രജപുത്രർ അടിമകളെന്ന് കേന്ദ്രമന്ത്രി

Mail This Article
ന്യൂഡൽഹി ∙ രജപുത്രർ ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നുവെന്നും കുടുംബത്തിലെ സ്ത്രീകളെ ബ്രിട്ടീഷുകാർക്കു വിവാഹം ചെയ്തുകൊടുത്തുവെന്നുമുള്ള പ്രസ്താവനയിൽ കുരുങ്ങി ബിജെപിയുടെ രാജ്കോട്ട് സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പുരുഷോത്തം രൂപാല.
പ്രസ്താവന വിവാദമായതോടെ രൂപാല 4 തവണ മാപ്പു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപിക്കു മേൽ സമ്മർദമേറി. രജപുത്ര സമുദായ നേതാക്കളുമായി കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം ചർച്ച നടത്തിയെങ്കിലും രൂപാലയെ പിൻവലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ നിലപാടെടുക്കുമെന്ന് മുന്നറിയിപ്പു നൽകി.
രാജ്കോട്ടിൽ രജപുത്ര വനിതാ നേതാവ് പത്മിനിബ വാല അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്. രൂപാലയെ പിൻവലിച്ചില്ലെങ്കിൽ രജപുത്ര വനിതകൾ ബിജെപി ഓഫിസുകളിൽ ആത്മാഹുതി ചെയ്യുമെന്നും അവർ ഭീഷണി മുഴക്കി.
രാജസ്ഥാനിലും ഗുജറാത്തിലും വലിയ സ്വാധീനമുള്ള സമുദായത്തെ പിണക്കുന്നത് ബിജെപിക്ക് ചിന്തിക്കാനാവില്ല. ഈ സാഹചര്യത്തിൽ രൂപാലയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പുനഃപരിശോധന നടത്തണമെന്ന് ഗുജറാത്ത് ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ, രൂപാലയുടെ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഓഫിസർ വിലയിരുത്തിയത്.