാൽ പ്രതീക്ഷയ്‌ക്കൊത്ത്‌ ഏലക്ക സംഭരണം നടക്കുമോയെന്ന ആശങ്കയിൽ പരമാവധി ചരക്ക്‌ സംഭരണത്തിന്‌ ആഭ്യന്തര വാങ്ങലുകാരും കയറ്റുമതി സമൂഹവും ഉത്സാഹിക്കുന്നുണ്ട്‌. ശരാശരി ഇനം ഏലക്ക കിലോ 3131 രൂപ.

commodity-market-jan-13

ഹൈറേഞ്ചിലെ ചെറുകിട വിപണികളിൽ കുരുമുളക്‌ വരവ്‌ കുത്തനെ കുറഞ്ഞത്‌ വാങ്ങലുകാരെ വില ഉയർത്താൻ പ്രേരിപ്പിക്കുന്നു. കാർഷിക മേഖലകളിൽ മുളകിന്‌ വിൽപ്പനക്കാർ കുറവാണ്‌, കാലാവസ്ഥ മാറ്റങ്ങൾ മൂലം ഉൽപാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ കുറയുമെന്നാണ്‌ കർഷകരുടെ വിലയിരുത്തൽ. കാർഷിക മേഖലകളിൽ നേരിട്ട്‌ ഇറങ്ങി ഉൽപാദകരിൽ നിന്നും ചരക്ക്‌ സംഭരണത്തിന്‌ മധ്യവർത്തികൾ നീക്കം നടത്താൻ തുടങ്ങിയിട്ട്‌ ആഴ്‌ചകൾ പലത്‌ പിന്നിട്ടെങ്കിലും പലർക്കും കണക്ക്‌ കൂട്ടലിന്‌ ഒത്ത്‌ മുളക്‌ ശേഖരിക്കാനായില്ല. ഉൽപാദന കേന്ദ്രങ്ങളിൽ മികച്ചയിനങ്ങൾക്ക്‌ കിലോ 650 രൂപയിലേക്ക് വാങ്ങലുകാർ ഉയർത്തിയിട്ടും ലഭ്യത നാമമാത്രമാണ്‌. രാജ്യാന്തര തലത്തിൽ റബർ നേരിയ റേഞ്ചിൽ നീങ്ങി. ജാപ്പനീസ്‌ വിപണി പ്രദേശിക അവധി മൂലം പ്രവർത്തിക്കാഞ്ഞതിനാൽ ചൈന, സിംഗപ്പൂർ മാർക്കറ്റുകളിൽ ആവേശം ദൃശ്യമായില്ല. അതേ സമയം റെഡി മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 204 രൂപയിലാണ്‌. സംസ്ഥാനത്തെ വിപണികളിൽ വിൽപ്പനക്കാരുടെ അഭാവം മൂലം നാലാം ഗ്രേഡ്‌ 192 രൂപയിൽ വ്യാപാരം നടന്നു.

English Summary:

Coconut prices are skyrocketing in Kerala due to increased imports, hurting farmers. Cardamom and pepper markets are also experiencing price volatility because of supply shortages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com