കർഷകസമരം: ധല്ലേവാൾ യഥാർഥ നേതാവെന്ന് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ മരണംവരെ നിരാഹാര സമരം നടത്തിയിരുന്ന ജഗ്ജീത് സിങ് ധല്ലേവാൾ രാഷ്ട്രീയ അജൻഡകളില്ലാത്ത യഥാർഥ നേതാവാണെന്നു സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ 26നാണ് ധല്ലേവാൾ നിരാഹാരം തുടങ്ങിയത്. ധല്ലേവാൾ സമരം അവസാനിപ്പിച്ചെന്ന് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ ഗുർമീത് സിങ് അറിയിച്ചപ്പോഴാണ് അദ്ദേഹം യഥാർഥ നേതാവാണെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചത്.
ശംഭു, ഖന്നൗരി അതിർത്തികളിൽ സമരം ചെയ്തിരുന്ന കർഷകരെ ഒഴിപ്പിച്ചെന്നും ദേശീയ പാതകൾ തുറന്നെന്നും പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. കർഷകരുടെ വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയോട് ഇടക്കാല റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. സമരസ്ഥലങ്ങളിൽ നിന്ന് കർഷകരെ ഒഴിപ്പിച്ചതിനെതിരെ നൽകിയ ഹർജി തള്ളി. ഈ സ്ഥലങ്ങളിലെ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ പഞ്ചാബ്, ഹരിയാന സർക്കാരുകളോടും നിർദേശിച്ചു. പഞ്ചാബ് പൊലീസ് 19ന് അറസ്റ്റ് ചെയ്ത കർഷകനേതാക്കളായ സർവാൻ സിങ് പാന്ധേർ, അഭിമന്യു കൊഹാർ, കാക്ക സിങ് കോത്ര എന്നിവരെ ഇന്നലെ മോചിപ്പിച്ചു.