ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പൃഥ്വിരാജിന് സിനിമയിൽ ശത്രുക്കളുണ്ടെന്ന് നടി മല്ലിക സുകുമാരൻ. മകനെതിരെ മേജർ രവി പറഞ്ഞ വാക്കുകൾ തന്നെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഈ വിഷയത്തിൽ ഒരു മറുപടി പറയാൻ തീരുമാനിച്ചതെന്നും മല്ലിക മനോരമ ന്യൂസിനോടു പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് മമ്മൂട്ടി മെസേജ് അയച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ കണ്ട് കണ്ണു നിറഞ്ഞുവെന്നും നടി പറയുകയുണ്ടായി.

മല്ലിക സുകുമാരന്റെ വാക്കുകൾ: ‘‘എനിക്ക് 70 വയസ്സ് കഴിഞ്ഞു. സിനിമയിൽ ശത്രുക്കൾ ഉണ്ട്. മേജർ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളിൽ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹൻലാലിനെ ചതിച്ചു എന്നും, മോഹൻലാൽ കരയുകയാണ് എന്നുമൊക്കെ മേജർ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതിൽ നല്ല ദേഷ്യമുണ്ട്. അത് ഞാൻ തുറന്നു പറയുകയാണ്. ഇത് മോഹൻലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതിൽ എല്ലാവർക്കും. ഇവർ എല്ലാം ഒരുമിച്ചിരുന്നാണ് ‘എമ്പുരാൻ’ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചതും. 

മോഹൻലാൽ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാൾക്ക് നൽകാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ കൊച്ചാക്കി പറയാും നാണമില്ലേ മേജർ രവിക്ക്? മോഹൻലാലിന്റെ വ്യക്തിത്വത്തെ വരെ ബാധിക്കില്ലേ അത്.  ഞാൻ മേജർ രവിയെ വിളിച്ചിരുന്നു. നിങ്ങൾ എന്തിനാ ഇങ്ങനെയൊക്കെ എഴുതിയത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ഏതോ പട്ടാള ഗ്രൂപ്പിൽ വന്നപ്പോൾ പ്രതികരിച്ചു എന്നാണ് മേജർ രവി പറയുന്നത്. എന്ത് ന്യായമുണ്ട്? എന്ത് അറിഞ്ഞിട്ടാ ഇതൊക്കെ പറയുന്നത്? ആർക്കെങ്കിലും വേണ്ടി ആണ് ഈ പറച്ചിലെങ്കിൽ അതൊക്കെ എന്തിനാണ്. ആദ്യം സിനിമ കണ്ട ശേഷം ഇദ്ദേഹം അഭിനന്ദിച്ചു. പിന്നീടാണ് വിമർശനവുമായി വന്നത്.

രാജു ചില സീനുകൾ ഒളിപ്പിച്ചു ചെയ്തു എന്നൊക്കെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള നുണ മേജർ രവി അടക്കം പറഞ്ഞു. അതൊക്കെ എന്റെ രാജുവിനും വിഷമമായി. എന്റെ കുടുംബത്തിലുമുണ്ട് അയാളേക്കാൾ വലിയ റാങ്കിലുള്ള പട്ടാളക്കാർ. അതൊക്കെ മേജർ രവിക്കും അറിയാം. സാക്ഷാൽ സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവൻ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാൻ. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തിൽ പ്രതികരിച്ചില്ലല്ലോ. മോഹൻലാലും രാജുവുമായി നിരന്തരം എപ്പോഴത്തെയും പോലെ സംസാരം ഉണ്ട്. രാജുവിനുനേരെ ഇങ്ങനെയൊക്കെ പറഞ്ഞു കേൾക്കുമ്പോൾ ലാലു വിഷമിച്ചിരിക്കുകയാകും. പിന്നെ കൂട്ടുകാർ എന്ന് പറയുന്ന ചിലർ മോഹൻലാലിനെ വിളിച്ച് ഓരോന്നും പറഞ്ഞു കൊടുക്കുകയല്ലേ. 

മോഹൻലാലിൽ നിന്നും എന്താണ് മേജർ രവിക്ക് ലഭിക്കുക എന്ന് എനിക്കറിയില്ല. എന്തെങ്കിലും ലാഭേച്ഛ കാണും. അല്ലെങ്കിൽ സിനിമ കണ്ട ശേഷം ചേച്ചി എനിക്ക് അമ്മയാണ്, ഇത് ചരിത്രമാകേണ്ടുന്ന സിനിമയാണ് എന്നെല്ലാം പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച ആളുകൾ അടുത്ത ദിവസം മോഹൻലാലിനെ പൃഥ്വിരാജ് പറ്റിച്ചു എന്ന് പറഞ്ഞ് പോസ്റ്റിടുന്നതൊക്കെ എത്ര മോശമാണ്‌. അതൊക്കെ ആർക്ക് വേണ്ടിയാണു ചെയ്യുന്നത് എങ്കിലും മോശമാണ്. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വയ്ക്കുന്നത്? ഇവരൊക്കെയാണോ രാജ്യം കാക്കുന്നവർ. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വയ്ക്കുന്നത്? 

മുരളി ഗോപിക്കുള്ള വിഷമം, ഇവർ എല്ലാവരെയും പറ്റിച്ചു എന്ന് പറയുന്നതിൽ മാത്രമാണ്. ഞാൻ മോഹൻലാലിനെയും ആന്റണിയെയും വിളിച്ചിരുന്നു. ഫോണിൽ കിട്ടിയില്ല. അപ്പോഴാണ് മേജർ രവിയെ വിളിച്ചത്.

