അതിനു പണം മാത്രം പോര: ഞാനും ബ്ലെസി ചേട്ടനും ഇപ്പോൾ ഉറങ്ങുമ്പോള് കാണുന്ന സ്വപ്നം: പൃഥ്വിരാജ് പറയുന്നു
![prithvi-blessy ബ്ലെസിയും പൃഥ്വിരാജും](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/4/22/prithvi-blessy.jpg?w=1120&h=583)
Mail This Article
‘ആടുജീവിത’ത്തെപ്പറ്റിയുള്ള പുതിയ സ്വപ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ് സുകുമാരൻ. രാജ്യാന്തരതലത്തിൽ സിനിമ അവതരിപ്പിക്കാൻ കഴിവുള്ള ഒരു സ്റുഡിയോയോ ബിസിനസ് സംരഭമോ ‘ആടുജീവിതം’ ഏറ്റെടുത്ത് ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതാണ് താനും സംവിധായകൻ ബ്ലെസ്സിയും ഇപ്പോൾ കാണുന്ന സ്വപ്നമെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ആടുജീവിതം’ ഒരു മഹത്തായ കലാ സൃഷ്ടിയായി എല്ലാവരും അംഗീകരിച്ചു. സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ചർച്ച ചെയുന്നുണ്ട്. എങ്കിലും ഇനി തങ്ങളുടെ സ്വപ്നം ലോകത്തിന്റെ മുന്നിൽ സിനിമയെ പ്രമോട്ട് ചെയ്യാൻ കഴിയുന്നവർ സിനിമ ഏറ്റെടുക്കണം എന്നാണ്. ഭാവിയിൽ താൻ അങ്ങനെ ഒരു നിലയിൽ എത്തിയാൽ ‘ആടുജീവിതം’ പോലൊരു സിനിമ അന്ന് റിലീസ് ആയാൽ, ഉറപ്പായും ആ സിനിമയെ പ്രമോട്ട് ചെയ്യാൻ മുന്നിൽ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.
‘‘വർഷങ്ങൾക്കു മുൻപ് ആടുജീവിതത്തിനെ കുറിച്ച് ഞാൻ പറഞ്ഞ അഭിമുഖങ്ങൾ നിങ്ങൾ എടുത്തു നോക്കിയാൽ കേൾക്കാൻ സാധിക്കും. കേരളം എന്നു പറയുന്ന ഒരു കൊച്ചു സംസ്ഥാനത്തിൽ നിന്നും ഞങ്ങൾ ഉണ്ടാക്കിയ ഒരു സൃഷ്ടിയാണ് എന്നു പറഞ്ഞ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു സിനിമയാക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ആടുജീവിതമെന്നാണ് അന്ന് ഞാൻ പറഞ്ഞിരുന്നത്. അതല്ലാതെ ഈ സിനിമ തിയറ്ററിൽ ഇറങ്ങി, വിജയിച്ച് ഇതിന്റെ ഇൻവസ്റ്റ്മെന്റ് തിരിച്ച് കിട്ടുക എന്നുള്ളതാണെങ്കിൽ ഇത്ര വലിയൊരു എഫർട്ടിന്റെയോ അല്ലെങ്കിൽ ഈ ലോകത്ത് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ടെക്നീഷ്യൻസിനെ അവരുടെ ശമ്പളം കൊടുത്തു കൊണ്ടുവരികയോ ചെയ്യുക എന്നുള്ളതിന്റെ ഒന്നും ആവശ്യമില്ല.
ഈ സിനിമ ചെയ്യുമ്പോൾ ഇതിന് ഏറ്റവും മികച്ച വേർഷൻ ചെയ്യുക എന്ന ഒരു ആഗ്രഹമുണ്ടായിരുന്നു ബ്ലെസി ചേട്ടന്. അതിന്റെ ഫലമായിട്ടാണ് ഇത്രയും പണം മുടക്കി ഇത്രയും കഷ്ടപ്പെട്ട് സിനിമ ചെയ്തത്. ഞാൻ ഈ സിനിമയിൽ അഭിനയിച്ചതുകൊണ്ട് പറയുന്നതിൽ അർഥമില്ല. എന്നാലും പറയുകയാണ് ഈ ആട് ജീവിതം എന്ന സിനിമ ഇന്ന് വേറൊരു നടനാണ് ചെയ്തിരുന്നതെങ്കിലും ഇന്ന് നിങ്ങളെല്ലാം വന്നിരിക്കുന്നത് പോലെ അന്ന് ഞാനും ഈ സിനിമയെ സപ്പോർട്ട് ചെയ്യാൻ വന്നിരുന്നേനെ. ഞാൻ ഉറപ്പായും അവിടെ ഉണ്ടാകും. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയങ്ങൾ ഒന്നായി ഈ സിനിമ മാറി. ലോകമെമ്പാടുമുള്ള മലയാളികൾ വലിയ സ്വീകാര്യത ഈ സിനിമയ്ക്ക് തന്നു. ഇന്ന് ഈ സിനിമ ഒരു ചർച്ചാവിഷയം ആയി നിൽക്കുന്നു. ആടുജീവിതത്തെക്കുറിച്ച് ഈ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരു വലിയ സ്റ്റുഡിയോ ഹൗസ് അല്ലെങ്കിൽ ഒരു ഇൻഡിപെൻഡൻസ് വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റ് ഇൻവെസ്റ്റർ ഇതൊരു മികച്ച കലാസൃഷ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ഇതിനൊരു ഇന്റർനാഷനൽ പ്രസൻസ് കൊടുക്കുകയാണെങ്കിൽ നന്നായിരുന്നു.
