സിനിമയിൽ മൈക്കിൾ പാണ്ഡവപക്ഷത്തുള്ളവർക്കൊപ്പം; എന്താണ് ‘ഭീഷ്മപർവം’?

Mail This Article
ഭീഷ്മപർവം കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള തീയറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഭാരതീയ ഇതിഹാസകഥയിലെ ഭീഷ്മരെന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി പുതിയകാലഘട്ടത്തിലെ കഥപറഞ്ഞുകൊണ്ട് അമൽ നീരദ് ഒരുക്കിയ ദൃശ്യവിരുന്ന് പ്രേക്ഷകരെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിട്ടുണ്ട്. എന്താണ് ‘ഭീഷ്മപർവം’ എന്ന സംശയം പലരുടെയും മനസിൽ അവശേഷിക്കുകയാണ്.
∙ എന്താണ് ഭീഷ്മപർവം?
ഭാരതത്തിന് രണ്ട് ഇതിഹാസങ്ങളാണുള്ളത്. രാമായണവും മഹാഭാരതവും പാശ്ചാത്യ ഇതിഹാസങ്ങളായ ഇലിയഡിനെയും ഒഡീസിയേയും കണക്കാക്കിയാൽ അവയിലുള്ള ശ്ലോകങ്ങളുടെ എട്ടിരട്ടിയോളം ശ്ലോകങ്ങളുള്ളവയാണ് ഈ ഇതിഹാസഗ്രന്ഥങ്ങൾ. വേദവ്യാസനെഴുതിയ മഹാഭാരതം മൂലകൃതിയ്ക്ക് ഹിമാലയം പോലെ തലയെടുപ്പും മഹാസമുദ്രം പോലെ ആഴവും പരപ്പുമുണ്ടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അത്രയേറെ കഥകളും ഉപകഥകളും ഇതിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെക്കാലത്തുപോലും ഇതിഹാസകഥകളെ പുതി രീതിയിൽ അവതരപ്പിക്കുന്ന അനേകം സിനിമകളും കലാസൃഷ്ടികളും രൂപംകൊള്ളുന്നുമുണ്ട്.

ദുഷ്യന്തന്റെയും ശകുന്തളയുടെയും മകനായ ഭരതൻ ആസേതുഹിമാലയം അടക്കിവാണ ചക്രവർത്തിയായാണ് വിവരിക്കപ്പെടുന്നത്. ഭരതന്റെ സാമ്രാജ്യത്തെ ഭാരതവർഷമെന്നാണ് വിളിക്കുന്നത്. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവരെ ഭാരതരെന്നാണ് വിളിക്കുന്നത്. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാണ് മഹാഭാരതം. കൗരവ–പാണ്ഡവ വൈര്യമാണ് മഹാഭാരതത്തിന്റെ നട്ടെല്ല്. മഹാഭാരത്തിന്റെ പ്രധാനകഥയായി ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ കഥയാണ് വിവരിക്കപ്പെടുന്നത്. പതിനെട്ടു പർവ്വങ്ങളായാണ് മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്. പതിനെട്ടുപർവങ്ങളിൽ ആറാമത്തെ പർവമാണ് ഭീഷ്മപർവ്വം.
ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവം, ഭീഷ്മപർവം, ദ്രോണപർവം, കർണ്ണപർവം, ശല്യപർവം, സൗപ്തികപർവം, സ്ത്രീപർവം, ശാന്തിപർവം, അനുശാസനപർവം, അശ്വമേധപർവം, ആശ്രമവാസികപർവം, മൗസലപർവം, മഹാപ്രാസ്ഥാനിക പർവം, സ്വർഗ്ഗാരോഹണപർവം എന്നിവയാണ് പതിനെട്ടുപർവങ്ങൾ. ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക് തികയുകയും ചെയ്യുമെന്നാണ് കണക്ക്.
ഈ പർവങ്ങളെ പിന്നെയും ഉപപർവങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ഉപപർവത്തെയും അധ്യായങ്ങളായും തിരിച്ചിട്ടുണ്ട്.പല ഭാഷകളിലായി വ്യാസമഹാഭാരതത്തിന് പുനരാഖ്യാനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. മലയാളികൾക്ക് ഏറ്റവും സുപരിചിതമായ മഹാഭാരതം ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛൻ എഴുതിയ മഹാഭാരതം കിളിപ്പാട്ടാണ്. കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം പദാനുപദ വിവർത്തനമാണ്.
