ഇത് ഇന്ത്യ കാത്തിരുന്നത്; പലസ്തീനിൽ ശാശ്വതസമാധാനത്തിന് സംവിധാനം ഉണ്ടാകണം

Mail This Article
ഗാസയിൽ വീണ്ടും സമാധാനം പുലരുന്നതുകാണാൻ ഏറെ കാത്തിരുന്ന പ്രധാനരാജ്യങ്ങളിലൊന്ന് ഇന്ത്യയാകാം. ഇന്ത്യ പ്രത്യേക താൽപര്യമെടുത്തു നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു പദ്ധതിയാണോ സംഘർഷത്തിനു വഴിതെളിച്ചതെന്നുവരെ സംശയംവരെ ഉയർന്നതാണ്. മറ്റാരുമല്ല, പദ്ധതിക്കു പൂർണപിന്തുണ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ 2023 ൽ യുദ്ധം ആരംഭിച്ച് ഒരു മാസത്തിനകം അത് പറഞ്ഞു.
-
Also Read
യുദ്ധത്തിലും യുദ്ധവിരാമത്തിലും യുഎസ്
2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി20 സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ്പ് ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഇന്ത്യയും പശ്ചിമേഷ്യൻ പ്രദേശങ്ങളും യൂറോപ്പുമായി റെയിൽ മാർഗവും റോഡ് മാർഗവും സമുദ്രമാർഗവുമായി ബന്ധപ്പെടുത്തുന്ന ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം ചരിത്രപരമായ ഒന്നായാണ് അന്നു വേദിയിൽ ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഏതാനും ആഴ്ചകൾക്കകം യുദ്ധമുണ്ടായത് പദ്ധതിക്കു തുരങ്കം വയ്ക്കാനാണെന്നു ന്യായമായും സംശയിക്കാമെന്നു ബൈഡൻ പറയുകയും ചെയ്തു. ഏതായാലും സമാധാനം പുലരുന്നതോടെ ഇടനാഴി പദ്ധതി മുന്നോട്ടു പോകുമെന്നു കരുതാവുന്നതാണ്.
മധ്യപൗരസ്ത്യദേശത്തെ പരമ്പരാഗത വൈരികളായ പല രാജ്യങ്ങളും ഒന്നിച്ചുവരുന്ന പദ്ധതിയാണതെന്നതിനാൽ ശക്തമായ എതിർപ്പും കണക്കാക്കിയിരുന്നതാണ്. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ അടുത്ത സഹകരണം ഉണ്ടെങ്കിലേ വാണിജ്യ ഇടനാഴി യാഥാർഥ്യമാകൂ.
രണ്ടാം ലോകയുദ്ധത്തിനു മുൻപു മധ്യേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചിരുന്ന റോഡ്–റെയിൽ–കപ്പൽ പാതകൾ പുതുക്കിയെടുക്കുന്നതിനോടൊപ്പം അറേബ്യൻ മരുഭൂമികളിലൂടെ പുതിയ പാതകൾ നിർമിച്ച് ദക്ഷിണേഷ്യയും പശ്ചിമേഷ്യയും യൂറോപ്പും വടക്കൻ ആഫ്രിക്കയും തമ്മിൽ ബന്ധിപ്പിക്കുന്ന വാണിജ്യ–വാർത്താവിനിമയ ഇടനാഴിയാണ് ലക്ഷ്യം. ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിക്ക് ബദലായും പലരും ഇതിനെ കാണുന്നു.
ഏതായാലും ഗാസ യുദ്ധത്തോടെ ഒരു കാര്യം ലോകത്തിനു ബോധ്യമായി. പലസ്തീൻ പ്രശ്നം മിക്ക പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും മുൻഗണനാപട്ടികയിൽ പിന്നിലേക്ക് പോയിട്ടുണ്ടാവാം. എന്നാൽ, അതിനെ പൂർണമായി മറന്നുകൊണ്ടോ മാറ്റിനിർത്തിക്കൊണ്ടോ ഒരു പദ്ധതിയും നടപ്പാക്കാനാവില്ല. പലസ്തീൻ പ്രശ്നത്തിൽ സുന്നി അറബ് രാജ്യങ്ങൾ താൽപര്യക്കുറവു കാട്ടിത്തുടങ്ങിയപ്പോഴാണ് ഹമാസ് കടന്നാക്രമണത്തിനു മുതിർന്നതെന്നാണു ശ്രദ്ധേയമായ മറ്റൊന്ന്. അതേസമയം, ഗാസയിൽ ഭരണനിർവഹണം നടത്തിയിരുന്ന ഹമാസിനെ ഷിയാ രാജ്യമായ ഇറാൻ നേരിട്ടു സഹായിക്കാനെത്തി. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും യെമനിലെ ഹൂതികളും പലസ്തീനെ സജീവമായി പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ ആത്യന്തികമായി പലസ്തീൻ വിഷയത്തിൽ ഷിയാ–സുന്നി വ്യത്യാസമില്ലെന്നും വ്യക്തമായി.
ഹിസ്ബുല്ല ദുർബലമാകുകയും സിറിയയിൽ അസദ് ഭരണകൂടം നിലംപൊത്തുകയും ചെയ്തതോടെ മധ്യപൂർവദേശത്ത് ഇറാൻ ഒറ്റപ്പെട്ടതായി തോന്നാം. ഹമാസ്–ഇസ്രയേൽ വെടിനിർത്തൽ സ്ഥിരം സമാധാനസംവിധാനത്തിലേക്കു പോകുന്നില്ലെങ്കിൽ അറബ് രാജ്യങ്ങൾ തന്നെയോ ഇറാനോ മറ്റേതെങ്കിലും ശക്തിയോ പലസ്തീൻകാർക്കുവേണ്ടി രംഗത്തിറങ്ങാം.
മധ്യപൂർവദേശത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളുമായും പൊതുവെ നല്ല ബന്ധം നിലനിർത്തുകയും യുഎസ് സഖ്യകക്ഷിയെങ്കിലും ആഗോള രാഷ്ട്രീയബലാബലങ്ങളിൽ നിഷ്പക്ഷത പാലിക്കുകയും ചെയ്യുന്ന ഖത്തറിനും പരമ്പരാഗതമായി ചേരിചേരായ്മ നിലനിർത്തിപ്പോരുന്ന ഇന്ത്യയ്ക്കും ഇതൊരു അവസരമാകാം. ഇസ്രയേലുമായി അടുത്ത സൈനികബന്ധങ്ങൾവരെ സ്ഥാപിച്ചിട്ടും പലസ്തീനുമായി ഊഷ്മള ബന്ധം നിലനിർത്തുകയാണ് ഇന്ത്യ. അതുപോലെ തന്നെ ഇസ്രയേൽ–യുഎസ് ശത്രുപക്ഷമായ ഇറാനുമായും.