ADVERTISEMENT

അനന്യമായ ആഖ്യാനചാതുരിയാൽ വായനക്കാരെ വിസ്മയിപ്പിച്ച എസ്.കെ. പൊറ്റെക്കാട്ടിന്റ ചരമദിനമാണ് (ആഗസ്റ്റ് 6) കടന്നുപോകുന്നത്. ജനപ്രിയമായ ഒരു ആഖ്യാനശൈലിയുടെ ഉടമയാണ് പൊറ്റെക്കാട്ട്. ഏതു തലമുറയിൽപ്പെട്ട വായനക്കാരേയും ആകർഷിക്കുന്ന ആസ്വാദ്യകരമായ പ്രത്യക്ഷകഥനമാണത്. അതിന്റെ രഹസ്യം എന്താണെന്ന് പലർക്കും പിടികിട്ടിയിട്ടില്ല. നിരൂപകന്മാരുടെ പഠന-ഗവേഷണങ്ങൾക്കപ്പുറമുള്ള സംഗതിയാണത്. വായനക്കരോട് നേരിട്ടു സംവദിക്കാനുള്ള ആഖ്യാനകൗശലമാണ് പൊറ്റെക്കാട്ടിനെ കഥാലോകത്ത് വേറിട്ടു നിർത്തുന്നത്. 

 

പൊറ്റെക്കാട്ടിന്റെ രചനാസങ്കേതമായ ഉപകരണം അദ്ദേഹത്തിന്റെ ക്യാമറയാണ്. ഒരു ക്യാമറ മരണംവരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മനസ്സിൽ ഒളിപ്പിച്ചുവെച്ച ഉപകരണമായിരുന്നു അത്. എണ്ണമറ്റ ജീവിതചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളും അദ്ദേഹം അതിൽപകർത്തിയെടുത്തു. അത്തരം ചിത്രങ്ങളാണ് ജീവനുള്ള കഥാപാത്രങ്ങളായി പരിണമിച്ചത്. അവ ഉപയോഗിച്ച് വാക്കുകൾക്കപ്പുറം നടനവൈഭവം തീർക്കുന്ന കഥാമുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു സാധിച്ചു. വർണ്ണനയുടെ വാങ്മയചിത്രങ്ങൾ. അവ സഹൃദയമനസ്സിൽ ആസ്വാദനത്തിന്റെ അരങ്ങുകൾ സൃഷ്ടിക്കുന്നു. 

അവിടെയവർ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളാണ് പൊറ്റെക്കാട്ടിന്റെ നോവലിലും കഥകളിലുമുള്ളത്. വായനക്കാരുടെ ഭാവനാലോകത്ത് ഈ കഥാപാത്രങ്ങൾ വിസ്മയകരമായ ചലച്ചിത്രാനുഭവങ്ങൾ പങ്കുവെക്കുന്നു. തകർത്ത് അഭിനയിക്കുന്ന ഓരോ കഥാപാത്രവും ഒരിക്കലും മാഞ്ഞുപോകാത്ത കഥാസന്ദർഭങ്ങളാണ് സമ്മാനിക്കുന്നത്. 

മനുഷ്യരോടൊപ്പം പുല്ലിനും പുഴുവിനും പക്ഷിമൃഗാദികൾക്കും ഭൂപ്രകൃതിക്കും ഈ എഴുത്തുകാരൻ പ്രാധാന്യം കൊടുക്കുന്നുണ്ട്. വിഷകന്യക എന്ന നോവലിലെ പ്രകൃതിയുടെ രൗദ്രഭാവവും ഒരു ദേശത്തിന്റെ കഥയിലെ ഇലഞ്ഞിപ്പൊയിൽ എന്ന കാർഷിക സാമ്രാജ്യവും അവിടുത്തെ പ്രകൃതി സൗന്ദര്യവും ആസ്വാദകരെ കീഴ്പ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യത്തിലുമുണ്ട് ഈ ക്യാമറവിദ്യ. താൻ എത്തിച്ചേരുന്ന പരിസരങ്ങളിലേക്ക് തെളിമയോടെ തിരിച്ചുവെക്കുന്ന വിഡിയോ ക്യാമറയാണ് എസ്കെയുടെ യാത്രാവിവരണം. എഴുത്തുകാരനോടൊപ്പം വായനക്കാരും യാത്രചെയ്യുന്നതായ പ്രതീതി സൃഷ്ടിക്കാൻ അതുവഴി സാധിക്കുന്നു.

