‘7 തിയറ്ററിലും ഹൗസ്ഫുൾ, 40 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യം’

Mail This Article
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ‘എമ്പുരാൻ’ ഹൗസ്ഫുൾ ആയി തിയറ്ററുകളിൽ തുടരുകയാണ്. തന്റെ നാൽപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യ സംഭവമാണെന്നും എല്ലാ തിയറ്ററുകളിലും സിനിമ ഹൗസ്ഫുൾ ആയി തുടരുകയാണെന്നും നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ പറയുന്നു.
‘‘എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യമായാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തിയറ്ററിലും ഹൗസ്ഫുൾ ഷോ നടന്നു പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്.
ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം.’’–ലിബർട്ടി ബഷീറിന്റെ വാക്കുകൾ.
അതേസമയം ‘എമ്പുരാൻ’ ആഗോള കലക്‌ഷനിൽ 200 കോടി പിന്നിട്ടു. കേരളത്തിൽ നിന്നു മാത്രം ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 50 കോടിയാണ്. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ചിത്രമായും എമ്പുരാൻ മാറി.
അവധി ദിവസമായ ഞായറും തിങ്കളും വെളുപ്പിന് നാല് മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളിൽ കലക്‌ഷൻ ലഭിച്ചു. ചൊവ്വാഴ്ചയും കലക്‌ഷനിൽ ഒരു കുറവുമില്ല. അഡ്വാൻസ് ബുക്കിങിലൂടെ മാത്രം 5 കോടിക്കു മുകളിലാണ് ഇതുവരെ ലഭിച്ചത്. വിദേശത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്നും ലഭിച്ചത് 14 കോടി.
രണ്ടാം ദിവസം: 8.45 കോടി
മൂന്നാം ദിവസം: 9.02 കോടി
നാലാം ദിനം: 11 കോടി
അഞ്ചാം ദിനം: 9 കോടി