അനൂപ് മേനോന്റെ ‘ചെക്മേറ്റ്’; നായിക അമേരിക്കൻ മലയാളി
Mail This Article
അനൂപ് മേനോന്റെ പുതിയ ചിത്രം ചെക്മേറ്റ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൂർണമായും ന്യൂയോർക്കിൽ ചിത്രീകരിച്ച ചിത്രത്തിൽ അനൂപ് മേനോൻ, ലാൽ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. അമേരിക്കൻ മലയാളിയായ രതീഷ് ശേഖർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചെക്മേറ്റ് ഒരു മൈൻഡ്ഗെയിം ത്രില്ലറാണ്. ‘‘നിങ്ങളുടെ ഓരോ നീക്കവും അവസാനത്തേത് ആയിരിക്കാം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
ഹരിശ്രീ അശോകനെപ്പോലുള്ള ഒട്ടേറെ കലാകാരന്മാരെ വളർത്തിക്കൊണ്ടുവന്ന ഹരിശ്രീ ട്രൂപ്പിന്റെ ഉടമയും സിദ്ദീഖ്–ലാൽ ആദ്യമായി തിരക്കഥയെഴുതിയ ചിത്രം ‘പപ്പൻ പ്രിയപ്പെട്ട പപ്പന്റെ’ നിർമാതാവുമായ ഹരിശ്രീ ഹരീന്ദ്രന്റെ മകൾ രേഖ ഹരീന്ദ്രൻ ആദ്യമായി മലയാള സിനിമയിൽ നായികയാവുന്ന ചിത്രം കൂടിയാണ് ചെക്മേറ്റ്.
അമേരിക്കയിലെ പ്രമുഖ ധനകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥയായ രേഖ അറിയപ്പെടുന്ന മോഡലും ഡാൻസറും കൂടിയാണ്. സിനിമയ്ക്കായി ഒത്തുകൂടിയ ഒരു സംഘം മലയാളികളുടെ കൂട്ടായ്മയിൽ പിറന്ന ചിത്രം വരുന്ന സെപ്റ്റംബറിന് തിയറ്ററുകളിലെത്തും.