 

അസാധാരണമായ സൗഹൃദത്തിന്റെ ഉടമയായിരുന്നു. എസ്.കെ. പൊറ്റെക്കാട്ട്. അതുവഴി അദ്ദേഹം നാനാജാതി മതസ്ഥരായ നാട്ടുകാരിലേക്ക് ഇറങ്ങിച്ചെന്നു. സാധാരണക്കാർ പോലും അദ്ദേഹത്തിന്റെ സുഹുത്തുക്കളായിരുന്നു. അവരുടെ നടപ്പ്, ശരീരചലനങ്ങൾ, ഭാഷണങ്ങൾ, ഭാവഹാദികൾ, മുഖലക്ഷണങ്ങൾ. അവയെല്ലാം മനസ്സിന്റെ ക്യാമറകൊണ്ട് അദ്ദേഹം ഒപ്പിയെടുത്തു. അവരെ കഥാപാത്രങ്ങളായി പുനർസൃഷ്ടിച്ചു. ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ എന്നിങ്ങനെയുള്ള നോവലുകളിലെ പാത്രസൃഷ്ടി വേറിട്ടൊരു വായനാനുഭവമാണ്. ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചിമുതൽ ആമിനത്താത്തവരെയുള്ളവരും, ഒരു ദേശത്തിന്റെ കഥയിലെ കൃഷ്ണന്മാസ്റ്റർ, ശ്രീധരൻ, കുഞ്ഞപ്പു, ചെത്തുകാരൻമാക്കോത, കുളൂസ് പറങ്ങോടൻ, ഹൈക്കുളൂസ് കിട്ടുണ്ണി, മരക്കൊത്തൻ ലോപ്പൻ, ആധാരം ആണ്ടി, ചുണ്ടിന്മേൽപാണ്ടുള്ള ചെക്കു, കോരൻ ബട്ളർ, പെരിക്കാലൻ അയ്യപ്പൻ, കിട്ടന്റൈറ്റർ, മീശക്കണാരൻ, കൂനൻ വേലു, കൊതുഗാപാലൻ, ശങ്കുണ്ണി കമ്പൌണ്ടർ, ഞണ്ടുഗോവിന്ദൻ, വെടിവാസു, ഉണ്ണൂലിയമ്മ, അമ്മിണിയമ്മ, തടിച്ചി കുങ്കിച്ചിയമ്മ തുടങ്ങിയവരും മരണമില്ലാത്ത കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങൾ മാത്രമായിട്ടല്ല അവര്ജീവിക്കുന്നത്, അവര്സമ്മാനിച്ച കഥാസന്ദർഭങ്ങളും അനശ്വരങ്ങളാണ്.

 

കഥാസന്ദർഭങ്ങളുടെ പിരിമുറുക്കത്തിൽ നിന്നുപോലും ഉഗ്രഹാസ്യം നിർമ്മിച്ച് വായനക്കാരെ പൊട്ടിച്ചിരിപ്പിക്കാനുള്ള പൊറ്റെക്കാട്ടിന്റെ പാടവം അനന്യമാണ്. ‘ഒരു ദേശത്തിന്റെ കഥ’യില്‍ മദ്യപനായ കോരൻ ബട്ളറുടെ ഭാര്യ തിരുമാലയെ ‘പ്രൈവറ്റായി’ ബന്ധപ്പെടാൻ വാസു എത്തുന്ന രംഗം രസകരമാണ്. ശ്രീധരൻ എന്ന ജൂനിയർ കഥാപാത്രമാണ് പുറത്ത് കാവൽനിൽക്കുന്നത്, ഇടങ്ങേറുണ്ടായാൽ മുന്നറിയപ്പു നൽകാനുള്ള ബാലസൂത്രവുമായി:

 

രംഗങ്ങളെല്ലാം ഒരുങ്ങി. വാസനസോപ്പും അമേരിക്കൻ ഗോൾഡുമായി വാസു അകത്തു പ്രവേശിച്ചു. ശ്രീധരൻ തെങ്ങിൽ ആണിയടിച്ചു കുഴിയുണ്ടാക്കി മരുന്നു നിറയ്ക്കുകയാണ്. അപ്പോൾ കേട്ടു പിന്നിൽ നിന്ന് ക്ടോ- ക്ടോ എന്നൊരു ചെത്തം. മുഖം തിരിച്ചുനോക്കി. ചെത്തുകാരന്ഹൈക്കുളൂസ് കിട്ടുണ്ണി!

“ചെത്തിണ തെങ്ങിമ്മ എന്തൂട്ട് കാട്ട്ണ്!...” കിട്ടുണ്ണിയുടെ അധികാരസ്വരത്തിലുള്ള ചോദ്യം കേട്ട് ശ്രീധരൻ പരുങ്ങിനിന്നു.

 

“ഞാന്‍ വെടിപൊട്ടിച്ചു കളിക്ക്യാണ്”. ശ്രീധരൻ അല്പ്പം അപരാധബോധത്തോടെ ജല്പ്പിച്ചു. 

