ADVERTISEMENT

എൻജോയ് എൻജാമി 30 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ് സംഗീതാസ്വാദകരുടെ ഹൃദയകവാടങ്ങളിൽ കുക്കൂ.. കുക്കൂ വിളിക്കുമ്പോൾ ഈ ഗാനത്തിനു പിന്നിലുള്ള കണ്ണീരും വേദനയും കൂടി ചർച്ചയാവുകയാണിപ്പോൾ. പ്രകൃതിയും അതിജീവനവും ഒക്കെ പറഞ്ഞു പോകുമ്പോഴും അതിനുള്ളിലൂടെ തന്റെ പൂർവികരുടെ ചരിത്രം കൂടി ഗായകനും ഗാനരചയിതാവുമായ തിരുക്കുറൾ അറിവ് പറയുന്നുണ്ട്. 

200 വർഷങ്ങൾക്കു മുൻപു പട്ടിണിയോടു പടവെട്ടിയിരുന്ന ഒരു കൂട്ടം തമിഴ് ജനതയെ ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തിൽ ജോലിക്കായി കൊണ്ടു പോയി. ശരിക്കും അടിമകളായിരുന്നു അവർ. വന്യമൃഗങ്ങൾ വിളയാടിയിരുന്നു ഘോരവനങ്ങൾ വെട്ടിത്തെളിച്ച് അവിടെ വീടുകെട്ടി, തേയില നുള്ളി ജീവിതം തിരികെപ്പിടിക്കാനായിരുന്നു ശ്രമം. തേയില കൃഷിയിലൂടെ ശ്രീലങ്കയുടെ പണപ്പെട്ടി നിറഞ്ഞു. ആ പണത്തിന്റെ ഏറിയ പങ്കും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ ചോരയും വിയർപ്പുമായിരുന്നു. 

എന്നാൽ, പിന്നീടങ്ങോട്ട് അധികാരികളുടെ മുഖം മാറി. തമിഴ്നാട്ടിൽ നിന്നെത്തിയവർ തള്ളപ്പെട്ടവരായി. ജനസംഖ്യ കൂടുതലാണെന്നും മറ്റും പറഞ്ഞ് അവരെ നാടുകടത്തി. തേയില നുള്ളാൻ മാത്രം അറിയാവുന്ന അവർ തമിഴ്നാട്ടിലെ മലയോരങ്ങളിൽ ചേക്കേറി. ഊട്ടിയിലും കൊടൈക്കനാലിലും മറ്റുമുള്ള തേയിത്തോട്ടങ്ങളിൽ ജോലി ചെയ്തു. അവിടെയും അവർക്കു നീതി ലഭിച്ചില്ല. ആ ദുരിതങ്ങൾക്കിടയിലും പുഞ്ചിരിയോടെ കുടുംബത്തെ കാത്ത്, കുട്ടികളെ വളർത്തി വലുതാക്കിയവരുടെ കഥയും പോരാട്ടത്തിന്റെ വീര്യവുമാണ് എൻജോയ് എൻജാമിയുടെ വരികൾക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നതെന്നു ഗാനം അവതരിപ്പിക്കുന്നതിനിടെ അറിവ് പറഞ്ഞിരുന്നു. വള്ളിയമ്മ എന്ന തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകളും അനുഭവവുമാണ് ഗാനത്തിന്റെ ആധാരം. ഭൂമി മനുഷ്യരെപ്പോലെ തന്നെ ജന്തുജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ഓർമ്മപ്പെടുത്തലും പാട്ടിലുണ്ട്. 

റൗഡി ബേബി ഉൾപ്പെടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു ജീവൻ പകർന്ന ഗായിക ധീ – യുടെ ശബ്ദമാണ് എൻജോയ് എൻജാമയെ വേറിട്ടതാക്കുന്നത്. എ.ആർ.റഹ്മാന്റെ സംഗീത പ്ലാറ്റ്ഫോം മജ്ജായിൽ പുറത്തിറങ്ങിയ ഗാനം സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് നിർമ്മിച്ചിരിക്കുന്നത്. ചിൻമയ ശ്രീപദ, സിദ്ധാർത്ഥ്, പാ രഞ്ജിത്, ദുൽഖർ സൽമാൻ തുടങ്ങിയവർ ഗാനത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com