ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം കൈമാറി ജെൻഡൂർ സെക്യൂരിറ്റി മേധാവി നയീം മൂസ

Mail This Article
വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം കൈമാറി ജെൻഡൂർ സെക്യൂരിറ്റി മേധാവി നയീം മൂസ. ഷാറുഖ് ഖാൻ, വിജയ്, രശ്‌മിക, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളുടെയും കല്യാൺ ജ്വല്ലറി പോലുള്ള കമ്പനികളുടെയും സുരക്ഷാ ചുമതല നിർവഹിക്കുന്നത് നയീമിന്റെ നേതൃത്വത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ജെൻഡൂർ സെക്യൂരിറ്റിയാണ്.
ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സെക്യൂരിറ്റി ഗ്രൂപ്പ് എന്ന ആശയം ഉണ്ടാകുന്നത്. 2004ൽ അത് യാഥാർഥ്യമാക്കി, കേരളത്തിൽ തൃശൂരിലും ഒരു ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുമ്പ് നടി രശ്മിക മന്ദാന കേരളത്തിൽ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥനായി എത്തിയത് നയീം ആയിരുന്നു.
ഇതിനിടയിൽ രശ്മികയ്ക്കൊപ്പം സെൽഫി എടുക്കാനെത്തിയ ആരാധകൻ നടിയുടെ ദേഹത്ത് സ്പർശിക്കാൻ ശ്രമിച്ചപ്പോൾ അത് തടയാൻ ശ്രമിക്കുന്ന നയീമിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.