ADVERTISEMENT

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പൃഥ്വിരാജിന്റെ നിലപാടിനെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. സിനിമ'യിൽ 'ഡയലോഗ്' പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ലെന്നു ശാരദക്കുട്ടി തന്റെ കുറിപ്പിൽ പറയുന്നു. 

ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

സിനിമ'യിൽ 'ഡയലോഗ്' പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരൻ ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോൻ പറഞ്ഞിട്ടാണ് wccക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നു ചോദിച്ചതും പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ' യോർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com