‘എമ്പുരാനിൽ’ പൃഥ്വിക്കു പറ്റിയ പാളിച്ച; ആദ്യം നല്ലതു പറയാൻ കാരണമുണ്ട്, മല്ലിക ചേച്ചിയുടേത് ഒരമ്മയുടെ വികാരം: മേജർ രവി അഭിമുഖം

Mail This Article
‘എമ്പുരാനി’ലെ നായകനും തന്റെ ഉറ്റ സുഹൃത്തുമായ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ലൈവിൽ പ്രതികരണവുമായി വന്നതെന്ന് മേജർ രവി. ഗുജറാത്ത് കലാപം സിനിമയിൽ കാണിച്ചപ്പോൾ അതിനു കാരണമായ ഗോധ്ര ട്രെയിൻ തീവയ്പ് കൂടി കാണിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വിവാദം ഉണ്ടാകില്ലായിരുന്നു എന്ന് മേജർ രവി പറയുന്നു. ടൈറ്റിൽ മൊണ്ടാഷിൽ വേഗത്തിൽ കാണിച്ചു പോയ ഈ സീനുകൾ ആർക്കും മനസ്സിലായില്ല. സിനിമ തുടങ്ങുന്നത് ഗുജറാത്തിലെ ഒരു മതവിഭാഗം മറ്റൊരു മതവിഭാഗത്തെ അകാരണമായി ആക്രമിക്കുന്ന രംഗങ്ങളിലൂടെയാണ്, അതാണ് പ്രധാന കുഴപ്പം. ‘എമ്പുരാൻ’ സിനിമയ്ക്ക് പറ്റിയ വീഴ്ച ഇതാണെന്നാണ് തന്റെ വിശ്വാസം. ഇതിന്റെ പേരിൽ മോഹൻലാലിന്റെ കേണൽ പദവി എടുത്തുകളയണം എന്ന് പറയുന്നതിൽ അർഥമില്ലാത്തതുകൊണ്ടാണ് വികാരപരമായി ഈ വിഷയത്തിൽ പ്രതികരിച്ചതെന്നും എന്ന് മേജർ രവി പറഞ്ഞു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻ അങ്ങനെ പറഞ്ഞത് അമ്മയുടെ വികാരമായിട്ടേ കാണുന്നുള്ളൂ എന്നും മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ മേജർ രവി പറഞ്ഞു.
‘‘സിനിമ എടുക്കുന്നവരുടെ സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഒരു കഥ പറയുമ്പോൾ അതിനെ പക്ഷപാതമായി പറയാതെ കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ആരും ചോദ്യം ചെയ്യില്ല. പ്രശ്നം എന്താണെന്ന് വച്ചാൽ പടം തുടങ്ങുന്നത് ഗുജറാത്തിലെ ഒരു മതവിഭാഗം മറ്റൊരു മതവിഭാഗത്തെ അകാരണമായി ആക്രമിക്കുന്ന രംഗങ്ങളിലൂടെയാണ്. നേരെ മറിച്ച് ഗോധ്രയിൽ ട്രെയിൻ കത്തുന്നിടത്തു നിന്നു തുടങ്ങിയെങ്കിൽ കുഴപ്പമില്ലായിരുന്നു. ട്രെയിൻ കത്തുന്നത് കാണിച്ചിട്ടുണ്ട്, പക്ഷേ മൊണ്ടാഷ് പോലെ ആണ് കാണിച്ചിരിക്കുന്നത്. അതും സിനിമയുടെ ടൈറ്റിൽ കാർഡിൽ. ആ സംഭവത്തിന്റെ പ്രതികാരമാണ് പിന്നെയുള്ള സീനിൽ വരുന്നതെന്ന് കാണിക്കുന്നെങ്കിൽ അത് കൃത്യമായി കാണിക്കണ്ടേ. പ്രേക്ഷകന് ഒരു രീതിയിലും ഈ രണ്ട് സംഭവങ്ങളെയും ബന്ധിപ്പിക്കാൻ ആകുന്നില്ല. അതിന്റെ ബാധ്യസ്ഥത സംവിധായകനും തിരക്കഥാകൃത്തിനുമുണ്ട്.
