ADVERTISEMENT

ഭൂതവും ഭാവിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍. അദ്ഭുതലോകത്തിന്റെ അകക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം. ഹോളിവുഡ് സിനിമകളോടുപോലും മത്സരിക്കുന്ന സാങ്കേതിക മികവ്, കല്‍ക്കി 2898 എഡി പ്രേക്ഷകന് സമ്മാനിക്കുന്നത് പുത്തന്‍ അനുഭവങ്ങളാണ്. ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെയൊന്ന് ആദ്യമായെന്ന് നിസംശയം പറയാം. വന്നുപോകുന്ന ഓരോ രംഗങ്ങളിലും മത്സരിച്ച് അഭിനയിച്ചത് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍. പ്രത്യേകിച്ച് സൗത്ത് ഇന്ത്യന്‍ സിനിമയിലെ പൊന്നുംവിലയുള്ള താരങ്ങള്‍. അതിഥിതാരങ്ങളായി ഇത്രയധികം സൂപ്പര്‍ താരങ്ങള്‍ ഒരു സിനിമയില്‍ എത്തുന്നതും ഇന്ത്യന്‍ സിനിമയില്‍ ആദ്യംതന്നെ എന്നു പറയാം. എന്നിട്ടും സിനിമയിലെ ഏറ്റവും പ്രധാന കഥാപാത്രമായ കൃഷ്ണനായി അത്രയേറെ പരിചിതനല്ലാത്ത കൃഷ്ണകുമാറിനെ അവതരിപ്പിച്ചത് എന്തുകൊണ്ടാകും?

കല്‍ക്കി 2898 എഡിയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഭഗവാന്‍ കൃഷ്ണന്റേത്. സിനിമയുടെ കഥാഗതിയില്‍ തന്നെ നിര്‍ണായകമായ കഥാപാത്രം. സിനിമയിലുടനീളം ചെറിയ കഥാപാത്രങ്ങളിലേക്ക് പോലും പ്രധാനപ്പെട്ട താരങ്ങള്‍ വന്നിട്ടും എന്തുകൊണ്ടാണ് കൃഷ്ണനായി കൃഷ്ണകുമാറിനെ അവതരിപ്പിച്ചത് എന്നതാണ് നവമാധ്യമങ്ങളിലെ സജീവ ചര്‍ച്ച. നന്നായി കൃഷ്ണനെ അവതരിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ മുഖം ഒരിക്കലും ക്ലോസപ്പ് ഷോട്ടില്‍ കാണിക്കാതെ പോയതില്‍ പരിഭവിക്കുന്നവരുമുണ്ട്. ഇതിനൊക്കെ പിന്നിലെ കഥകള്‍ അന്വേഷിച്ചു പോകുമ്പോള്‍ ഒരല്‍പ്പം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും.

കല്‍ക്കി സിനിമയുടെ തുടക്കം മുതല്‍ സംവിധായകനായ നാഗ് അശ്വിനൊപ്പം ചേര്‍ന്നു നിന്ന നിര്‍മാതാവാണ് വൈജയന്തി മൂവീസിലെ സി അശ്വിനിദത്ത്. തെലുങ്കിലെ എക്കാലത്തെയും ഒരുപിടി നല്ല സിനിമകളുടെ നിര്‍മാതാവ്. എന്‍.ടി. ആറിന്റെ വലിയ ആരാധകന്‍. അശ്വിനിദത്തിനെ സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതും എന്‍ടിആര്‍ എന്ന എന്‍.ടി രാമറാവു തന്നെ. അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്ക് വൈജയന്തി മൂവീസ് എന്ന പേരു നിര്‍ദേശിക്കുന്നതും ആദ്യ ചിത്രമായ എദുരുലേനി മനിഷിയില്‍ നായകനായി എത്തിയതും എന്‍ടി.ആറാണ്. വൈജയന്തി മൂവീസിന്റെ ശംഖൂതി നില്‍ക്കുന്ന കൃഷ്ണന്റെ ലോഗോ ഏറെ പ്രശസ്തമാണ്. ലോഗോയ്ക്കുവേണ്ടി കൃഷ്ണനായി എന്‍.ടി.ആര്‍ തന്നെ വേഷമിടണമെന്ന നിര്‍ബന്ധം അശ്വിനിദത്തിനുണ്ടായിരുന്നു. തെലുങ്കുനാട്ടില്‍ ഈ ലോഗോ അതിവേഗത്തില്‍ ശ്രദ്ധനേടി. കൃഷ്ണനെന്നാല്‍ എന്‍.ടി രാമറാവുവിന്റെ മുഖമെന്ന് പലരും സങ്കല്‍പ്പിച്ച് ആരാധിക്കുംവരെ കാര്യങ്ങളെത്തി.

kk-actor-kalki

തെലുങ്കാനക്കാരെപോലെ അശ്വിനിദത്തിനും കൃഷ്ണനെന്നാല്‍ ഇന്നും എന്‍.ടി രാമറാവുവാണ്. അതിനപ്പുറം ഒരു മുഖം ചിന്തിക്കാന്‍പോലും അദ്ദേഹം ഒരുക്കമല്ല. ഒരു സൂപ്പര്‍ സ്റ്റാറിനെ കൃഷ്ണനായി കാസ്റ്റ് ചെയ്യരുത്. കല്‍ക്കിയുടെ കാസ്റ്റിങ് നടത്തുമ്പോള്‍ സംവിധായകനോട് അദ്ദേഹം ആവശ്യപ്പെട്ടതും ഇതുതന്നെയായിരുന്നു. കൃഷ്ണനായി തെലുങ്കാനനാട്ടില്‍ എന്നും എന്‍ടിആറിന്റെ പേര് നിലനില്‍ക്കണം. ആ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൃഷ്ണനായി കൃഷ്ണകുമാറിന്റെ പേര് സംവിധായകന്‍ നിര്‍ദേശിച്ചത്. തമിഴ് നടൻ അർജുൻ ദാസ് ആണ് കൃഷ്ണന് ശബ്ദമായെത്തിയത്.

soorarai-pottru
സൂരറൈ പോട്ര് സിനിമയിൽ സൂര്യയ്‌ക്കൊപ്പം കൃഷ്ണകുമാർ

കല്‍ക്കി സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതു മുതല്‍ ആരാകും കൃഷ്ണന്റെ കഥാപാത്രം ചെയ്യുന്നതെന്ന ചര്‍ച്ച സജീവമായി ഉണ്ടായിരുന്നു. ഇന്ത്യയിലെ യുവതാരങ്ങളായ നിരവധി ആളുകളുടെ പേരുകളാണ് ഈ ലിസ്റ്റില്‍ അക്കാലത്ത് ഇടംപിടിച്ചത്. സിനിമ റിലീസ് ആയതോടെ തെലുങ്ക് സൂപ്പര്‍ സ്റ്റാറായ മഹേഷ് ബാബുവാണ് കൃഷ്ണനായി എത്തിയതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം ഉണ്ടായി. സിനിമ ഇറങ്ങിയപ്പോള്‍ അത് നാനിയാണെന്ന് പറഞ്ഞ് നാനി ആരാധകരെത്തി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കൃഷ്ണനായി എത്തിയത് താനാണെന്ന് കൃഷ്ണകുമാര്‍ തന്നെ തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു. മാരന്‍, സുരറൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച കൃഷ്ണകുമാര്‍ നാടകപ്രവര്‍ത്തകനാണ്.

English Summary:

Meet The Tamil Actor Who Played Lord Krishna In Kalki 2898 Ad Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com