പറഞ്ഞത് സരോജ് കുമാറിന്റെ ഡയലോഗോ? വൈറലായി ചന്തുവിന്റെ മറുപടി

Mail This Article
‘ഉദയനാണ് താരം’ എന്ന സിനിമയുടെ ക്ലൈമാക്സിൽ ശ്രീനിവാസന്റെ കഥാപാത്രമായ സരോജ് കുമാർ പറഞ്ഞ ഡയലോഗ് ജീവിതത്തിൽ റിക്രിയേറ്റ് ചെയ്ത് കയ്യടി വാങ്ങി സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ. ചന്തു അഭിനയിച്ച ‘പൈങ്കിളി’ എന്ന സിനിമ കണ്ടിറങ്ങി വരുന്നതിന് ഇടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് താരത്തിന്റെ വൈറൽ ഉത്തരം.
'ചന്തുവിന്റെ തിരിച്ചു വരവാണോ' എന്ന ചോദ്യത്തിന് വളരെ സ്വാഭാവികമായി ചന്തു പറഞ്ഞ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 'എന്റെ വരവും പോക്കുമൊന്നുമല്ലല്ലോ. എന്റെ ആദ്യത്തെ വരവ് തന്നെ അച്ഛന്റെ മേൽവിലാസത്തിലായിരുന്നു. താരങ്ങൾ ഉണ്ടാകുന്നത് ഇതുപോലുള്ള അഭിനേതാക്കൾ ഇതുപോലെ പെർഫോം ചെയ്തു വരുമ്പോഴാണ്. ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം. സജിൻ ഗോപുവാണ് താരം,' എന്നായിരുന്നു ചന്തുവിന്റെ മറുപടി.
‘ഉദയനാണ് താരം’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ, ഇത് സരോജ് കുമാറിന്റെ രണ്ടാം വരവായി കണക്കാക്കാമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആ കഥാപാത്രം നൽകുന്ന മറുപടി ഇങ്ങനെയായിരുന്നു. "എന്റെ വരവും പോക്കുമൊന്നുമല്ല വിഷയം. എന്റെ ആദ്യ വരവ് തന്നെ ഈ ചിത്രത്തിന്റെ സംവിധായകൻ ഉദയഭാനുവിന്റെ തിരക്കഥ മോഷ്ടിച്ചു കൊണ്ടായിരുന്നു. താരങ്ങളെ സൃഷ്ടിക്കുന്നത് വിവരമുള്ള ഫിലിംമേക്കേഴ്സ് ആണ്. അവരാണ് യഥാർഥ താരങ്ങൾ. ഉദയനാണ് താരം. ഞാനല്ല."
ചന്തുവിന്റെ മറുപടിയും ഉദയനാണ് താരം എന്ന സിനിമയിലെ ഈ സീനും ചേർത്തുവച്ചാണ് ആരാധകരുടെ ചർച്ച. ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’യിൽ കുഞ്ഞായി എന്നു വിളിക്കുന്ന അനീഷ് എന്ന കഥാപാത്രത്തെയാണ് ചന്തു അവതരിപ്പിക്കുന്നത്. സജിൻ ഗോപു അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ സുകുവിന്റെ ഉറ്റ സുഹൃത്താണ് കുഞ്ഞായി. ചിത്രത്തിൽ ചന്തുവിന്റെ പ്രകടനവും ആരാധക ശ്രദ്ധ നേടി. മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ് ‘പൈങ്കിളി’.