ഈ രണ്ടു കാര്യങ്ങളും യാഥാർഥ്യമാണ്. കോടതി തന്നെ എല്ലാ തെളിവുകളും പഠിച്ച് വിധി പറഞ്ഞ ഒരു കേസ് ആണത്. അവിടെയാണ് ഈ സിനിമയിലെ ഏറ്റവും വലിയ പാളിച്ച വരുന്നത്. ബാക്കി സംഭവങ്ങൾ എല്ലാം അതിന്റെ തുടർച്ചയായി വന്നതാണ്. ഇതിലാണ് പലർക്കും വേദനയുണ്ടായത്. സിനിമ ഇറങ്ങിയ ശേഷം കുറ്റം പലരിലേക്കും ചാർത്തുന്ന സ്ഥിതി വന്നു, മോഹൻലാലിന്റെ പേരിലും പൃഥ്വിരാജിന്റെ പേരിലും കുറ്റം വരുന്നു. യാഥാർഥ്യം അതുപോലെ കാണിച്ചെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു എന്നാണ് എന്റെ ഒരു തോന്നൽ. ചരിത്രം അതുപോലെ പറഞ്ഞെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു. അത് വെറുതെ ചിത്രങ്ങളിലൂടെ കാണിച്ചതു കൊണ്ട് ആർക്കും ഒന്നും മനസ്സിലായിട്ടില്ല. എന്താണ് നടന്നതെന്ന് അവിടെ ഒട്ടും വ്യക്തവുമല്ല. അവിടെയാണ് തിരക്കഥയിലും മേക്കിങ്ങിലും പാളിച്ച പറ്റിയത്.
ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞ അഭിപ്രായത്തെക്കുറിച്ചും വിമർശനങ്ങൾ വരുന്നുണ്ട്. സംവിധായകനും പ്രേക്ഷകനുമെന്ന നിലയിൽ കലാസൃഷ്ടി മാത്രമായാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്. കണ്ടപ്പോൾ ചില ചെറിയ പ്രശ്നങ്ങൾ തോന്നിയെങ്കിലും പൃഥ്വിരാജിന്റെ വലിയ പരിശ്രമത്തിലൂടെ ഒരുക്കിയെടുത്ത ആക്‌ഷൻ ഓറിയന്റഡ് സിനിമ, ആ രീതിയിൽ നന്നായി എന്ന് തോന്നിയതൊഴിച്ച് ബാക്കി ഉള്ളതൊന്നും ഞാൻ ശ്രദ്ധിച്ചില്ല.വില്ലനെ ഒക്കെ അങ്ങനെ വിട്ടു, ചരിത്രവുമായുള്ള ബന്ധമൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഉച്ചയ്ക്ക് റിപ്പോർട്ടുകൾ വരുന്ന സമയത്താണ് ഞാൻ ഈ കാര്യങ്ങൾ എല്ലാം ബന്ധപ്പെടുത്തി ആലോചിച്ചത്. അപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്നം ഇതിൽ ഉണ്ടല്ലോ എന്ന് തോന്നുന്നതും.
നിരവധിപേര്‍ എന്നെ വിളിച്ച് മോഹൻലാലിനെക്കുറിച്ച് ചോദിക്കുന്നു, എല്ലാവർക്കും മറുപടി കൊടുക്കാൻ കഴിയാത്തതുകൊണ്ട് ഒരു ലൈവിൽ വന്നു പറയാനുള്ളത് പറയാം എന്ന് കരുതി. പടത്തിന്റെ വർഗീയതയെക്കുറിച്ചൊന്നും അല്ല, മറിച്ച് മോഹൻലാലിന്റെ കേണൽ പദവി എടുത്തുമാറ്റണം എന്ന് പറഞ്ഞതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്. ആ മനുഷ്യന് നേരെ ഇങ്ങനെ ഒരു ആക്രമണം നടത്തേണ്ട ഒരു കാര്യവും ഇല്ല. ലാൽ യൂണിഫോം ഇട്ടിട്ട് ഇതിൽ എന്തെങ്കിലും തെറ്റ് ചെയ്തോ? യൂണിഫോം ഇട്ട് എന്തെങ്കിലും രാജ്യദ്രോഹപരമായ കാര്യങ്ങൾ ചെയ്തോ? ഇല്ലല്ലോ. പിന്നെ എന്തിനാണ് ലാലിന്റെ സൈനിക പദവിയെക്കുറിച്ച് ചർച്ച വരുന്നത്. ഇത് വിശദീകരിക്കുക ആയിരുന്നു എന്റെ ലൈവിന്റെ മുഖ്യ ഉദ്ദേശം.
