സത്യജിത് റേയുടെ കഥകളുമായി എത്തുന്നു ആന്തോളജി ചിത്രം ‘റേ’

Mail This Article
അപു ട്രിലജിയും സത്യജിത് റേയുമില്ലാതെ ഇന്ത്യൻ സിനിമയ്ക്കൊരു ചരിത്രമില്ല. സിനിമയുടെ ചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ സത്യജിത്ത് റേയെ അനുസ്മരിക്കാതെ സിനിമയെന്ന വിസ്മയത്തിന്റെ കഥ പറയാനുമാകില്ല. സത്യജിത് റേയുടെ കഥകളെ അടിസ്ഥാനമാക്കി റേ എന്ന പേരിൽ നെറ്റ്ഫ്ലിക്സിൽ എത്തുന്ന ആന്തോളജി ചിത്രം അതുകൊണ്ടു തന്നെ മോശമാകാൻ തരമില്ല. മാനുഷിക വികാരങ്ങളെയും യാഥാർഥ്യത്തെയും സിനിമയിലേക്ക് എത്തിക്കാൻ അത്രകണ്ട് ശ്രമിച്ച, അതിൽ അതിമനോഹരമായി വിജയിച്ച ഒരു കുലപതിയുടെ കഥകളിൽ 4 എണ്ണം ദൃശ്യവൽക്കരക്കുമ്പോൾ ആരാധകരും വിമർശകരും ഒരു പോലെ കാത്തിരിപ്പിലാണ്, സത്യജിത് റേ സിനിമളോളം മനോഹരമാകുമോ അവയെന്ന് അറിയാനുള്ള കാത്തിരിപ്പ്.
അഭിഷേക് ചൗബി, ശ്രീജിത് മുഖർജി, വസൻ ബാല തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ആന്തോളജിയിൽ മനോജ് ബാജ്പേയ്, അലി ഫസൽ, ഹർഷവർധൻ കപൂർ, രാധികാ മഥൻ, ശ്വേത ബസു പ്രസാദ് തുടങ്ങി ഒട്ടേറെ പ്രമുഖ അഭിനേതാക്കൾ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
പ്രണയം, ചതി, കാമം, സത്യം എന്നിവയെ ആസ്പദമാക്കിയുള്ള, സത്യജിത് റേയുടെ നാലു ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് തിരക്കഥ. മേയ് 28നാണ് റേ യുടെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്. ഫസ്റ്റ്ലുക്ക് ചിത്രങ്ങളും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. ചിത്രം ഈ മാസം 25നാണ് റിലീസാകുക. ഹങ്കാമ ഹേ ക്യം ബർപ, ഫൊർഗറ്റ് മി നോട്ട്, ബഹ്‌രൂപിയ, സോട്ട്‌ലൈറ്റ് എന്നിങ്ങനെയാണ് നാലു ചിത്രങ്ങൾക്കും പേരിട്ടിരിക്കുന്നത്.
അഭിഷേക് ചൗബി സംവിധാനം ചെയ്യുന്ന ഹങ്കാമ ഹേ ക്യം ബർപയിൽ മനോജ് ബാജ്പേയും ഗജ്‌രാജ് റാവുവും അഭിനയിക്കുമ്പോൾ ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ഫൊർഗറ്റ് മി നോട്ടിൽ അലി ഫസൽ, ശ്വേത ബസു പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മൂന്നാമത്തെ ചിത്രം ബഹ്‌രൂപിയയും സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത് മുഖർജിയാണ്. വസൻ ബാല സംവിധാനം ചെയ്ത നാലാമത്തെ ചിത്രം സോട്ട്‌ലൈറ്റിൽ ഹർഷവർധൻ കപൂർ പ്രധാന വേഷത്തിലെത്തുന്നു.
29 ഫീച്ചർ ചിത്രങ്ങളും, 5 ഡോക്യുമെന്ററിയും 2 ഹൃസ്വ ചിത്രങ്ങളുമടക്കം 36 സിനിമകളഉടെ സൃഷ്ടാവായ സത്യജിത് റേയെ അനുസ്മരിക്കാൻ ഈ നെറ്റ്ഫ്ലിക്സ് ചിത്രംകൊണ്ടാവില്ല, എങ്കിലും സിനിമയുടെ ചരിത്രത്തിൽ ചെറുതല്ലാത്ത സ്ഥാനമുള്ള അദ്ദേഹത്തെ സിനിമാലോകം ഓർത്തെടുക്കുമ്പോൾ അത് വിസ്മയിപ്പിക്കുന്ന ചിത്രമാകുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.