കാസർകോട്ട് ബസ് മറിഞ്ഞ് 7 മരണം
![bus bus](https://img-mm.manoramaonline.com/content/dam/mm/mo/news/kerala/images/2021/1/4/bus.jpg?w=1120&h=583)
Mail This Article
രാജപുരം (കാസർകോട്) ∙ കർണാടകയിൽ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് പാണത്തൂർ പരിയാരത്തു നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി യാത്രക്കാരായ 7 പേർ മരിച്ചു. അൻപതോളം പേർക്കു പരുക്കേറ്റു. വളവും ഇറക്കവുമുള്ള സ്ഥലത്താണ് ബസ് മറിഞ്ഞത്. കർണാടകയിലെ പുത്തൂരിനു സമീപം ബൽനാടിൽ നിന്നു കർണാടകയിലെ തന്നെ ചെത്തുകയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വധുവിന്റെയും വരന്റെയും വീട് കർണാടകയിലാണെങ്കിലും കേരളത്തിലൂടെ 18 കിലോമീറ്റർ സഞ്ചരിക്കണം. ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം.
ഈശ്വരമംഗലം അർധമൂലയിലെ നാരായണ നായ്കിന്റെ മകൻ ശ്രേയസ് (13), സുള്ള്യയിലെ ശേഷമ്മ (39), രവിചന്ദ്ര (40), ബൽനാടിലെ രാജേഷ് (45), പുത്തൂരിലെ സുമതി (50), ആദർശ് (14), ബണ്ട്വാളിലെ ശശിധര പൂജാരി (43) എന്നിവരാണു മരിച്ചത്. ഇതിൽ ആദർശ്, ശശിധര പൂജാരി എന്നിവർ ആശുപത്രിയിലാണ് മരിച്ചത്. മറ്റുള്ളവർ സംഭവ സ്ഥലത്തും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാണത്തൂർ - സുള്ള്യ പാതയിൽ പരിയാരം കമ്യൂണിറ്റി ഹാളിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. വലിയ വളവും ഇറക്കവുമുള്ള റോഡാണ്. ബസ് ആദ്യം സമീപത്തെ കമ്യൂണിറ്റി ഹാളിൽ ഇടിക്കുകയും പിന്നീട് തൊട്ടടുത്ത മരത്തിൽ ഉരസിയ ശേഷം പത്തടിയോളം താഴ്ചയിലുള്ള വീടിന്റെ അടുക്കള ഭാഗത്തേക്ക് പാഞ്ഞുകയറുകയുമായിരുന്നു. വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. ഗതാഗത മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് കാഞ്ഞങ്ങാട് സബ്കലക്ടർ ഡി.ആർ.മേഘശ്രീക്ക് അന്വേഷണ ചുമതല നൽകി. ബസിൽ മൊത്തം 72 പേർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
Content Highlights: Bus accident 7 killed in Kasaragod