മലയാളത്തിലെ മികച്ച 5 സിനിമകൾ സീ 5 ഗ്ലോബലിൽ; തെന്നിന്ത്യൻ സിനിമയുടെ ആഘോഷം

Mail This Article
ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സീ ഫൈവ് ഗ്ലോബൽ ദക്ഷിണേഷ്യൻ കണ്ടന്റുകൾ സ്ട്രീം ചെയ്യുന്ന കാര്യത്തിൽ ഏറെ മുന്നിലാണ്. ദക്ഷിണേന്ത്യൻ സിനിമ ആസ്വാദകർക്ക് ഒഴിവാക്കാനാകാത്ത മികച്ച സിനിമകളുടെ അമൂല്യ ശേഖരം തന്നെ സീ ഫൈവ് ഗ്ലോബലിലുണ്ട്. ഇന്ത്യൻ സിനിമാ വ്യവസായത്തിൽ തന്നെ മലയാള സിനിമ അതിന്റെ അതിന്റെ വ്യതിരിക്തമായ കഥപറച്ചിലിനും ശക്തമായ പ്രകടനത്തിനും പേരുകേട്ടതാണ്. വീകം, കൊച്ചാൾ, പാപ്പൻ എന്നിവയാണ് ഈ പട്ടികയിൽ പുതിയത്. വിവിധ ജോണറിലുള്ള മികച്ച മലയാളം സിനിമകളാണ് പുതുതായി സീ ഫൈവ് ഗ്ലോബലിൽ റിലീസ് ഹെയ്തിരിക്കുന്നത് അതിൽ നിന്ന് നിങ്ങളുടെ വാച്ച്‌ലിസ്റ്റിലേക്ക് ചേർക്കേണ്ട മികച്ച അഞ്ച് മലയാളം സിനിമകൾ ഏതാണെന്ന് നോക്കാം.
വീകം
സീ ഗ്ലോബലിലെ ഏറ്റവും പുതിയ മലയാളം ക്രൈം ത്രില്ലറുകളിൽ ഒന്നാണ് വീകം. കൊലപാതകകുറ്റത്തിൽ പ്രതിചേർക്കപ്പെട്ട മൂന്ന് ഫോറൻസിക് സർജൻമാരുടെ കഥപറയുന്ന വീകം നവാഗത സംവിധായകൻ സാഗർ രചനയും സംവിധാനവും നിർവഹിച്ച ഒരു സമ്പൂർണ്ണ ത്രില്ലറാണ്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഷീലു എബ്രഹാം, ദിനേഷ് പ്രഭാകർ, ഡെയിൻ ഡേവിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാനും സാഗറും മുമ്പ് സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ത്രില്ലറിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 24-നായിരുന്നു വീകം സിനിമയുടെ വേൾഡ് ഡിജിറ്റൽ പ്രീമിയർ.
കൊച്ചാൾ
പൊലീസ് ഓഫിസറാകുക എന്നതാണ് നിന്റെ ലക്ഷ്യമെന്ന് മാതാപിതാക്കൾ കാതിലോതി വളർത്തിയ ഒരു പൊക്കം കുറഞ്ഞ ചെറുപ്പക്കാരന്റെ കഥയാണ് കൊച്ചാൾ പറയുന്നത്. പക്ഷേ പൊക്കക്കുറവ് കാരണം പൊലീസ് സെലക്‌ഷനു പോകുമ്പോൾ ശ്രീക്കുട്ടൻ എന്ന കൊച്ചാൾ അപമാനിക്കപ്പെടുകയാണ്. വിധിവൈപരീത്യമെന്ന പോലെ കോൺസ്റ്റബിൾ ആയ അച്ഛൻ ഒരു ഉരുൾപൊട്ടലിൽ മരിക്കുമ്പോൾ പൊലീസ് യൂണിഫോം ശ്രീക്കുട്ടനെ തേടി എത്തുന്നു. കൊച്ചാൾ എന്ന സഹപ്രവർത്തകരുടെ കളിയാക്കൽ മറികടക്കാൻ ജോലിയിൽ തന്റെ കഴിവ് തെളിയിക്കണം എന്നതായിരുന്നു ശ്രീക്കുട്ടന്റെ ലക്‌ഷ്യം. എസ്.വി. ശ്യാം മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കൃഷ്ണ ശങ്കർ, മുരളി ഗോപി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചാൾ സീ ഫൈവ് ഗ്ലോബലിൽ ഇപ്പോൾ ലഭ്യമാണ്.
