‘മറിയേടമ്മേടെ ആട്ടിൻകുട്ടി’: ഹിറ്റ് പാട്ടിന് അടിപൊളി മേക്കോവറുമായി തങ്കച്ചൻ

Mail This Article
കോമഡി സ്കിറ്റുകളിലൂടെ മലയാളികൾക്ക് ചിരപരിചിതമായ ഗാനമാണ് ‘മറിയേടമ്മേടെ ആട്ടിൻകുട്ടി’ എന്ന പാട്ട്. തങ്കച്ചൻ എന്ന മിമിക്രി താരം സ്വതസിദ്ധമായ ശൈലിയിൽ ഹാസ്യപരിപാടികളിൽ അവതരിപ്പിച്ചിരുന്ന ഇൗ ഗാനം അദ്ദേഹം തന്നെ മറ്റൊരു രൂപത്തിൽ ഗംഭീര മ്യൂസിക് വിഡിയോ ആക്കി മാറ്റിയിരിക്കുകയാണ്. പുറത്തിറങ്ങി ഒരു ദിവസം കൊണ്ടു തന്നെ 10 ലക്ഷം പേർ യൂട്യൂബിൽ കണ്ട ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.
മണി വി. നായരാണ് അതീവരസകരമായ ഇൗ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വരികളെഴുതി ഗാനം ആലപിച്ചിരിക്കുന്നത് തങ്കച്ചൻ തന്നെയാണ്. വിഡിയോയിൽ ഗംഭീര ലുക്കിൽ അഭിനയിച്ചിരിക്കുന്നതും അദ്ദേഹം തന്നെ. ഇഎംഡി മ്യൂസിക് കമ്പനിയാണ് ഇൗ വിഡിയോയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്.
വളരെ രസകരമായിട്ടാണ് ഗാനത്തിന്റെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. പ്രകാശ് റാണയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു പോപ് വിഡിയോ ആൽബത്തിന്റെ മൂഡിലാണ് ജനപ്രിയ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത്.