ADVERTISEMENT

ഇതിഹാസ നടൻ തിലകന്റെ പഴയകാല ‘സ്റ്റൈലിഷ്’ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ചെറുപ്പം നിറഞ്ഞ തിലകനെയാണ് കാണാനാകുക. അച്ഛൻ ആർമിയിൽ ജോലി നോക്കിയിരുന്നപ്പോൾ എടുത്തതാണ് ഈ ചിത്രമെന്ന് തിലകന്റെ മകനും പ്രശസ്ത നടനുമായ ഷമ്മി തിലകൻ മനോരമ ഓൺലൈനിനോട് പറയുകയുണ്ടായി. കൈകൾ അലക്ഷ്യമായി പോക്കറ്റിൽ വച്ചിരിക്കുന്നു, അലസമായി മുകളിലേക്ക് നോക്കി പോസ് ചെയ്യുന്ന തിലകൻ, ഹോളിവുഡ് കഥാപാത്രമായ വോൾവറിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 1962ലാണ് ഈ ചിത്രമെടുക്കുന്നത്. ഇപ്പോൾ ഈ ചിത്രമെടുത്തിട്ടും 62 വർഷം.

മണ്മറഞ്ഞ  പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോൺ പോൾ, തിലകൻ പട്ടാളത്തിൽ ജോലി നോക്കിയിരുന്നതിനെപ്പറ്റി സഫാരി ചാനലിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

‘‘പാലപ്പുറത്ത് കേശവന്റെയും ദേവയാനിയുടെയും മകൻ സുരേന്ദ്രനാഥ തിലകൻ പട്ടാളത്തിൽ ചേർന്നത് രാജ്യസ്നേഹത്താൽ ഉത്‌ബോധിതനായിട്ടല്ല.  മാതാപിതാക്കളെ ആശ്രയിക്കാതെ അവരുടെ അപ്രീതി വേണ്ടുവോളം കൊയ്‌തെടുത്ത് ധിക്കാരിയായ ആ ചെറുപ്പക്കാരൻ സ്വയം പര്യാപ്തത തേടി നടത്തിയ യാത്രയുടെ ഒരു പാദമെന്ന നിലയിലാണ് അദ്ദേഹം പട്ടാളത്തിൽ എത്തിച്ചേർന്നത്.  അവിടുത്തെ ജീവിതത്തിനിടയിൽ അതിശൈത്യം മൂലമോ ഏതോ രോഗബാധ മൂലമോ അദ്ദേഹത്തിന്റെ കാലുകൾക്ക് സാരമായ ക്ഷതം സംഭവിച്ചു. അന്ന് മിലിട്ടറി ആശുപത്രിയിലെ ഡോക്ടർമാർ, ആ കാല് മുറിച്ചു മാറ്റണം എന്ന നിഗമനത്തിൽ എത്തി. മിലിട്ടറി ആശുപത്രിയിലെ ഡോക്ടർമാർ അത്തരമൊരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കുന്നതിന് ഈ രോഗബാധിതനായ വ്യക്തിയുടെയോ ആ കുടുംബത്തിന്റെയോ അനുമതി ചോദിക്കേണ്ടതില്ല.

അങ്ങനെ പാതിതളർന്ന കാലുമായി രോഗാവസ്ഥയിൽ കഴിയുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആ പട്ടാളക്യാംപ് സന്ദർശിക്കാൻ എത്തി. ചികിത്സയിൽ കഴിയുന്ന പട്ടാളക്കാരെ ആശ്വസിപ്പിക്കുന്നതിനായി മിലിട്ടറി ആശുപത്രിയിലും അദ്ദേഹം എത്തുകയുണ്ടായി. പ്രധാനമന്ത്രിയോട് ആരും ഒരു വാക്കുപോലും സംസാരിക്കരുതെന്ന കർശനമായ നിർദേശം ഓരോ പട്ടാളക്കാർക്കും നൽകിയിരുന്നു.

ഓരോ കട്ടിലും സന്ദർശിച്ച് തിലകന്റെ കട്ടിലിനരികെ എത്തിയപ്പോൾ ബഹുമാനപൂർവം അദ്ദേഹത്തെ തൊഴുതു. അടുത്ത കട്ടിലിലേക്കു പോകുവാൻ നേരം, ‘‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി എനിക്ക് അങ്ങയോട് ഒരു വാക്ക് സംസാരിക്കണം’’ എന്നു തിലകൻ പറഞ്ഞു. ഒരുപാട് പുരികങ്ങൾ ചുളിഞ്ഞുവെങ്കിലും സുരേന്ദ്രനാഥൻ പറഞ്ഞു,  ‘‘എന്റെ കാലുകൾ മുറിച്ചുമാറ്റാൻ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുകയാണ്. ഒരു പട്ടാളക്കാരന്റെയും അവയവങ്ങൾ അയാളുടെയോ അയാളുടെ കുടുംബത്തിന്റെയോ അനുവാദമില്ലാതെ ചെയ്യരുത് എന്ന വിനീതമായ അഭ്യർഥന എനിക്കുണ്ട്. അത് അങ്ങ് സ്വീകരിക്കുകയും ഈ ശസ്ത്രക്രിയയിൽ നിന്ന് എന്നെ ഒഴിവാക്കുകയും വേണം. അതുമൂലമുണ്ടാകുന്ന ഏതു അപകടത്തിനും ഞാൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് ഏറ്റെടുക്കുകയാണ്.’’ ഒരു നിമിഷം ഈ തന്റേടിയായ ചെറുപ്പക്കാരനെ സാകൂതം നോക്കികൊണ്ട് ജവഹർലാൽ നെഹ്‌റു കടന്നുപോയി.  

അന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് രോഗിയുടെയോ രോഗിയുടെ ബന്ധുക്കളുടെയോ അഭിപ്രായം ആരാഞ്ഞിരിക്കണം എന്ന് നിർദേശിച്ചു.  അങ്ങനെ രക്ഷപ്പെട്ടു കിട്ടിയ കാലുകളുമായിട്ടാണ് സൈനിക സേവനം അവസാനിപ്പിച്ച് സുരേന്ദ്രനാഥ തിലകൻ നാട്ടിലേക്കു മടങ്ങിയെത്തിയത്.  അദ്ദേഹം മടങ്ങിയെത്തിയത് നഷ്ടപ്പെട്ട കാലുമായിട്ടായിരുന്നെങ്കിൽ മലയാളത്തിന്റെ അഭിനയ സംസ്കൃതിക്ക് കാലത്തിന്റെ അതിരുകളോളം ആദരപൂർവം ഓർമിക്കാൻ കഴിയുന്ന ഒരു അഭിനയ പ്രഭുവിനെ നഷ്ടപ്പെടുമായിരുന്നു.’’–ജോൺ പോളിന്റെ വാക്കുകൾ.

English Summary:

Thilakan's Youthful, Stylish Black and White Photo Captures Internet's Heart

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com