∙ ഭീഷ്മപർവത്തിൽ പറഞ്ഞതെന്ത്?
മഹാഭാരതത്തിൽ കുരുക്ഷേത്രയുദ്ധത്തിന്റെ ആദ്യത്തെ പത്തുദിവസത്തെ കഥകൾ വർണിക്കുന്ന ഭാഗമാണ് ഭീഷ്മപർവം. കുരുക്ഷേത്രയുദ്ധത്തിന്റെ ആദ്യ പത്തുദിവസം യുദ്ധം നയിച്ചത് ഭീഷ്മരായിരുന്നു. ഭീഷ്മരെ നിസ്വാർഥതയുടെ പ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കൗരവസേനയുടെ സർവ സൈന്യാധിപനായി നിലകൊണ്ട ഭീഷ്മർ ഒരിക്കലും പാണ്ഡവരെ വധിക്കാൻ തയാറായിരുന്നില്ല. ഭീഷ്മരെ വീഴ്ത്താതെ യുദ്ധം മുന്നോട്ടുകൊണ്ടുപോവാൻ കഴിയാത്ത അർജജുനൻ ഭീഷ്മരോടുതന്നെയാണ് എന്താണുവഴിയെന്നു ചോദിക്കുന്നത്. കൃഷ്ണോപദേശപ്രകാരം യുദ്ധത്തിന്റെ പത്താംദിവസം ശിഖണ്ഡിയെ മുന്നിൽനിർത്തി അർജുനൻ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമേ മരിക്കൂയെന്ന വരം ലഭിച്ചിട്ടുള്ള ഭീഷമർ യുദ്ധഭൂമിയിൽ ശരശയ്യയിൽ കിടന്നു.
മരണം വരിക്കാൻ ഉത്തരയാണകാലം കാത്തുകിടന്ന ഭീഷ്മർ കൗരവരുടെ പതനം കണ്ടു. പിന്നെയും ഒരു മാസത്തോളം യുധിഷ്ടിരനു രാജ്യമെങ്ങനെ ഭരിക്കണമെന്ന ഉപദേശങ്ങൾ നൽകിയ ശേഷമാണ് മരണം വരിച്ചത്. ശ്രീകൃഷ്ണൻ അർജുനനു ഉപദേശിച്ചു നൽകുന്ന ‘ഭഗവത് ഗീത’ ഭീഷ്മപർവത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
∙ സിനിമയിലെ ഭീഷ്മരാണോ മൈക്കിൾ ?
‘ഞാനെപ്പോൾ മരിക്കണമെന്ന് ഞാൻ തീരുമാനിക്കു’മെന്ന് ഭീഷ്മരും മൈക്കിളും പറഞ്ഞിട്ടുണ്ട്. ‘അയാൾ ഉത്തരായണം കാത്തുകിടക്കുകയല്ലേ’യെന്ന് സിനിമയിൽ മൈക്കിളിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അവിവാഹിതനായ ഭീഷ്മർ. ആണിനും പെണ്ണിനും തോൽപ്പിക്കാൻ കഴിയാത്ത ഭീഷ്മർ. ആ ഭീഷ്മർക്കു തുല്യമാണ് അഞ്ഞൂറ്റിയിൽ മൈക്കിളപ്പനെന്ന മമ്മൂട്ടിക്കഥാപാത്രം. എന്നാൽ തന്റെ രണ്ടു വംശാവലികൾ തമ്മിൽത്തല്ലി തീർക്കുമ്പോൾ സിനിമയിൽ മൈക്കിൾ പാണ്ഡവപക്ഷത്തുള്ളവർക്കൊപ്പമാണ് നിൽക്കുന്നത്. ഇതിഹാസ കഥയിൽനിന്ന് സിനിമയിലെ ഭീഷ്മർ വ്യത്യാസപ്പെടുന്നത് ഇവിടെയാണ്.
തിമിരശസ്ത്രക്രിയയ്ക്കുശേഷം കൂളിങ് ഗ്ലാസ് വച്ചുനടക്കുന്ന മോളിയെന്ന കഥാപാത്രത്തെ കാഴ്ചയില്ലാത്ത ഗാന്ധാരിക്ക് സമാനമായി കഥയിൽ കൊണ്ടുവന്നിട്ടുണ്ട്. മോളിയുടെ മക്കളായ പീറ്ററും പോളും കൗരവർക്ക് തുല്യരായാണ് കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്.