‘ഇന്ത്യ’യെ കുരുക്കുമോ ബംഗാളും യുപിയും?
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പൊതുസ്ഥാനാർഥികളെ നിർണയിക്കുന്ന കടമ്പയിലേക്കു പ്രതിപക്ഷകക്ഷികളുടെ ‘ഇന്ത്യ’ സഖ്യം കടക്കാനിരിക്കെ, കോൺഗ്രസിന് ഏറ്റവും പ്രതിസന്ധിയാകുക ബംഗാളും ഉത്തർപ്രദേശും. ഇതിന്റെ അലയൊലികൾ ഇരു സംസ്ഥാനത്തും ഉയർന്നുകഴിഞ്ഞു.
∙ ബംഗാൾ
ഔദാര്യം വേണ്ട, മമത മതി
തൃണമൂൽ കോൺഗ്രസിനു മേൽക്കൈയുള്ള ബംഗാളിൽ ആകെ 42 സീറ്റുണ്ട്. ഇതിൽ 2 സീറ്റ് മാത്രം കോൺഗ്രസിനു നൽകാനാണു താൽപര്യപ്പെടുന്നതെന്ന് ഹൈക്കമാൻഡിനെ തൃണമൂൽ നേതൃത്വം അറിയിച്ചുകഴിഞ്ഞു. 6–8 സീറ്റ് കോൺഗ്രസ് മോഹിക്കുമ്പോഴാണിത്. ഏതു വിട്ടുവീഴ്ചയ്ക്കും തയാറെന്നാണു ഹൈക്കമാൻഡ് പറയുന്നത്. 2019 ൽ കോൺഗ്രസ് ജയിച്ച ഈ 2 സീറ്റുകൾ നിലനിർത്താൻ ആരുടെയും പിന്തുണ വേണ്ടെന്നാണു സംസ്ഥാന നേതാക്കൾ പറയുന്നത്. ഉറപ്പായിരുന്ന 7–9 സീറ്റുകൾ 2019 ൽ സഖ്യമില്ലാതെ തൃണമൂൽ നഷ്ടപ്പെടുത്തിയതും ഓർമിപ്പിക്കുന്നു.
ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയും മമതയും എങ്ങനെ ഒത്തുപോകുമെന്നതും സഖ്യത്തിന്റെ ഭാവിയിൽ നിർണായകം. ബംഗാളിൽ തൃണമൂലുമായി സഖ്യമുണ്ടാകില്ലെന്നു പറഞ്ഞ് സിപിഎം സംസ്ഥാന നേതൃത്വവും ഉടക്കിട്ടിട്ടുണ്ട്.
∙ ഉത്തർപ്രദേശ്
സഖ്യമാണ്, പല തട്ടിൽ
യുപിയിലെ ആകെയുള്ള 80 സീറ്റിൽ 65ലും മത്സരിക്കുമെന്നാണ് ഇപ്പോഴേ സമാജ്‍വാദി പാർട്ടിയുടെ നിലപാട്. എസ്പിയുടെ വാഗ്ദാനം വേണ്ടെന്നുവച്ചു മത്സരിച്ച 2009 ൽ കോൺഗ്രസ് 21 സീറ്റ് നേടിയ ചരിത്രം ഓർമിപ്പിച്ച് എസ്പി സഖ്യം വേണ്ടെന്ന നിലപാട് പല നേതാക്കളും ഉയർത്തുന്നുണ്ടെങ്കിലും പരമാവധി വിട്ടുവീഴ്ച ഹൈക്കമാൻഡ് ആഗ്രഹിക്കുന്നു.
കോൺഗ്രസിന്റെ പുതിയ സംസ്ഥാന ഭാരവാഹികളുടെ യോഗം ദിവസങ്ങൾക്കു മുൻപ് ലക്നൗവിൽ നടന്നപ്പോൾ സഖ്യത്തെക്കുറിച്ചു ഭിന്നാഭിപ്രായം ഉടലെടുത്തിരുന്നു. 60% പുതുമുഖ ഭാരവാഹികളുമായി തിരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിൽ യുവനേതാക്കൾ എസ്പി സഖ്യത്തെ അനുകൂലിക്കുന്നു. ഇന്ത്യ സഖ്യത്തോട് അകലം പാലിക്കുന്ന ബിഎസ്പിയുമായി സഹകരിക്കണമെന്ന നിലപാടാണ് പടിഞ്ഞാറൻ യുപിയിലെ നേതാക്കൾക്ക്. സംസ്ഥാന അധ്യക്ഷൻ അജയ് റായിയും നേരത്തേ മായാവതിയോട് ആഭിമുഖ്യം കാട്ടിയ ആളാണ്. ഇത്തരം നീക്കങ്ങളോടു സഹിഷ്ണുത കാട്ടില്ലെന്ന മുന്നറിയിപ്പ് എസ്പി നൽകുന്നു. സ്ഥാനാർഥിനിർണയത്തിലേക്കു കടക്കുമ്പോൾ, ഭിന്നാഭിപ്രായം തുടർന്നാൽ സഖ്യത്തിൽ വിള്ളൽ ഉറപ്പാണ്.