തേഡ് എസി ഇക്കോണമി കോച്ച് കേരളത്തിലും

Mail This Article
കൊച്ചി∙ഇന്ത്യൻ റെയിൽവേ പുതിയതായി പുറത്തിറക്കിയ തേഡ് എസി ഇക്കോണമി കോച്ച് കേരളത്തിലും. കൊച്ചുവേളി–ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസിലാണ് ആദ്യ തേഡ് എസി ഇക്കോണമി കോച്ച് അനുവദിച്ചത്. പുതിയ കോച്ചുമായുള്ള കേരളത്തിലെ ആദ്യ സർവീസ് ഇന്നലെ ആരംഭിച്ചു. തേഡ് എസി കോച്ചുകളുടെ കോഡ് ബി എന്നാണെങ്കിൽ പുതിയ തേഡ് എസി ഇക്കോണമിയുടെ കോഡ് എം എന്നാണ്. സാധാരണ തേഡ് എസി കോച്ചുകളിൽ 72 ബെർത്തുകളാണെങ്കിൽ ഇക്കോണമിയിൽ 83 ബെർത്തുകളാണുള്ളത്.
എല്ലാ സീറ്റിനും എസി വെന്റ്, കാലു കൊണ്ടു അമർത്തി പ്രവർത്തിക്കാവുന്ന പൈപ്പുകൾ, ബയോ വാക്വം ശുചിമുറി, റീഡിങ് ലൈറ്റുകൾ, യുഎസ്ബി ചാർജിങ് പോയിന്റുകൾ എന്നിവയുണ്ട്. മുകൾ ബെർത്തിലേക്കു കയറാനുള്ള പടികളും റീഡിസൈൻ ചെയ്തിട്ടുണ്ട്. വീതി കൂടിയ വാതിലുകളും ചവിട്ടുപടികളും പുതിയ കോച്ചിന്റെ പ്രത്യേകതകളാണ്. തേഡ് എസി, സ്ലീപ്പർ നിരക്കുകൾക്കിടയിലാണു പുതിയ കോച്ചിലെ നിരക്ക്.