ADVERTISEMENT

തിരുവനന്തപുരം ∙ കരമന കാലടി ഉമാമന്ദിരത്തിൽ (കൂടത്തിൽ തറവാട്) ജയമാധവൻ നായരുടെ (63) മരണം കൊലപാതകമാണെന്നു കണ്ടെത്തൽ. കേസിൽ വഴിത്തിരിവായ ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. കാര്യസ്ഥൻ രവീന്ദ്രൻ നായരെ വീണ്ടും ചോദ്യം ചെയ്യും.

2017 ഏപ്രിൽ 2 നാണ് ജയമാധവൻ നായർ മരിച്ചത്. കാടു പിടിച്ച വിശാലമായ വളപ്പിനുള്ളിലെ പഴയ കെട്ടിടത്തിൽ കുടുംബത്തിലെ അവസാനത്തെ കണ്ണിയായ ജയമാധവൻ നായർ ഏകനായി കഴിയുകയായിരുന്നു. കട്ടിളപ്പടിയിൽ തട്ടി വീണു പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെന്നും തുടർന്നു മരണം സംഭവിച്ചെന്നുമാണു കാര്യസ്ഥൻ മൊഴി നൽകിയത്.

jayamadhavannair
ജയമാധവൻ നായർ

എന്നാൽ, മൊഴികളിൽ പലതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആശുപത്രിയിൽ കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവർ സുമേഷ്, കള്ളമൊഴി നൽകാൻ രവീന്ദ്രൻ നായർ പ്രേരിപ്പിച്ചതാണെന്നു പിന്നീടു പൊലീസിനോടു സമ്മതിച്ചു.

രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി. ഇതു ഫൊറൻസിക് പരിശോധനയ്ക്കു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച ഫൊറൻസിക് റിപ്പോർട്ട് കൊലപാതകം സ്ഥിരീകരിച്ചതോടെയാണു കൊലക്കുറ്റം ചുമത്തിയത്. ജയമാധവൻ നായർ മരിച്ച അന്നുതന്നെ അസ്വാഭാവിക മരണത്തിനു കരമന പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. 

എന്നാൽ, ഇദ്ദേഹത്തിന്റെ 100 കോടിയോളം വില മതിക്കുന്ന സ്വത്തുക്കൾ മരണശേഷം കാര്യസ്ഥൻ രവീന്ദ്രൻ നായരും അകന്ന ചില ബന്ധുക്കളും ചേർന്നു പങ്കിട്ടെടുത്തതോടെ ദുരൂഹത വർധിച്ചു. തുടർന്നു കുടുംബാംഗങ്ങളിൽ ഒരാൾ പരാതിപ്പെടുകയും ഒരു പൊതുപ്രവർത്തകൻ മുഖ്യമന്ത്രിക്കു പരാതി അയയ്ക്കുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ദുരൂഹ സാഹചര്യത്തിൽ മരിച്ചത് 7 പേർ

ഒരു കുടുംബത്തിലെ 7 പേരാണ് ഉമാമന്ദിരം എന്ന വീട്ടിൽ 25 വർഷത്തിനിടെ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. ജയമാധവൻ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. സ്വത്തു തട്ടിപ്പു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പുരോഗമിച്ചില്ല.

കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ രണ്ടു ജ്യേഷ്ഠൻമാരുടെ മക്കളായ ഉണ്ണിക്കൃഷ്ണൻ നായർ, ജയമാധവൻ നായർ എന്നിവരാണ് 1991–2017 കാലയളവിൽ മരിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com