വിശ്വാസം കുപ്പായം പോലെ അണിയേണ്ടതല്ല: രാഹുൽ

Mail This Article
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും തിരഞ്ഞെടുപ്പു ചടങ്ങാക്കി മാറ്റിയെന്നു രാഹുൽ ഗാന്ധി വിമർശിച്ചു. ‘പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പരിപാടിയിലേക്കു പോകാൻ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ട്. വിശ്വാസത്തെ മാനിക്കുന്നവർ അതു വ്യക്തിപരമായ കാര്യമായി സൂക്ഷിക്കും.
പബ്ലിക് റിലേഷൻ (പിആർ) ആയി കരുതുന്നവർ അതിനെ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കും. എല്ലാവരെയും ബഹുമാനിക്കണമെന്നും ആരോടും അഹങ്കാരത്തോടെ സംസാരിക്കരുതെന്നും വിദ്വേഷം പ്രചരിപ്പിക്കരുതെന്നുമാണ് എന്റെ വിശ്വാസം എന്നെ പഠിപ്പിച്ച മൂല്യങ്ങൾ. വിശ്വാസം ഷർട്ട് പോലെ ശരീരത്തിൽ അണിഞ്ഞു നടക്കേണ്ട കാര്യം എനിക്കില്ല. പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രീയമുണ്ടെന്നു ഹിന്ദു മതത്തിലെ അധികാരികൾ തന്നെ പറഞ്ഞിട്ടുണ്ട്– രാഹുൽ പറഞ്ഞു.
വിദ്വേഷമില്ലാത്ത ഇന്ത്യയാണു ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന ബദൽ. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അനീതിക്കെതിരെയാണ് ഈ യാത്ര. മണിപ്പുർ വലിയ അനീതി നേരിട്ടതിനാലാണു യാത്ര അവിടെ നിന്നാരംഭിച്ചത്. മോദി ഒരുതവണ പോലും അവിടെ എത്താത്തത് നാണക്കേടാണ്. - ഭാരത് ജോഡോ ന്യായ് യാത്രയിലെ ആദ്യ വാർത്താസമ്മേളനത്തിൽ രാഹുൽ കുറ്റപ്പെടുത്തി.