രാജ്കുമാർ കസ്റ്റഡിമരണം: 5 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ഉത്തരവിട്ടെന്നു സർക്കാർ
Mail This Article
തിരുവനന്തപുരം∙ ഇടുക്കി നെടുങ്കണ്ടം കോലാഹലമേട് സ്വദേശി രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ 5 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചുവിടാനും പ്രോസിക്യൂട്ട് ചെയ്യാനും ഉത്തരവിട്ടതായി സർക്കാർ നിയമസഭയെ അറിയിച്ചു. കസ്റ്റഡിമരണത്തിനു കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311(2) പ്രകാരം പിരിച്ചുവിടാൻ ഫെബ്രുവരിയിൽത്തന്നെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇതു സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തിയ ജസ്റ്റിസ് (റിട്ട) കെ.നാരായണക്കുറുപ്പ് കമ്മിഷൻ റിപ്പോർട്ട് ഇന്നലെ സഭയിൽ വച്ചു. അതിലെ ശുപാർശകളിൽ സർക്കാർ സ്വീകരിച്ച നടപടി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ സർവീസിൽ നിന്നു പിരിച്ചുവിടാൻ സംസ്ഥാന പൊലീസ് മേധാവിക്കാണു സർക്കാർ നിർദേശം നൽകിയത്. എസ്ഐ കെ.എ.സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, കോൺസ്റ്റബിൾ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജയിംസ് എന്നിവരെ പിരിച്ചുവിടാനാണ് ഉത്തരവ്.
വനിതാ കോൺസ്റ്റബിൾമാരായ ഗീതു ഗോപിനാഥ്, ടി. അമ്പിളി, രജനി, അഞ്ജു എന്നിവർക്കും കോൺസ്റ്റബിൾ സന്തോഷിനുമെതിരെ പിഴ ചുമത്തി വകുപ്പുതല നടപടിയെടുക്കാനും ഫെബ്രുവരി 17ന്റെ ഉത്തരവിൽ ആഭ്യന്തര വകുപ്പ് നിർദേശിച്ചു. രാജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും വിസമ്മതിച്ച 3 ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തി ആരോഗ്യ വകുപ്പ് നടപടിയെടുക്കണം. ഇതിനു പുറമേ രാജ്കുമാറിന്റെ ഭാര്യ വിജയ (10 ലക്ഷം), അമ്മ കസ്തൂരി (5), മകൻ ജോഷിമോൻ (5), കേസിലെ സാക്ഷികളും രാജ്കുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരുമായ ശാലിനി(15), മഞ്ജു (10) എന്നിവർക്കായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ ഉത്തരവിട്ടതായി നടപടി റിപ്പോർട്ടിൽ വ്യക്തമാക്കി.
നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് സാമ്പത്തികത്തട്ടിപ്പു കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ 2019 ജൂൺ 21നാണു പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. സമാനതകളില്ലാത്ത കസ്റ്റഡി പീഡനമാണ് അരങ്ങേറിയതെന്നു കമ്മിഷൻ കണ്ടെത്തിയിരുന്നു. സംഭവത്തെത്തുടർന്നു നെടുങ്കണ്ടം സ്റ്റേഷനിലെ 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു.
English Summary: Nedumkandam Custody Death: Action Against Culprits