ഞാനൊരു ചെറിയ കഥ പറയാം, 16 ലക്ഷം രൂപ മുതൽമുടക്കിൽ നിർമിച്ച സിനിമയാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ടെററിസ്റ്റ് എന്ന സിനിമ. എനിക്ക് നേരിട്ട് അറിയാം സന്തോഷേട്ടൻ പറഞ്ഞിട്ടുണ്ട്. വളരെ മനോഹരമായ സിനിമയാണ് അത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. ഈ സിനിമ അന്ന് നിർമിച്ചിട്ട് ഇത് അവിടെ ഇവിടെ ചെറിയ ഫിലിം ഫെസ്റ്റിവലിൽ കാണിക്കുന്നു. തിരഞ്ഞെടുത്ത ചില ആൾക്കാരുടെ മുന്നിൽ സിനിമ പ്രദർശിപ്പിക്കുന്നു, അങ്ങനെ അമേരിക്കയിൽ എവിടെയോ ഇത് പ്രദർശിപ്പിച്ച ഒരു ദിവസം ജോൺ മാക്കോവിച്ച് എന്ന നടൻ അന്ന് ആ ഷോയുടെ ഭാഗമായിരുന്നു. അദ്ദേഹം ഈ സിനിമ കണ്ടിട്ട് സന്തോഷ് ശിവനോട് പറഞ്ഞു, ‘‘നിങ്ങൾ ചെയ്തത് ഒരു രാജ്യാന്തര നിലവാരമുള്ള സിനിമയാണ്. ഇത് ഇങ്ങനെ ഒന്നുമല്ല കാണിക്കേണ്ടത്’’ എന്ന് പറഞ്ഞിട്ട് അദ്ദേഹം ആ സിനിമ വാങ്ങിച്ചു.
ഇന്ന് നിങ്ങൾ ടെററിസ്റ്റിന്റെ കോപ്പിയെടുത്ത് കാണുകയാണെങ്കിൽ ജോൺ മാകോവിച്ച് അവതരിപ്പിക്കുന്ന എന്നതിൽ എഴുതിയിട്ടുണ്ട്. അദ്ദേഹം ഈ സിനിമ ഏറ്റെടുത്തതിനുശേഷമാണ് ആ സിനിമയ്ക്ക് ഒരു രാജ്യാന്തര അംഗീകാരം കിട്ടുന്നതും പല രാജ്യങ്ങളിലും ഈ സിനിമ പ്രദർശിപ്പിക്കപ്പെടുന്നതും. ആടുജീവിതം എന്ന സിനിമയ്ക്ക് അങ്ങനെ എന്തെങ്കിലും ആണ് ഇനി സംഭവിക്കേണ്ടത്. ബ്ലെസി ചേട്ടനും ഞാനും ഇപ്പോൾ കിടന്നുറങ്ങുമ്പോൾ കാണുന്ന സ്വപ്നം അതാണ്. ഏതെങ്കിലും ഒരു രീതിയിൽ ഒരാള്‍ സിനിമ കണ്ടിട്ട് ഈ സിനിമ കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട് എന്ന് പറയുകയും അങ്ങനെ ചെയ്യുകയും ചെയ്താൽ നന്നായിരുന്നു. ഇത് കേട്ടുകൊണ്ടിരിക്കുന്നവർ ചോദിക്കാൻ പോകുന്ന ചോദ്യം എനിക്കറിയാം. എന്നാൽ പിന്നെ അതിന്റെ ചെലവ് പൃഥ്വിരാജിനും ബ്ലെസിക്കും ഏറ്റെടുത്തു കൂടെ എന്നായിരിക്കും.
സാമ്പത്തിക ചെലവിന്റെ കാര്യമല്ല ഞാൻ പറഞ്ഞത്. പണത്തിന്റെ കാര്യമാണെങ്കിൽ ഒരുപക്ഷേ ഈ സിനിമ ഏറ്റെടുക്കാൻ പ്രാപ്തിയുള്ളവർ ഇവിടെ തന്നെ ഉണ്ടായിരിക്കും. പക്ഷേ ആ ഒരു പ്രോസസിനെ കുറിച്ചുള്ള ഒരു അറിവ് വേണം. അത് നടപ്പിലാക്കി എടുക്കാനുള്ള ഒരു പിടിപാട് വേണം. എന്നെങ്കിലും ഒരുകാലത്ത് ആ ഒരു പിടിപാട് എനിക്ക് ഉണ്ടാവുകയാണെങ്കിൽ അന്നൊരു ‘ആടുജീവിതം’ പോലെയുള്ള ഒരു സിനിമ ഉണ്ടാവുകയാണെങ്കിൽ ഞാൻ അത് ഉറപ്പായും ചെയ്യും.’’–പൃഥ്വിരാജ് പറഞ്ഞു.