“എന്തൂട്ടാ തരം –നീയിപ്പം ഒരു കളിക്കുട്ട്യാ?--” അതുപറഞ്ഞ് കിട്ടുണ്ണി നാക്ക് അരയങ്കുലം പുറത്തേക്ക് നീട്ടി കടിച്ചുപിടിച്ചുകൊണ്ട് ശ്രീധരന്റെ കയ്യിലെ ആണിയും കല്ലും ഇടങ്കണ്ണിട്ടൊന്നു നോക്കി. കിട്ടുണ്ണിയുടെ പ്രത്യേക സ്വഭാവമാണത്. എന്തെങ്കിലും ആലോചിക്കുമ്പോൾ നാക്ക് അരയിഞ്ചു പുറത്തേക്ക് എത്തിനോക്കും.

 

അടക്കാൻ കഴിയാത്ത ഒരു ബാലിശ വികാരത്തോടെ കിട്ടുണ്ണി ശ്രീധരന്റെ കൈയിലെ ആണിയും കല്ലും പിടിച്ചുപറ്റി. ആണി തെങ്ങിലെ മരുന്നുകുഴിയിൽ അമർത്തിപ്പിടിച്ച് ഊക്കോടെ ഒരു മേട്ടം വെച്ചുകൊടുത്തു. 

“ ഠോ!” ചെറിയൊരു കതിനവെടിയുടെ ശബ്ദം അവിടെ മുഴങ്ങി. 

‘ചതിച്ചല്ലോ ഭഗവാനേ’ ശ്രീധരന്റെ കരളിലും ഒരു വെടിമുഴക്കമുണ്ടായി. 

“ഇനി നിന്റെ വെടീം പടേം ഒന്നും ചെത്തിണ തെങ്ങിമ്മ വേണ്ട കേട്ടോ...”. കിട്ടുണ്ണി ശ്രീധരനെ അങ്ങിനെ താക്കീതു ചെയ്ത്, കല്ല് ദൂരെ വലിച്ചെറിഞ്ഞ്, ഇരുമ്പാണി മടിയിൽതിരുകിവെച്ച് തളപ്പും കാലിൽ കുടുക്കി തെങ്ങന്മേലേക്ക് ഒരു ചാട്ടം ചാടി. ഒരു മിനിറ്റുകൊണ്ട് കിട്ടുണ്ണി ആ കുറുകിയ തെങ്ങിന്റെ കുരലിലെത്തിക്കഴിഞ്ഞു.

 

അപ്പോൾ കോരൻബട്ളറുടെ പുരയുടെ ഉമ്മറവാതിൽ മെല്ലെ തുറന്നു. പാതിതുറന്ന വാതിലിലൂടെ എത്തിനോക്കുന്ന തിരുമാലയുടെ മുഖവും അഴിഞ്ഞുലഞ്ഞ തലമുടിയും ശ്രീധരൻ കണ്ടു. സ്ഥലത്തു ശ്രീധരനെയല്ലാതെ മറ്റൊരു ജീവിയേയും കാണാതെ തിരുമാല മിഴിച്ചുനിന്നു. 

ശ്രീധരന്‍ ആകാശത്തിലേയ്ക്ക് കൈയുയർത്തി എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടി. ശ്രീധരൻ കൽപ്പിച്ചുകൂട്ടി കളിപ്പിച്ചതാണെന്നു വിശ്വസിച്ച് അരിശം മുർച്ഛിച്ച് തിരുമാല മുഖംചെരിച്ച് ‘ഫ’ എന്ന് ഒച്ചയില്ലാതെ ഒരാട്ടുവെച്ചുകൊടുത്തു, ശ്രീധരന്റെ നേർക്ക്.

ഉമ്മറ വാതിൽ വീണ്ടും അടഞ്ഞു.

 

മുകളിൽ നിന്ന് കുലയരിയുന്നതിന്റെ ഉതിർ മണികൾ ശ്രീധരന്റെ ശിരസ്സിൽ വർഷിച്ചു.

അപ്പോൾ പിന്നിൽ നിന്ന് ഒരു കാൽപ്പെരുമാറ്റം. ശ്രീധരൻ കഴുത്തുതിരിച്ചു നോക്കി. ചായപ്പീടികയിലെ ജാനു – കുറച്ചു ദൂരെ കൊട്ടയും കലവും കൈയിൽ പൊക്കിപ്പിടിച്ച് അനിയത്തി കോന്ത്രമ്പല്ലി കല്യാണിയും! (ഇരുവരും തിരുമാലയുടെ കുടുംബാംഗങ്ങൾ). 

