ആശയങ്ങളെ അദ്ഭുതങ്ങളാക്കി യുവ മാസ്റ്റർമൈൻഡ് ഇന്നും നാളെയും

Mail This Article
കൊച്ചി ∙ ആശയങ്ങൾ അദ്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങളായി കൺമുന്നിലെത്തുന്ന മലയാള മനോരമ യുവ– ഐബിഎസ് മാസ്റ്റർമൈൻഡ് പത്താം എഡിഷന് ഇന്നു തുടക്കം. പ്രളയത്തിൽ വീടു മുങ്ങിപ്പോകാതെ സംരക്ഷിക്കുന്ന സംവിധാനം മുതൽ അഗ്നിരക്ഷാസേനയെ സഹായിക്കുന്ന റോബട്ടും സ്വയം വൃത്തിയാക്കുന്ന കിണറും ഉൾപ്പെടെ സ്കൂൾ– കോളജ് – പൊതുവിഭാഗങ്ങളിലായി 61 ശാസ്ത്ര–സാങ്കേതിക പ്രോജക്ടുകളാണു ഫിനാലെയിൽ മത്സരിക്കുന്നത്. പ്രദർശനം ഇന്നു രാവിലെ 10 മുതൽ 6 വരെ കൊച്ചി കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ. പ്രവേശനം സൗജന്യം.
വിഎസ്എസ്‌സി ഡയറക്ടർ എസ്. സോമനാഥാണു നാളെ ഫിനാലെയിൽ മുഖ്യാതിഥി. ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാൻ 2 ഉൾപ്പെടെ ഭ്രമണപഥത്തിലെത്തിച്ച ജിഎസ്‌എൽവി മാർക്ക് 3 റോക്കറ്റ് നിർമാണത്തിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു ഇദ്ദേഹം. ഐഎസ്ആർഒയ്ക്കു വിക്ഷേപണ വാഹനങ്ങളൊരുക്കുന്നതിലെ സുപ്രധാന ബുദ്ധികേന്ദ്രമായ ഇദ്ദേഹം മാസ്റ്റർമൈൻഡ് മത്സരാർഥികളുമായി സംവാദം നടത്തും.
സ്കൂൾ– കോളജ് –പൊതുവിഭാഗത്തെ ഉൾപ്പെടുത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്രമേളയായ യുവ മാസ്റ്റർമൈൻഡിന്റെ പ്രായോജകർ ഐടി രംഗത്തെ പ്രമുഖരായ ഐബിഎസ് ആണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങാണു സാങ്കേതിക സഹകരണം. പുരസ്കാരത്തുകയും പ്രോജക്ട് ധനസഹായവും ഉൾപ്പെടെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു മത്സരാർഥികൾക്കു നൽകുന്നത്.
നാളെയെത്തും ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ ശിൽപി
എയ്റോസ്പേസ് എൻജിനീയറിങ്ങിലും റോക്കറ്റ് സയൻസിലും ഇന്ന് ഇന്ത്യയുടെ മുൻനിര ശാസ്ത്രജ്ഞൻ. 2018 മുതൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ. 1985ൽ വിഎസ്എസ്‌സിയിൽ ചേർന്നു. അടുത്തിടെ കേന്ദ്ര സെക്രട്ടറി പദവിക്കു തുല്യമായ അപെക്സ് സ്കെയിലിലേക്ക് കേന്ദ്രസർക്കാർ സ്ഥാനക്കയറ്റം നൽകി. ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ വിരമിക്കുന്ന ഒഴിവിൽ നിയമിക്കപ്പെടാൻ ഏറ്റവും സാധ്യത കൽപിക്കുന്നതും സോമനാഥിനാണ്. ഐഎസ്ആർഒയ്ക്ക് വിക്ഷേപണ വാഹനങ്ങളൊരുക്കുന്നതിലെ സുപ്രധാന ബുദ്ധികേന്ദ്രമാണ് ഈ ആലപ്പുഴ സ്വദേശി.
ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാൻ 2 ഉൾപ്പെടെ ഭ്രമണപഥത്തിലെത്തിച്ച ജിഎസ്‌എൽവി മാർക്ക് 3 റോക്കറ്റ് നിർമാണത്തിന്റെ പ്രോജക്ട് ഡയറക്ടർ. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിതവും ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റതുമായ റോക്കറ്റാണ് മാർക്ക് 3. ഇതുൾപ്പെടെ ഐഎസ്ആർഒയുടെ ഒട്ടേറെ വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയതും സോമനാഥിന്റെ നേതൃത്വത്തിൽ. ഐഎസ്ആർഒയുടെ കീഴിൽ വലിയമലയിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ബഹിരാകാശരംഗത്തു പ്രവർത്തിക്കുന്ന നൂറിലേറെ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വൈസ് പ്രസിഡന്റാണ്.
English Summary: Yuva Mastermind