ഇതാണ് ഒറിജിനൽ കുഞ്ഞപ്പൻ ! അണിയറപ്രവർത്തകർ ആദ്യമായി തുറന്നു പറയുന്നു: വിഡിയോ
Mail This Article
അൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ കണ്ടവരെല്ലാം അതിലെ ‘റോബോ കുഞ്ഞപ്പനെ’ കണ്ട് അതിശയിച്ചവരാണ്. ആരാണ് ഇൗ റോബോട്ട് ? എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത് ? ആരാണ് അതിനെ ഉണ്ടാക്കിയത് ? എന്നു തുടങ്ങി ഒരുപാട് സംശയങ്ങൾ ആരാധകർ ഉന്നയിച്ചു. എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ആദ്യമായി സിനിമയുടെ അണിയറക്കാർ മനോരമ ഒാൺലൈനിലൂടെ തുറന്നു പറയുകയാണ്.
ചാർലി മുതൽ അമ്പിളി വരെയുള്ള ഒരുപാട് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സൂരജ് തേലക്കാടാണ് യഥാർഥ കുഞ്ഞപ്പൻ. റോബോട്ടിന്റെ വേഷമണിഞ്ഞ് സിനിമയിൽ അഭിനയിച്ച കഥ സുരാജിനും സൈജു കുറുപ്പിനും സംവിധായകൻ രതീഷ് പൊതുവാളിനും ഒപ്പം പങ്കു വച്ചപ്പോൾ സൂരജിന് അത് അഭിമാനനിമിഷമായി. സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സൂരജ് ആ വിജയത്തിന്റെ സന്തോഷത്തിലാണ്.
ഏറെ അഭിമാനത്തോടെയാണ് സുരാജും സൈജുവും സൂരജിന്റെ അഭിനയത്തെക്കുറിച്ചും സമർപ്പണത്തെക്കുറിച്ചും സംസാരിച്ചത്. ഡയലോഗ് പഠിക്കേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടു കൂടെ അഭിനയിക്കുന്നവരുടെ സൗകര്യത്തിനായി അതെല്ലാം കാണാപ്പാഠം പഠിച്ച സൂരജിനെ സംവിധായകനും അഭിനന്ദിച്ചു. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് ഇതു വരെ ഇൗ വിവരം പുറത്തു വിടാതിരുന്നതെന്നും ഒപ്പം കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയുണ്ടെന്നും എന്നാൽ അതു ഉടനെ കാണില്ലെന്നും സംവിധായകൻ പറഞ്ഞു.