ഭിന്നശേഷിക്കാരെ നെട്ടോട്ടം ഓടിക്കുകയാണോ? കേന്ദ്രത്തെ ശാസിച്ച് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും നിയമനം നൽകാതെ പൂർണ കാഴ്ച വൈകല്യമുള്ള ഉദ്യോഗാർഥിയെ വട്ടംചുറ്റിച്ച കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി ശാസിച്ചു. 2008–ൽ പരീക്ഷ വിജയിച്ച വിദ്യാർഥിക്കും സമാന സാഹചര്യത്തിലുള്ള മറ്റു 10 പേർക്കും നിയമനം നൽകാൻ സവിശേഷാധികാരം ഉപയോഗിച്ചു ഉത്തരവിട്ട കോടതി, ഭിന്നശേഷിക്കാർക്കുള്ള തസ്തികകൾ നികത്താതിനെയും വിമർശിച്ചു.
സിവിൽ സർവീസ് പരീക്ഷ 2008–ൽ വിജയിച്ച പങ്കജ് ശ്രീവാസ്തവയുടേതാണ് പ്രധാന കേസ്. എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും കഴിഞ്ഞ പങ്കജിന് നിയമനം ലഭിച്ചില്ല. നാളുകളായി ഒഴിഞ്ഞുകിടക്കുന്ന ഭിന്നശേഷി തസ്തികകൾ പരിഗണിക്കാത്തതാണ് തടസ്സമായതെന്ന് ചൂണ്ടിക്കാട്ടി പങ്കജ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്ന് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിജ്ഞാപന പ്രകാരമുള്ള സംവരണ സീറ്റിന്റെ മെറിറ്റ് പട്ടികയിൽ പങ്കജ് ഉൾപ്പെട്ടില്ലെന്നാണ് യുപിഎസ്‌സി വാദിച്ചത്. എന്നാൽ, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള ഒട്ടേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ഇവരെ നെട്ടോട്ടമോടിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്റെ യഥാർഥ സത്ത ഉൾക്കൊള്ളാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ജഡ്ജിമാരായ അഭയ് എസ്. ഓക്ക, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് വിമർശിച്ചു. തുടർന്നാണ് ഐആർഎസിലോ (ഐടി) മറ്റ് സമാന സർവീസുകളിലോ പങ്കജിനെയും മറ്റ് 10 പേരെയും നിയമിക്കാൻ കോടതി ഉത്തരവിട്ടത്.