ADVERTISEMENT

കാലത്തിന്റെ നടപ്പാതയിൽ ഈ നിമിഷം പണ്ടേ സ്ഥാനം പിടിച്ചതായിരുന്നു. ഓടിക്കിതച്ചും കാലിടറിയും അവസാനം നിങ്ങൾ ഇതിന്നു സമീപം എത്തിയിരിക്കുന്നു. യുഗങ്ങൾക്കു മുമ്പേ നിങ്ങൾക്കുവേണ്ടി രേഖപ്പെടുത്തിയ നിമിഷം.

– മഞ്ഞ്

എം. ടി. യിലേക്കെത്തുവാൻ ശ്രീജിത് പെരുന്തച്ചന് സാധിച്ചത് കർക്കടകത്തിലെ ഒരു ദിവസത്തിലാണ്. എം. ടിയുടെ കടുത്ത ആരാധകനായ അരുൺ പൊയ്യേരി മുഖാന്തിരമാണ് എം. ടി. എന്ന ഏകാക്ഷരത്തിന്റെ രചനാ മണ്ഡലത്തിലെത്തുന്നത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ കർക്കടകമാസത്തിൽ പതിവ് ചികിത്സയ്ക്കെത്തിയ മലയാളത്തിന്റെ സുകൃതത്തെ ശ്രീജിത് കാണുന്നത് അതീവ ഹൃദ്യമായിട്ടാണ്. കോട്ടയ്ക്കലിന്റെ കോട്ടയിലേക്ക് കടന്നതും വല്ലാത്ത പ്രശാന്തി. കാറ്റടിക്കുമ്പോൾ പോലും ദശമൂലാരിഷ്ടം കുടിച്ചപോലെ. വീട് വിട്ട്പോയ മകൻ ഏത് തെരുവിലൂടെ അലഞ്ഞു നടക്കുകയാവും എന്ന് ഒരമ്മ ചിന്തിച്ചാലെന്നപോലെ ആ ഡയറിയുടെ വിധി എന്തായിക്കാണും എന്നത് കോട്ടയ്ക്കൽ വച്ചും എന്റെ മനസ്സിലേക്ക് എത്തി.

"കോട്ടയ്ക്കലിലെ വിശ്വംഭരക്ഷേത്രത്തിൽ ഒന്നു തൊഴുതു. ക്ഷേത്രം അടച്ചിരിക്കുകയായിരുന്നു. നടയ്ക്കുള്ളിൽ വിശ്വംഭരനുണ്ടെന്ന് അറിയാം. എങ്കിലും എം. ടി. എന്ന വിഗ്രഹമായിരുന്നു മനസ്സില്‍. തൊഴുമ്പോൾ എം. ടിയുടെ നട തുറക്കണേ എന്നായിരുന്നു ആഗ്രഹിച്ചത്." മനോരമ ഞായറാഴ്ചപ്പതിപ്പിനുവേണ്ടി എം. ടി. യുമായുള്ള അഭിമുഖം. ചോദ്യങ്ങൾ ഡയറിയിലെഴുതിയതിന് അദ്ദേഹം ‘നൽകിയ വാക്കുകളുടെ വിസ്മയം’ നെഞ്ചോട് ചേർത്താണ് ശ്രീജിത് ആര്യവൈദ്യശാലയുടെ പടവുകളിറങ്ങിയത്. പത്തൊമ്പത് അധ്യായങ്ങളിലൂടെ നവതിയിലെത്തി നിൽക്കുന്ന കഥയുടെ/നോവലിന്റെ/സിനിമയുടെ ചക്രവർത്തിയുടെ ജീവിതം വായനക്കാരനിൽ നിറയുന്നു ഇന്ന് ശ്രീജിത്.

എം. ടി. ഉപയോഗിക്കുന്ന വാക്കിന് പകരം വാക്കില്ല. ‘ഓപ്പോൾ’ എന്ന് സിനിമയ്ക്ക് പേരിട്ടപ്പോൾ ആ വാക്കെന്താണെന്ന് തെക്കുള്ളവർക്കറിയുമോ എന്നതായിരുന്നു നിർമ്മാതാവിന്റെ സന്ദേഹം. പക്ഷേ വള്ളുവനാടൻ ഭാഷയിലുള്ള ആ വാക്ക് അവരും മനസ്സിലാക്കട്ടെ എന്ന ഉറച്ച നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഞാനൊരു തമാശ പറയട്ടെ. കേൾക്കട്ടെ എന്ന ഭാവത്തിൽ അവൾ നിന്നു. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല. അയാളുടെ വരണ്ട് വികൃതമായ മുഖത്ത് രക്തഛായകൾ മിന്നിമായുന്നത് കണ്ടു. അവൾ പരിഭ്രമിച്ചു പോയി. ഓ പരിഭ്രമമൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല. പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ വെറുതെ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. 

- മഞ്ഞ്

ഈ വരികളാണ് എം. ടിയുടെ മകൾ അശ്വതിക്ക് ഏറെ പ്രിയം. നിബന്ധനകളില്ലാത്ത ഇഷ്ടം തന്നെയാണല്ലോ അടുക്കിപ്പിടിച്ച ദുഃഖങ്ങളുടെ കഥാകാരനും പ്രിയം.

കവിതയും കദനവുമാണ് എം. ടിയുടെ എഴുത്തിന്റെ മാസ്മരിക ശക്തി. വായനക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച സാഹിത്യകാരൻ. എം. ടി. എന്നത് മലയാളികൾക്ക് രണ്ടക്ഷരമായല്ല ഏകാക്ഷരമായി മാറുന്നു. തിരസ്കരിക്കപ്പെടുന്നവരുടെ കദനവും രോഷവും അവരവരുടെതായി മാറുന്ന രചനാതന്ത്രത്തിനു മുന്നിൽ മലയാളികൾ നമസ്കരിക്കുന്നു. വിമലയും സുമിത്രയും അനുഭവിച്ച തിരസ്കാരം സഹൃദയർ മറക്കില്ല. ‘ഇടയ്ക്കൊക്കെ ഒന്നു ചിരിക്കണം അല്ലെങ്കിൽ ആ മഹാസിദ്ധി മറന്നുപോവും’ എന്ന സർദാർജിയുടെ വാക്കുകൾ എല്ലാ കാലത്തേക്കുമുള്ളതാകുന്നു.

Content Summary: Dr K. Devikrishnan Remembering M T Vasudevan Nair

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com