 

പീടികയിൽ തീൻപണ്ടങ്ങൾ തീര്‍ന്നു പോയതുകൊണ്ടായിരിക്കണം അവർ പതിവിലും നേരത്തെ പുരയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. തെങ്ങിൻചുവട്ടിൽനിൽക്കുന്ന ശ്രീധരനെ ഒന്നു തറപ്പിച്ചുനോക്കി ഇരുവരും ഗൗരവഭാവത്തിൽ കടന്നുപോയി. 

ചതിച്ചു! ശ്രീധരൻ നെഞ്ഞത്തു കൈവെച്ചു തരിച്ചു നിന്നു. ആപത്ത് ഇരട്ടപെറ്റ മട്ടിലാണ് പുരയ്ക്കു നേർക്കു നീങ്ങുന്നത്. അപായസൂചകമായി വെടിപൊട്ടിക്കാൻ മരുന്നില്ല, ആയുധമില്ല. എന്തൊക്കെയോ ഭയങ്കര സംഭവങ്ങൾ നടക്കാൻ പോകുന്നു!

 

ശ്രീധരൻ കരുതിയതുപോലെതന്നെ പുരയ്ക്കകത്തുനിന്ന് ഒരു ബഹളം കേട്ടു. തുടർന്ന് ഉറക്കെ ചില പുലയാട്ടു വിളികളും...

വെടികൊണ്ട പന്നിയെപ്പോലെ തലയും താഴ്ത്തി നെട്ടോട്ടം കുതിച്ചുവരുന്നു വാസു! ശ്രീധരൻ പ്രാണഭയത്തോടെ ഒരു മൂലയിലേക്കു മാറിനിന്നു. 

ഒരുനിമിഷം കഴിഞ്ഞപ്പോൾ വാസു പോയ വഴിയെ വായുവിലൂടെ പറന്നുവരുന്ന ഒരു ഉരുണ്ട സാധനം. ആ സാധനം തെങ്ങിൻകടക്കൽ വന്നുവീണതും തെങ്ങിൽനിന്നും കുത്തനെ ഊരി വീണപോലെ കിട്ടുണ്ണി സ്ഥലത്തെത്തിയതും ഒരേ മുഹൂർത്തത്തിലായിരുന്നു. 

 

കിട്ടുണ്ണി കൗതുകത്തോടെ കുനിഞ്ഞുനിന്ന് ആ സാധനം പെറുക്കിയെടുത്ത് ഒന്നു മണപ്പിച്ചു. അവന്റെ നാക്ക് രണ്ടിഞ്ചു നീളത്തിൽ പുറത്തുചാടി: വിനോളിയ വൈറ്റ് റോസ് സോപ്പ്!

കിട്ടുണ്ണി വെറുതെ തെങ്ങിന്മുകളിലേക്കൊന്നു നോക്കി. ആത്മഗതംപോലെ മൊഴിഞ്ഞു, “കാക്ക കൊത്തിക്കൊടന്നിട്ടതാ”. സോപ്പ് മടിയിൽതിരുകിവെച്ച് ക്ടോ-ക്ടോ എന്നു താളം ചവിട്ടിക്കൊണ്ടു കിട്ടുണ്ണി പടികടന്നുപോയി. 

 

എസ്കെയുടെ കഥാസന്ദർഭങ്ങൾ വ്യാഖ്യാനിക്കുന്നതിനപ്പുറം അത് നേരിട്ട് അനുഭവിക്കുന്നതിലാണ് ആനന്ദം. അതെ, ക്യാമറ കൊണ്ടാണ് പൊറ്റെക്കാട്ട് കഥപറയുന്നത്. മേലുദ്ധരിച്ചത് ഒരു സാമ്പിൾ മാത്രമാണ്. ഇത്തരത്തിൽ അനശ്വരങ്ങളായ അനേകം കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച എസ്കെ പൊറ്റെക്കാട്ട് മലയാള കഥയിൽ നിത്യഹരിതമായ സാന്നിധ്യമാണ്.

 

11 നോവലുകളും 30 ചെറുകഥാസമാഹാരങ്ങളും 20 സഞ്ചാരസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ചുനിൽക്കുന്ന രചനയാണ് ഒരു ദേശത്തിന്റെ കഥ. 1980ൽ ജ്ഞാനനപീഠപുരസ്കാരത്തിന് അർഹമായ ഈ നോവൽ 1971ലാണ് പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ടു പിന്നിടുന്ന ഈ നോവലിന്റെ ആഖ്യാനസവിശേഷത ഇപ്പോഴും  കൗതുകമുണർത്തുന്നതാണ്. 

 

Content Summary: Remembering writer S. K. Pottekkatt on his death anniversary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com