പാപ്പൻ
മലയാളി ഉറപ്പായും കണ്ടിരിക്കേണ്ട മലയാളം ക്രൈം ത്രില്ലറാണ് പാപ്പൻ. ജോഷി സംവിധാനം ചെയ്ത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്ന് നിർമിച്ച പാപ്പൻ കുടുംബബന്ധങ്ങളുടെ ശക്തമായ ആവിഷ്കാരത്തോടൊപ്പം ഒരു കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന ക്രൈം ത്രില്ലർ കൂടിയാണ്. ചിത്രത്തിൽ ഏബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ്‌ഗോപി എത്തുമ്പോൾ ഭാര്യയായി നൈല ഉഷയും മകളായി നീത പിള്ളയും അഭിനയിക്കുന്നു. കുടുംബ ജീവിതത്തിലും ജോലിയിലും തോറ്റുപോയ മാത്തൻ തന്റെ വൈകാരികവും ശാരീരികവുമായ മുറിവുകളെ മറികടക്കാനുള്ള ശ്രമത്തിലാണ്. അയാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കും ശാന്തമായ പെരുമാറ്റവും കൊണ്ട് തന്റെ മുൻകാല പൊലീസ് വേഷങ്ങളേക്കാൾ വളരെ വ്യത്യസ്തമായ പതിപ്പാണ് സുരേഷ്‌ഗോപി അവതരിപ്പിക്കുന്നത്അ
ഇനി ഉത്തരം
ത്രില്ലർ ആരാധകരെ പിടിച്ചിരുത്തുന്ന കഥയാണ് ഇനി ഉത്തരം പറയുന്നത്. താൻ ഒരാളെ കൊന്നുവെന്ന വെളിപ്പെടുത്തലുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന ഡോ. ജാനകിയാണ് ഇനി ഉത്തരത്തിലെ നായിക. തനിക്ക് പറയാനുള്ളത് സർക്കിൾ ഇൻസ്പെക്ടർ കരുണനോട് മാത്രമേ പറയൂ എന്ന് ശഠിക്കുന്ന ജാനകി ഏറെ നാടകീയ മുഹൂർത്തങ്ങൾ സിനിമയിൽ സൃഷ്ടിക്കുന്നുണ്ട്. സത്യം അന്വേഷിച്ചു ചെല്ലുന്നവർ കണ്ടെത്തുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടലുകൾ ഇതുവരെ കണ്ടതിൽ നിന്നും ഏറെ വ്യത്യസ്തമായ ക്രൈം ത്രില്ലറിലേക്കാണ് ഇനി ഉത്തരത്തെ കൊണ്ടുപോകുന്നത്. അപർണ ബാലമുരളി ജാനകിയുടെ വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഹരീഷ് ഉത്തമൻ, ചന്ദുനാഥ്, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സിദ്ധാർത്ഥ് മേനോൻ തുടങ്ങിയവരാണ് ഇനി ഉത്തരത്തെ സമൃദ്ധമാക്കുന്ന മറ്റു താരങ്ങൾ.
മൈ നെയിം ഈസ് അഴകൻ
ബി.സി. നൗഫൽ സംവിധാനം ചെയ്ത ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ബിനു തൃക്കാക്കര, ജോളി ചിറയത്ത്, ബിബിൻ ജോർജ്, ജാഫർ ഇടുക്കി, ശരണ്യ ആർ നായർ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. "സുന്ദരൻ" എന്നർത്ഥമുള്ള അഴകൻ എന്ന പേരുമായി പൊരുത്തപ്പെടാത്ത തന്റെ രൂപത്തെ കളിയാക്കുന്ന കൂട്ടുകാർക്കിടയിൽ വളർന്നുവന്ന ആൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. തനിക്കീ പേര് തന്ന അച്ഛനോടാണ് അഴകന് ദേഷ്യം. മനുഷ്യ മനസ്സുകളുടെ ശക്തമായ ആവിഷ്കാരമായ മൈ നെയിം ഈസ് അഴകൻ ഒരു കോമഡി എന്റർടെയ്‌നറാണ്. സീ ഫൈവ് ഗ്ലോബലിൽ ഇപ്പോൾ സ്ട്രീം ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ്.
English Summary: Top 5 Must-Watch Malayalam Movies on ZEE5 Global: A Celebration of South Indian Cinema