അതിനിടയിൽ പലരും ചോദിക്കുന്നതിനു മറുപടി കൊടുത്തതാണ് ബാക്കി എല്ലാം. ഒരാൾ ഒരു ക്ലിപ്പ് അയച്ചു തന്നിട്ട് ലാൽ പടം കണ്ടു എന്ന് പറയുന്നത് കണ്ടു. ലാൽ പറഞ്ഞത് അതുവരെ ചെയ്ത തന്റെ ഭാഗങ്ങൾ കണ്ടു എന്നാകാം, അത് ഈ ഡബ്ബിങിന്റെ സമയത്തൊക്കെ കണ്ടുകാണും, അല്ലാതെ മുഴുവൻ സിനിമ കണ്ടു എന്നല്ല. അദ്ദേഹം പടം കണ്ടിട്ട് ഇറങ്ങി വരുന്ന രംഗങ്ങൾ കണ്ടവർക്ക് അറിയാം അദ്ദേഹത്തിന് മുഖത്ത് വലിയ മനോവിഷമം ഉണ്ടായിരുന്നു. പടം കണ്ടു കഴിഞ്ഞാണ് ഇതിന്റെ ഭീകരത അദ്ദേഹത്തിന് മനസ്സിലായത്, അതാണ് മുഖത്ത് പ്രതിഫലിച്ചത്. അതിനു ശേഷം അദ്ദേഹത്തിന് നേരെ അറ്റാക്ക് കൂടി വന്നപ്പോൾ തളർന്നുപോയി. ചിലപ്പോൾ നേരത്തെ പടം കണ്ടെങ്കിൽ അതിൽ വേണ്ട തിരുത്തുകൾ അദ്ദേഹം തന്നെ നിർദേശിക്കുമായിരുന്നു. പടം മുഴുവനായി കാണാൻ പ്രിവ്യു ഒന്നും അവർ നടത്തിയിട്ടില്ല. സ്ക്രിപ്റ്റ് വായിക്കുമ്പോൾ ഇതൊന്നും മനസ്സിലായില്ലേ എന്ന് ചോദിക്കുന്നുണ്ട്. പക്ഷേ സ്ക്രിപ്റ്റ് വായിച്ചുപോകുമ്പോൾ ഇതൊന്നും മനസ്സിലാകില്ല, ഇതാരാണ് എന്താണ് വില്ലൻ, അയാൾ ചെയ്യുന്നതെന്തെന്നൊന്നും നമുക്ക് മനസ്സിലാകില്ല.
മല്ലിക ചേച്ചിയുടെ ഒരു പോസ്റ്റ് കണ്ടു, അത് ഒരമ്മയുടെ വികാരമാണ്. ആരും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല, എല്ലാരും കൂടെ തന്നെ ഉണ്ട്. ഞാൻ പറഞ്ഞത് ലാലിന് നേരെ വന്ന അറ്റാക്കിനെ കുറിച്ചാണ്, പിന്നെ ചരിത്രം സിനിമയാക്കുമ്പോൾ യഥാർഥ പ്രശ്നങ്ങൾ എവിടെ തുടങ്ങി എന്നുള്ളതും കൂടി കാണിച്ചെങ്കിൽ ഈ വിവാദങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു.’’– മേജർ രവി പറഞ്ഞു.