‘ഇവർ മാപ്പ് രാജാക്കന്മാർ, സിനിമയോട് എന്ത് പ്രതിബദ്ധതയാണുള്ളത്’

Mail This Article
‘എമ്പുരാൻ’ വിവാദത്തിൽ മാപ്പ് പറഞ്ഞ പൃഥ്വിരാജിനെയും മോഹൻലാലിനെയും വിമർശിച്ച് സംവിധായകൻ സജീവൻ അന്തിക്കാട്. അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവർ ആരായാലും അവർക്ക് മുന്നിൽ കീഴടങ്ങി ശീലിക്കുന്നത് നല്ലതല്ലെന്നും ‘അത് വെട്ടിക്കളഞ്ഞോളാമെ’ എന്ന് ഏറ്റുപറയുന്നവർക്ക് അവരുടെ സിനിമയോട് എന്ത് പ്രതിബദ്ധതയാണുള്ളത് എന്ന് ചോദിക്കാതെ വയ്യെന്നും സജീവൻ അന്തിക്കാട് പറയുന്നു.
സജീവൻ അന്തിക്കാടിന്റെ വാക്കുകൾ:
മാപ്പ് പറഞ്ഞ് എമ്പുരാൻ
മാസ് ഐറ്റം 1: ആഫ്രിക്കയിലെ അടിമക്കമ്പോളം ആയിരുന്ന സെനഗലിൽ നിന്ന് മയക്കുമരുന്നും കൊണ്ട് മരുഭൂമിയിലൂടെ ഗിനിയിലേക്ക് പോയിരുന്ന കൺടെയ്നറുകളെയും ഡബ്ബിൾ ഏജൻ്റിനെയും ചുട്ടുചാമ്പലാക്കുന്നു.
മാസ് ഐറ്റം 2: ഫ്രാൻസിലെ കടലിൽ തരുണീമണികളെയും കൊണ്ട് നൗകയിൽ സഞ്ചരിച്ചിരുന്ന കാർട്ടൽ രാജാവിന്റെ മദ്യഗ്ലാസിൽ വെടിയുണ്ടയിടുന്നു. അതും പോരാഞ്ഞ് അയാളെ നോർത്തേൺ ഇറാഖിലെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കൊട്ടാരത്തിൽ മധ്യസ്ഥതയ്ക്ക് വിളിച്ച് വെടിവെച്ച് കൊല്ലുന്നു.
മാസ് ഐറ്റം 3: പിറ്റേന്ന് തന്നെ നെടുമ്പുള്ളി ഗ്രാമത്തിലെ ഒരു കുറ്റിക്കാട്ടിൽ പ്രത്യക്ഷപ്പെട്ട് ആറു ഗുണ്ടകളെ ആറു തവണ വീതം കൊല്ലുന്നു.
മാസ് ഐറ്റം 4: യമൻ മരുഭൂമിയിലെ ഡ്യൂണുകളിൽ കയറി നിന്ന് അവിടേക്കു വരുന്ന വില കൂടിയ വാഹനങ്ങളെ ബൈനോകുലർ വച്ച് നിരീക്ഷിക്കുന്നു.
മാസ് ഐറ്റം 5: സംസ്ഥാന മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുന്നു.
ഇനിയുള്ളത് റിയൽ ഐറ്റമാണ്. ഗുജറാത്ത് കലാപകാലത്ത് പത്തമ്പതു പേരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുത്തവനെ അതേ സ്പോട്ടിലേക്ക് വരുത്തി കഥകഴിക്കുന്നു.
ഇതൊക്കെ ചെയ്തു കൂട്ടിയത് രണ്ടു സൂപ്പർ സ്റ്റാറുകൾ ചേർന്നാണ്. അവർക്ക് രണ്ട് പേർക്കും കൂടി ഒരു തണ്ടെല്ലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ മാപ്പു പറഞ്ഞ് വെറുപ്പിക്കേണ്ടി വരുമായിരുന്നോ?
അതിന് മാത്രം പ്രഷറൊന്നും ഇവിടെ കാണുന്നില്ലല്ലോ. കലക്‌ഷനും കുറയുന്നില്ല. ഇതിലും കൂടുതൽ പ്രഷർ അനുഭവിച്ച സിനിമയായിരുന്നു ‘കേരള സ്റ്റോറി’. തിയറ്റർ തല്ലിപ്പൊളിക്കുമോ എന്ന ഭയം മൂലം വളരെ കുറച്ചു കേന്ദ്രങ്ങളിൽ മാത്രമെ അവർക്ക് റിലീസ് ചെയ്യാൻ കിട്ടിയുള്ളൂ. എന്നിട്ട് പോലും അവരൊന്നും മാപ്പ് പറയുന്നത് കണ്ടില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവർ ആരായാലും അവർക്ക് മുന്നിൽ കീഴടങ്ങി ശീലിക്കുന്നത് നല്ലതല്ല. പരമാവധി പിടിച്ചു നിൽക്കാൻ കഴിയണം. കാരണം ഇത് പിന്നീടൊരു കീഴ് വഴക്കമാകും. മതങ്ങളും അവരുടെ ആൾക്കൂട്ടങ്ങളും ആവിഷ്ക്കാരങ്ങളെ നിയന്ത്രിക്കുന്ന സമൂഹം എത്ര പഴഞ്ചനും പ്രാകൃതവുമാണ്. അവിടേക്കാണ് ഈ മാപ്പു രാജാക്കന്മാർ നമ്മളെ കൊണ്ടു പോകുന്നത്.
(ഈ സിനിമയിൽ ഏറ്റവും സിനിമാറ്റിക് ആയി ചിത്രീകരിച്ച സീനാണ് ഗുജറാത്ത് കലാപത്തെ ഓർമിപ്പിക്കുന്ന സീനുകൾ. “അത് വെട്ടിക്കളഞ്ഞോളാമെ” എന്ന് ഏറ്റുപറയുന്നവർക്ക് അവരുടെ സിനിമയോട് എന്ത് പ്രതിബദ്ധതയാണുള്ളത് എന്ന് ചോദിക്കാതെ വയ്യ )