91 വയസ്സോ? ആശാ ഭോസ്‍ലെയുടെ ലൈവ് ‘തോബ തോബ’ പ്രകടനം കണ്ട് വിസ്മയിച്ച് ആരാധകർ
Mail This Article
ആസ്വാദകരെ രസിപ്പിക്കാൻ പോയ വർഷത്തെ ഹിറ്റ് ഗാനം പാടി ചുവടു വച്ച് ഇതിഹാസ ഗായിക ആശാ ഭോസ്‍ലെ. ദുബായിൽ വച്ചു നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് ആശാ ഭോസ്‍ലെയുടെ കൗതുകമുണർത്തുന്ന പ്രകടനം. കഴിഞ്ഞ വർഷം റീലുകളിൽ നിറഞ്ഞു നിന്ന ‘തോബ തോബ’ എന്ന ഗാനമാണ് ഗായിക ആരാധകർക്കായി പാടിയത്. ഗാനം വെറുതെ ആലപിക്കുക മാത്രമല്ല, അതിലെ സിഗ്നേച്ചർ സ്റ്റെപ്പുകൾ വേദിയിൽ അനുകരിക്കുകയും ചെയ്തു. 91–ാം വയസ്സിലും ആസ്വാദകരെ രസിപ്പിക്കാൻ ആശാ ഭോസ്‍ലെ കാഴ്ച വച്ച പ്രകടനത്തിന് കയ്യടിക്കുകയാണ് സമൂഹമാധ്യമലോകം.
വെളുപ്പിൽ കറുത്ത ബോർഡറുള്ള സാരിയുടുത്താണ് ഗായിക വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഗാനം ആലപിക്കുന്നതിന് ഇടയിൽ മൈക്ക് മാറ്റി വച്ച് ഗാനത്തിന്റെ ഹുക്ക് സ്റ്റെപ്പ് തന്റേതായ രീതിയിൽ ഗായിക പുനഃരാവിഷ്കരിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് സദസ് ആശാ ഭോസ്‍ലെയുടെ പ്രകടനത്തെ സ്വീകരിച്ചത്.
ബാഡ് ന്യൂസ് എന്ന ചിത്രത്തിനുവേണ്ടി കരൺ ഓജ്‍ല എഴുതി സംഗീതം നൽകി ആലപിച്ച ഗാനമാണ് ‘തോബ തോബ’. ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും ഈ ഗാനം വലിയ തരംഗം സൃഷ്ടിച്ചു. ഇപ്പോഴിതാ ഇന്ത്യൻ ചലച്ചിത്രസംഗീതലോകത്തെ ഇതിഹാസം ആശാ ഭോസ്‌ലെയും ആ ഗാനം വേദിയിൽ അവതരിപ്പിച്ചു. വലിയ സന്തോഷത്തോടെയാണ് കരൺ ആശാ ഭോസ്‍ലെയുടെ പ്രകടനത്തെ സ്വീകരിച്ചത്.
ആശാ ഭോസ്‍ലെയുടെ വിഡിയോയ്ക്കൊപ്പം വികാരഭരിതമായ കുറിപ്പും കരൺ പങ്കുവച്ചു. "ആശ ഭോസ്‌ലെ ജി, ജീവിച്ചിരിക്കുന്ന സംഗീതദേവത, തോബ തോബ ആലപിച്ചിരിക്കുന്നു. ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന, സംഗീതത്തിന്റെ ഒരു ജീവിതപശ്ചാത്തലവവുമില്ലാത്ത, സംഗീതോപകരണങ്ങളെ കുറിച്ച് ഒരറിവുമില്ലാത്ത ഒരു എളിയ കുട്ടിയാണ് ആ ഗാനം രചിച്ചത്. ആ ഗാനത്തിന് ആരാധകരില്‍നിന്നുമാത്രമല്ല സംഗീതജ്ഞരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ ഈ നിമിഷം തികച്ചും അവസ്മരണീയമാണ്. ഈ അനുഗ്രഹത്തിന് ഞാനെന്നും കടപ്പെട്ടിരിക്കും. നിങ്ങള്‍ക്കായി കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കാനും അതിലൂടെ ഒരുമിച്ച് ഇതുപോലെ മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും ഇത് എനിക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്," കരൺ കുറിച്ചു.
"എന്റെ 27 –ാമത്തെ വയസ്സിലാണ് ഞാൻ ഈ ഗാനം രചിച്ചത്. 91 –ാമത്തെ വയസ്സില്‍ എന്നേക്കാള്‍ മികച്ച രീതിയില്‍ അവര്‍ പാടിയിരിക്കുന്നു," എന്ന കുറിപ്പോടെ കരണ്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ആശാ ഭോസ്‍ലെയുടെ പ്രകടനം ആസ്വാദകരെ ഒന്നടങ്കം ആവേശഭരിതരാക്കി. ഈ പ്രായത്തിലും വേദിയിൽ ഒരു ഗാനം ആലപിക്കുമ്പോൾ കാണികളെ രസിപ്പിക്കാൻ നൃത്തച്ചുവടുകൾ വയ്ക്കാൻ കാണിച്ച ആ മനസ്സിനെ നമസ്കരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്.