എന്റെ ഫോണിൽ വരുന്ന മെസ്സേജുകളും കോളുകളും നിറയുകയാണ്. മമ്മൂട്ടിയുടെ മെസേജ് വന്നിരുന്നു. അദ്ദേഹത്തിന് ഒരു അസുഖവുമില്ല. ഒരു മൂന്നു മാസത്തേക്ക് ചെറിയ ഒരു അസുഖമുണ്ടെന്നു മാത്രം. അദ്ദേഹം കുടുംബത്തോടൊപ്പം ചെന്നൈയിൽ വിശ്രമിക്കുകയാണ്. ഇന്ന് പെരുന്നാളാണ്. ആ പെരുന്നാളിന്റെ തലേന്ന് പോലും മമ്മൂട്ടി എനിക്ക് മെസ്സേജ് അയച്ചു. 'ഇതൊക്കെ വിട്ടുകളയൂ ചേച്ചി.' എന്ന അർഥത്തിൽ മമ്മൂട്ടി ചില ഇമോജികൾ ചേർത്ത് മെസേജ് അയച്ചു. എന്റെ പോസ്റ്റ് കണ്ടു എന്നും മമ്മൂട്ടി പറഞ്ഞു. ഈ സിനിമാലോകത്ത് ഇത്രയും ആളുകൾ ഉണ്ടായിട്ടും, അദ്ദേഹത്തിന് അത് തോന്നിയല്ലോ. ഈ ഒരു സമയത്ത് സുകുമാരൻചേട്ടന്റെ കുടുംബത്തിന് വിഷമം ആകും എന്ന് മമ്മൂട്ടിക്ക് തോന്നിയല്ലോ. അതാണ് അദ്ദേഹത്തിന്റെ നന്മ. മമ്മൂട്ടിക്ക് സർവ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഇപ്പോൾ പറയാനുള്ളത്. 

ഈ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ അത് തടയാൻ ഒരു സമരം കൊണ്ടുവരാൻ നോക്കിയില്ലേ ചിലർ? അതൊക്കെ എന്ത് ലക്‌ഷ്യം വച്ചിട്ടാണ്. ഈ സിനിമ ഇറങ്ങിയാൽ ഗംഭീരമായ പേര് രാജുവിന് വരുമെന്ന് കരുതിയിരുന്ന ആരൊക്കെയോ ആണ് ഈ പ്രശ്നം ഉണ്ടാക്കിയത്. ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയുടെയും കൂടെ നിന്ന് ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ല. ഇപ്പോൾ ദേശീയ അവാർഡിന്റെ പട്ടികയിൽ രാജുവിന്റെ പേരുണ്ടല്ലോ എന്നൊക്കെ ഒരാൾ പറഞ്ഞു. അതു കേട്ട് ഞങ്ങൾ അതിയായി സന്തോഷിക്കാൻ പറ്റുമോ. ഇതൊക്കെ അതിന്റെ വഴിയേ നടക്കും. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം എന്നോടൊപ്പം ഉണ്ടാകും എന്ന് എനിക്കറിയാം.

വലിയ നേതാക്കൾ ഞങ്ങൾക്ക് എതിരെ എന്തൊക്കെയോ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാണ് കേൾക്കുന്നത്. ഞങ്ങൾക്കൊരു പേടിയുമില്ല. പൃഥ്വി ഹിന്ദുക്കൾക്കെതിരാണെന്നൊക്കെ ചിലർ പറയുന്നുണ്ട്. പൃഥ്വി എന്താ ഹിന്ദുവല്ലേ? പൃഥ്വിയെ ആർഎസ്എസ് എന്താണെന്നു പഠിപ്പിച്ചത് ഈ കാണുന്ന ഇപ്പോളത്തെ കുഞ്ഞുപിള്ളേരല്ല. ആർഎസ്എസ് എന്താണെന്നു എന്റെ മക്കളെ പഠിപ്പിച്ചത് കെ.ജി. മാരാർ സാറും പി.പി. മുകുന്ദൻ സാറുമൊക്കെയാണ്. അവർ ഇന്ന് ജീവിച്ചിരിപ്പില്ല. അങ്ങനെ ആർഎസ്എസ് ആവാൻ വേണ്ടി പഠിപ്പിച്ചതുമല്ല. 

ആർഎസ്എസ് ആകുക എന്നു പറഞ്ഞ് നള്ളത്തും പൂജപ്പുരയിലെ ശാഖയിലുമൊക്കെ ഞാൻ വിട്ടിട്ടില്ല. അവിടെ പോയാൽ വ്യായാമം ഒക്കെ ചെയ്യുന്നതും സൂര്യനമസ്കാരം ചെയ്യുന്നതുമൊക്കെ നല്ലതാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന് അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുഞ്ഞു പിള്ളേരാ. അന്ന് പോയിട്ടുമുണ്ട്. അന്നുതൊട്ട് ആർഎസ്എസിലെ മുതിർന്ന നേതാക്കന്മാരെയൊക്കെ ഞങ്ങൾക്ക് അറിയാം. അവരുടെ ഭാഷയ്ക്കും പെരുമാറ്റത്തിനും സഭ്യതയുണ്ട്. ആർഎസ്എസ് എന്താണെന്നു എന്നെയും എന്റെ മക്കളെയും ആരും പഠിപ്പിക്കണ്ട. പിണറായിയും നായനാരും കരുണകരനുമൊക്കെ ബഹുമാനം ലഭിക്കുന്നത് അവർ ജനങ്ങൾക്ക് നന്മ ചെയ്തു എന്നതുകൊണ്ടാണ്.’’

English Summary:

Actress Mallika Sukumaran stated that Prithviraj has enemies in the film industry. She told Manorama News that Major Ravi's words against her son deeply hurt her, prompting her response.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com